Trending

തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം, മാളുകളും ബീച്ചുകളും അടച്ചു

മൂന്ന് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം . ജില്ലയിലെ എല്ലാ മാളുകളും ബീച്ചുകളും ജിം, സ്പാ മസാജ് പാര്‍ലറുകളും അടക്കും. സംസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കാനും തീരുമാനമായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലകളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്നു.





മൂന്ന് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചത്. ഇറ്റാലിയന്‍ പൌരന് രോഗം സ്ഥിരീകരിച്ച വര്‍ക്കലയിലും കടുത്ത നിയന്ത്രണമാണുള്ളത്. കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രണ്ട് രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

കോവിഡ് 19 പശ്ചാത്തലത്തില്‍ ഉത്സവങ്ങള്‍ ചടങ്ങായി മാത്രം നടത്തുന്ന സമീപനം പൊതുവേ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂരില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ രോഗം സ്ഥീരികരിച്ച യുവാവിന്‍റെ നില തൃപ്തികരമാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ടൂറിസം മേഖലയിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വയനാട് ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കര്‍ണാടക-കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ കാസര്‍കോട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

കോഴിക്കോട് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മറ്റ് ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
Previous Post Next Post
3/TECH/col-right