ന്യൂഡല്‍ഹി: കോവിഡ്-19 എന്ന മഹാമാരിയില്‍ ലോകത്താകെ മരണം 5000 കടന്നു. വെള്ളിയാഴ്ച ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ മരണം 5043 ആയി.


 വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇതുവരെ മരണം 3,176 ആയി. ഇറ്റലിയില്‍ മരണം 1016 കടന്നു, ഇറാനില്‍ 514 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.  ഈ മൂന്നു രാജ്യങ്ങളിലാണ ഏറ്റവും കൂടുതല്‍ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. 121 രാജ്യങ്ങളിലേക്ക് പടര്‍ന്ന കോവിഡ്-19 വൈറസ് ബാധിച്ചവരുടെ എണ്ണം 134,300 ആയി. അതേസമയം ഇന്ത്യയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയി.


കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ കണക്കുപ്രകാരമാണ് വൈറസ് ബാധിതരുടെ എണ്ണം വ്യക്തമാക്കിയിരിക്കുന്നത്. 81 വൈറസ് ബാധിതരില്‍ 64 പേര്‍ ഇന്ത്യക്കാരും 17 പേര്‍ വിദേശികളുമാണ്. ഇതില്‍ 16 പേര്‍ ഇറ്റാലിയന്‍ സ്വദേശികളാണ്. ഒരാള്‍ കാനഡ സ്വദേശിയാണ്. ഇന്ത്യ ഇതുവരെ 1031 പേരെ രാജ്യല്‍ത്ത് നിന്ന് ഒഴിപ്പിച്ചു. മാലിദ്വീപ്, യുഎസ്, മഡഗാസ്‌കര്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് രാജ്യത്ത് നിന്ന് ഒഴിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ചെക്ക്‌പോസ്റ്റുകള്‍ അടയ്ക്കും. രാജ്യാന്തര അതിര്‍ത്തിയിലെ 18 ചെക്ക്‌പോസ്റ്റുകള്‍ ശനിയാഴ്ച അടയ്ക്കും. അതിനിടെ സുപ്രീംകോടതിയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ അത്യാവശ്യ കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീംകോടതിയിലെ എല്ലാ കോടതികളും ഇനി പ്രവര്‍ത്തിക്കില്ല