Trending

കൊറോണപേടിയില്‍ നടുവൊടിഞ്ഞ് നഗരം; കെ.എസ്.ആര്‍.ടി.സിയുടെ വരുമാനവും കുത്തനെ കുറഞ്ഞു

പക്ഷിപ്പനിയും അതി ജാഗ്രതാ നിർദേശത്തിലേക്കെത്തുമ്പോൾ ആളിറങ്ങാത്ത നഗരത്തിൽ വാഹനങ്ങളും കടകളുമെല്ലാം നോക്കു കുത്തികളായി.
നിപ കാലത്തിന് ശേഷം ഇതാദ്യമായാണ് എല്ലാ മേഖലയേയും പിടിച്ച് കുലുക്കിക്കൊണ്ട് കൊറോണ ഭീതി കൂടുതൽ ശക്തമാവുന്നത്. 
അത്യാവശ്യമുണ്ടെങ്കിൽ മാത്രമാണ് പലരും നഗരത്തിലേക്കിറങ്ങുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമെല്ലാം രാവിലെ മുതൽക്കുതന്നെ തിരക്കിലാവുന്ന മിഠായി തെരുവും പാളയവുമെല്ലാം ആളൊഴിഞ്ഞ നിലയിലാണ്. ഇത് കച്ചവട സ്ഥാപനങ്ങളെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. യാത്രക്കാരെമാത്രം പ്രതീക്ഷിച്ച് പ്രവർത്തിക്കുന്ന മൊഫ്യൂസിൽ സ്റ്റാൻഡിലെ കടകളിലെല്ലാം കച്ചവടമില്ലാതായി, ഇതോടെ സാധനങ്ങൾ വാങ്ങിവെക്കുന്നത് വരെ പകുതിയോളമാക്കിയെന്നും കടക്കാർ പറയുന്നു.
വിദേശങ്ങളിൽ നിന്ന് വന്നവരടക്കം പൊതുഗതാഗതം പോലുള്ളവ ഉപയോഗിക്കുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം വന്നതോടെ കെ.എസ്.ആർ.ടി.സിയുടെ വരുമാനമടക്കം കൂപ്പുകുത്തിയിരിക്കുകയാണ്. 

ദിവസേന 13 ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്ന കെ.എസ്.ആർ.ടി.സി കോഴിക്കോട് സെക്ടറിന് ഇന്നലെ ലഭിച്ചത് ഒമ്പത് ലക്ഷം രൂപമാത്രമാണ്. ദീർഘ ദൂര സർവീസുകളിൽ അടക്കം വലിയ തോതിൽ റീഫണ്ടുകൾ വരുന്നുവെന്നും എയർപോർട്ടിലേക്കും ബെംഗളൂരുവിലേക്കുമുള്ള ബസ്സുകൾ ഒട്ടും ആളില്ലാത്ത അവസ്ഥയിലുമായെന്ന് കെ.എസ്.ആർ.ടി.സി കോഴിക്കോട് മേധാവി ജോഷി ജോൺ പറഞ്ഞു.
 റീഫണ്ടുകൾ വർധിക്കുന്നത് കൊണ്ടു തന്നെ വരുമാനം ദിവസേന വലിയ രീതിയിൽ കുറഞ്ഞുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ കുറഞ്ഞതോടെ സർവീസുകൾ പ്രത്യേകം ക്രമീകരിച്ചുകൊണ്ടാണ് യാത്ര നടത്തുന്നത്. 80 ഷെഡ്യൂളുകളുള്ള കോഴിക്കോട് സെക്ടറിൽ യാത്രക്കാർ കുറഞ്ഞതോടെ 65 ഷെഡ്യൂളുകളാക്കി കുറച്ചാണ് കഴിഞ്ഞ ദിവസത്തിൽ സർവീസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

കെ.എസ്.ആർ.ടിസി ബസ്സുകൾക്ക് പുറമെ സ്വകാര്യ ബസ്സുകളും ആളുകളില്ലാതെ താൽക്കാലികമായെങ്കിലും ഓട്ടം നിർത്തേണ്ട അവസ്ഥയിലാണ്. പൊതുവേ നഷ്ടത്തിലോടുന്ന സ്വാകാര്യ ബസ് സർവീസുകൾക്ക് ഇരുട്ടടിയായിരിക്കുകയാണ് കൊറോണ ജാഗ്രത. സ്കൂളുകൾക്കടക്കം അവധി പ്രഖ്യാപിച്ചതും ജനങ്ങൾ യാത്രകൾ വലിയ രീതിയിൽ കുറച്ചതും സ്വകാര്യ ബസ്സുകളിൽ ആളില്ലാതാവാൻ കാരണമായി. 

റെയിൽവേ സ്റ്റേഷനിലടക്കം എത്തുന്നവരുടെ പകുതിയോളം കുറഞ്ഞതോടെ സിറ്റി ബസ്സുകൾക്കും തിരിച്ചടിയായി. സാധാരണ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രാക്കാരേയും മെഡിക്കൽ കോളേജിലേക്കുള്ള യാത്രക്കാരേയുമാണ് സിറ്റി ബസ്സുകൾ ഏറെ ആശ്രയിക്കുന്നത്. കൊറോണ ഭീതി വന്നതോടെ ഇവിടേക്കൊന്നും യാത്രക്കാർ എത്താത്ത അവസ്ഥയിലാണെന്ന് ബസ് തൊഴിലാളികൾ പറയുന്നു. 

ഇതിനൊപ്പം പക്ഷിപ്പനിയുടെ ജാഗ്രതകൂടി കോഴിക്കോടിനെ വലയ്ക്കുന്നുണ്ട്. പക്ഷിപ്പനി പടരുന്നതിനാൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നഗര പരിധിയിൽ നിരോധനമേർപ്പെടുത്തിയതും അതിനൊപ്പം കൊറോണ ഭീതിയെത്തിയതും കോഴികർഷകരെ വലച്ചു. ഹോട്ടലുകളെല്ലാം കോഴി വിഭവങ്ങൾ പൂർണമായും ഒഴിവാക്കി. അടച്ചിട്ട കോഴിക്കടകൾ ഇതുവരെ തുറക്കാനായിട്ടുമില്ല. ഇതോടെ ജോലിയില്ലാതായ അന്യ സംസ്ഥാന തൊഴിലാളികളടക്കം നാട്ടിലേക്ക് പോയി. 

പക്ഷിപ്പനി ഭീതി പടർന്നതോടെ നഗരത്തിന് പുറത്തെ കോഴിക്കടകളും കോഴി വാങ്ങാനാളില്ലാതെ അടച്ചിട്ട നിലയിലാണ്. നഗരത്തിൽ സജീവമായിരുന്ന ഓട്ടോറിക്ഷകൾക്കും കൊറോണ ഭീതിയോടെ ഓട്ടം ലഭിക്കാത്ത അവസ്ഥയിലാണ്. 



Previous Post Next Post
3/TECH/col-right