കേരളത്തില്‍ ഈ മാസം 20 വരെ ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പൊതുഗതാഗതം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തല്‍ക്കാലം തുടരും.കൊറോണ ബാധ സംബന്ധിച്ച്‌ ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ മാറ്റമുണ്ടാകും.ഐ.സി.എം.ആര്‍ പ്രഖ്യാപിച്ചത് ഏഴു ജില്ലകളായിരുന്നു.


ഇതില്‍ നിന്ന് തിരുവനന്തപുരവും എറണാകുളവും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള പരിശോധനയില്‍ ഒഴിവാകും. രോഗവ്യാപന തോത് അനുസരിച്ച്‌ സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിച്ചു.രോഗ വ്യാപനം കൂടുതലുള്ള ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. 


കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ നാലു ജില്ലകളാണ് റെഡ് സോണിലുള്ളത്. ഈ നാലു ജില്ലകള്‍ മാത്രമായിരിക്കും ഹോട് സ്‌പോട്ട്. ഈ ജില്ലകളില്‍ 20 ന് ശേഷവും കടുത്ത നിയന്ത്രണം തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്നതാണ്. ഗ്രീന്‍ സോണിലാണ് തിരുവനന്തപുരം, ആലപ്പുഴ, വയനാട്, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകള്‍.

ജില്ലകളെ തരംതിരിച്ച സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കണമെന്ന് ഐ.സി.എം.ആറിനോട് ആവശ്യപ്പെടും. തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിവാഹാഘോഷങ്ങള്‍, ബാര്‍, ബിവറേജ് എന്നിങ്ങനെ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മൂന്നു വരെ തുടരാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്