കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി 650 പേര്‍ കൂടി ഇന്നലെ വീടുകളിലെ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 3274 ആയി. 19,399 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുന്നത്.26 പേര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. 6 പേരെ ആശുപത്രികളില്‍ നിന്ന് ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

 
ജില്ലയില്‍ ഇന്നലെ പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ 25 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 442 സ്രവ സാംപിളുകള്‍ അയച്ചതില്‍ 408 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 393 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ആകെ ലഭിച്ച 12 പോസിറ്റീവ് കേസുകളില്‍ അഞ്ച് പേരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഏഴ് പേര്‍ ചികിത്സ തുടരുന്നു. ഇതുകൂടാതെ പോസിറ്റീവായ മൂന്ന് ഇതര ജില്ലക്കാരില്‍ രണ്ട് പേരും ചികിത്സ തുടരുന്നുണ്ട്. 
34 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. 

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ആരോഗ്യപ്രവര്‍ത്തകരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി സംസ്ഥാന തലത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍  നടത്തിയ വീഡിയോ മ്യൂസിക്ക് പരിപാടിയില്‍ ജില്ലാതല ടീം അംഗങ്ങള്‍, കണ്‍ട്രോള്‍ സെല്‍ അംഗങ്ങള്‍, ജില്ലയിലെ  വിവിധ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. 

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 42 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. കൂടാതെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 1680 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി.
ഇന്നലെ  ജില്ലയില്‍ 4501 സന്നദ്ധസേന പ്രവര്‍ത്തകര്‍ 9099 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവരുന്നു. വാട്‌സ്ആപ്പിലൂടേയും എന്‍.എച്ച്.എം, മാസ് മീഡിയ വിംഗ് ഫേസ്ബുക്ക് പേജിലൂടേയും കൊറോണ ബോധവല്‍ക്കരണസന്ദേശങ്ങള്‍   പ്രചരിപ്പിച്ചു.