Trending

നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവരും - മുഖ്യമന്ത്രി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നപക്ഷം സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സർക്കാർ നിയന്ത്രണങ്ങൾക്ക് ചിലർ ഒരു വിലയും കൽപ്പിക്കുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. അവരോട് ഒരിക്കൽകൂടി സർക്കാർ അഭ്യർഥിക്കുന്നു. സർക്കാർ നിർദേശം പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും.


കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളം. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യനെന്ന ഒറ്റച്ചിന്തയില്‍ ഒരുമയോടെയാണ് നാം മുന്നേറുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും പ്രാര്‍ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ഥന വിവിധ സാമുദായിക നേതാക്കള്‍ ഒരു മടിയുമില്ലാതെയാണ് സ്വീകരിച്ചത്. 

സമൂഹത്തെ മഹാമാരിയില്‍നിന്ന് രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മതനേതാക്കളും ആരാധാനാലയങ്ങളുടെ ചുമതലക്കാരും പങ്കാളികളായി. സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പരിപാടികളിലും ജാഗ്രതാ നിര്‍ദേശങ്ങളിലും ഇപ്പോഴുള്ള സമീപനം ക്രിയാത്മകമാണ്.സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ ഫലം ഉണ്ടാക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സംരക്ഷിക്കാന്‍ ഒരു വിഭാഗം ഉറക്കമിളച്ചിരിക്കുന്നു. എല്ലാവരും ചേര്‍ന്ന് ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുന്നു. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കൂടി വേണ്ടിയാണ് ഈ സംവിധാനം. നാടിന്‍റെ നന്മയ്ക്കായി സര്‍ക്കാരിനു നിലപാട് കടുപ്പിക്കേണ്ടി വരും. പൊലീസ് സേനയിലെ എല്ലാ എസ്പിമാരെയും നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി.

ആരാധനാലയങ്ങള്‍ ആയാലും ഇനി നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങള്‍ സമൂഹത്തിന്റെ ആകെയുള്ള രക്ഷയെ കരുതിയുള്ളതാണെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ടം ഒഴിവാക്കാൻ ഇനി നിരോധനാജ്ഞ:പൊതുഭരണവകുപ്പിന്റെ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ അവകാശമുണ്ടെന്ന് പൊതുഭരണവകുപ്പ്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നറിയിച്ചുള്ള ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. 

അവശ്യവസ്തുക്കളുടെ പൂഴ്ത്തിവെയ്പിൽ കർശനനടപടി എടുക്കണം. എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബെഡ്, വെന്റിലേറ്റർ, കൊവിഡ് ചികിത്സ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്നും പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം, കൊവിഡ് നിയന്ത്രണ നിർദ്ദേശം ലംഘിച്ചതിന് വയനാട് കമ്പളക്കാട് സൂപ്പർമാർക്കറ്റിനെതിരെ കേസെടുത്തു. സൂപ്പർമാർക്കറ്റിൽ വലിയ ആൾത്തിരക്കായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം നിയന്ത്രിക്കാൻ കടയുടമ തയ്യാറാകാഞ്ഞതിനെത്തുടർന്നാണ് നടപടി. 

കോഴിക്കോട് നാദാപുരത്ത് 200ലധികം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്തിയ സംഭവത്തിലും കേസെടുത്തിട്ടുണ്ട്. കാസർകോട് രോഗം സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിക്ക് എതിരെയും ഇന്ന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനെത്തുടർന്നാണ് കേസ് എടുത്തത്. 

പാലക്കാട്ട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി സഞ്ചരിച്ച അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. വടക്കഞ്ചേരിയിൽ മറ്റൊരാൾക്ക് രോഗമുണ്ടെന്ന് സന്ദേശം പ്രചരിപ്പിച്ചയാൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 
Previous Post Next Post
3/TECH/col-right