Trending

ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു:പൊതുപരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: രാജ്യത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 31 ആയി. ദില്ലി ഉത്തം നഗര്‍ സ്വദേശിയായ ആള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ നേരത്തെ തായ്‍ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 




അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത് എത്തി. വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിപാടികൾ സംഘടിപ്പിക്കേണ്ടി വന്നാൽ മതിയായ മുൻകരുതൽ എടുക്കാൻ സംസ്ഥാന സർക്കാരുകള്‍ സംഘാടകർക്ക് നിർദേശം നല്‍കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

അതേസമയം കൊവിഡ് 19 വൈറസ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് കനത്ത ആഘാതം ഏല്‍പിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ രാജ്യത്തിന്‍റെ സ്ഥിതി അതീവഗുരുതരമാണെന്ന് അഭിപ്രായപ്പെട്ട മന്‍മോഹന്‍ സിംഗ് പ്രതിസന്ധിയെ നേരിടാന്‍ മൂന്ന് നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. 

കൊവിഡ് 19 വൈറസ് ബാധ നേരിടാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുക, നിര്‍ണായക ഘട്ടത്തില്‍ രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ് അതിനാല്‍ പൗരത്വ നിയമം പിന്‍വലിക്കുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യുക, സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാന്‍ ധനഉത്തേജക പാക്കേജ് നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മന്‍മോഹന്‍സിംഗ് മുന്നോട്ട് വച്ചിരിക്കുന്നത്. ദില്ലി കലാപം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് മുൻ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്.

കൊറോണ വൈറസ്: മാതാ അമൃതാനന്ദമയീ ഭക്തർക്ക് ദർശനം നൽകുന്നത് അവസാനിപ്പിച്ചു.

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയീ ഭക്തർക്ക് ദർശനം നൽകുന്നത് അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ നിർദശത്തെ തുടർന്നാണ് ദർശനം താൽക്കാലികമായി നിറുത്തുന്നതെന്ന് വള്ളിക്കാവ് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. വിദേശികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിവസേന അമൃതാനന്ദമയിയെ ദർശിക്കാൻ ആശ്രമത്തിലെത്തുന്നത്. 


ലോകവ്യാപകമായി കൊറോണ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻകരുതൽ. ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദർശനം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു.
Previous Post Next Post
3/TECH/col-right