Trending

രാജ്യം പോകുന്നത് വലിയ തളര്‍ച്ചയിലേക്കോ?

ദില്ലി: ഓരോ മഴക്കാലവും പെയ്ത് തോരുന്നത് കാത്തിരിക്കുന്ന കർഷകന്റെ നെഞ്ചിടിപ്പിന് ഇടിമുഴക്കത്തെക്കാൾ ശബ്ദമുണ്ടാകും. മഴയുടെ അളവ് കൂടിയാലും കുറഞ്ഞാലും കാത്തിരിക്കുന്നത് കഷ്ടപ്പാടും കടക്കെണിയുമാണ്. കാര്‍ഷിക ഉല്‍പാദനം വര്‍ധിച്ചാല്‍ പോലും പലപ്പോഴും രാജ്യത്തെ കർഷകർക്ക് അർഹിക്കുന്ന വിലയോ ലാഭമോ ലഭിക്കാറുമില്ല.

കർഷകരുടെ കണ്ണീരിലാണ് രാജ്യത്തിന്റെ വിശപ്പൊടുങ്ങുന്നത്. ഓരോ മണിക്കൂറിലും ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരുടെ എണ്ണം ഇന്ത്യയിൽ കൂടിവരുന്നതല്ലാതെ കുറയുന്നില്ല. രാജ്യതലസ്ഥാനത്തേക്ക് വിണ്ടുകീറിയ പാദവുമായ് അവർ നടന്നെത്തിയതും മരിച്ചവരുടെ അസ്ഥികളുമായി മാസങ്ങളോളം സമരം ചെയ്തതുമൊക്കെ ജീവിതം വീണ്ടെടുക്കാനാണ്. 

മൺസൂൺ മഴ കൂടുതൽ  പെയ്തപ്പോൾ രാജ്യത്ത് സന്തോഷിച്ചവർ നിരവധിയാണ്. എന്നാൽ, പെയ്തിറങ്ങിയത് മഴ മാത്രമല്ല രാജ്യത്തെ കർഷകന്റെ കണ്ണീരുകൂടിയാണ്. തങ്ങളുടെ ദുരിതത്തിന്റെയും നഷ്ടത്തിന്റെയും കണക്ക് അവർ ആരോടാണ് പറയേണ്ടത് ?

രാജ്യത്തുണ്ടായ അതിശക്തമായ മഴ കർഷകർക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലുണ്ടായ മഴയെ തുടർന്ന് രാജ്യത്തെ കർഷകർക്ക് വേനൽക്കാലത്ത് ലഭിക്കേണ്ട വിളകളിൽ വലിയ നഷ്ടം ഉണ്ടാകുമെന്നാണ് വിവരം.

സോയബീൻ, പഞ്ഞി, നെല്ല്, പച്ചക്കറി കർഷകർക്കാണ് കനത്ത മഴ തിരിച്ചടിയായത്. രാജ്യത്ത് ഏറ്റവും കൂടുതൽ സോയബീൻ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നല്ലൊരു വിഭാഗം കർഷകർക്കും കനത്ത മഴയെ തുടർന്ന് ഇക്കുറി വിളവെടുക്കാൻ സാധിച്ചില്ല. ശീതകാല വിളവെടുപ്പും വൈകും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായ ഘട്ടത്തിലാണ് ഗ്രാമീണ കാർഷിക മേഖലയിൽ ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. 

ഇതോടെ ഗ്രാമീണ കാർഷിക രംഗത്തിന്റെ വളർച്ചാ നിരക്കും മന്ദഗതിയിലാകുമെന്ന ഭീതിയാണ് ഉയർന്നിരിക്കുന്നത്.
പത്ത് ദശലക്ഷം ടൺ സോയബീൻ വിളവെടുക്കാമെന്നായിരുന്നു പ്രതീക്ഷിച്ചത്. 2018 ൽ 10.3 ദശലക്ഷമായിരുന്നു വിളവെടുപ്പ്. കനത്ത മഴ ഈ പ്രതീക്ഷ പാടേ തകിടംമറിച്ചു. രാജ്യത്തെ സോയബീൻ കൃഷിയുടെ 85 ശതമാനവും ഉൽപ്പാദിപ്പിക്കുന്ന മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വൻ തിരിച്ചടി ഉണ്ടായതോടെ വിളവെടുപ്പ് ഒൻപത് ദശലക്ഷം ടൺ പോലുമെത്തില്ല എന്നാണ് നിഗമനം. ഇതോടെ പ്രാദേശിക വിപണിയിൽ മൂന്നര വർഷത്തെ ഏറ്റവും ഉയർന്ന വിലയാണ് സോയബീനിന്.

വൈകിയെത്തിയ മഴയിൽ മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും പഞ്ഞിക്കുരുക്കൾ ചീഞ്ഞുപൊട്ടി. ഇതോടെ പഞ്ഞി ഉൽപ്പാദനത്തിന്റെ പകുതിയോളം കൈയ്യാളുന്ന ഈ രണ്ട് സംസ്ഥാനങ്ങളിലും വൻതോതിൽ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. 2018 നെ അപേക്ഷിച്ച് 20 ശതമാനം ഉൽപ്പാദന വർധനവ് പ്രതീക്ഷിച്ച സ്ഥാനത്ത് 10-12 ശതമാനമെങ്കിലും ലഭിച്ചാൽ മതിയെന്നാണ് കർഷകർ പറയുന്നത്.

ഒഡീഷയിലും പശ്ചിമ ബംഗാളിലും ബുൾബുൾ ചുഴലിക്കാറ്റ് വൻ നാശം വിതച്ചു. നെൽകൃഷി നശിച്ചതോടെ കർഷകർക്ക് വൻ ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. പാടങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ കരിമ്പിന്റെ വിളവെടുപ്പും മുടങ്ങി. ഇത് പഞ്ചസാര ഉൽപ്പാദനത്തെ സാരമായി ബാധിക്കും.പച്ചക്കറി വിപണിയിൽ നേരിട്ട തകർച്ചയ്ക്ക് പുറമെ, ഉള്ളിക്കും തക്കാളിക്കും വില കുതിച്ചുകയറി.

 ഭക്ഷ്യ വിലക്കയറ്റത്തിന്റെ തോത് 7.89 ശതമാനമായി ഉയർന്നിരിക്കുകയാണ്. ഈ വിളയിനങ്ങളുടെ വിളവെടുപ്പ് വൈകുന്നത് ഗോതമ്പ്, കടല, പച്ചക്കറികളുടെ ശീതകാല വിളവെടുപ്പിനെയും ബാധിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനത്തില്‍ ഇടിവുണ്ടാകുമെന്ന സൂചനകള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുകയാണ്, വരും നാളുകളില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉള്‍പ്പടെ വീണ്ടും താഴേക്ക് ഇടിഞ്ഞേക്കും.  
ദില്ലി: ഓരോ മഴക്കാലവും പെയ്ത് തോരുന്നത് കാത്തിരിക്കുന്ന കർഷകന്റെ നെഞ്ചിടിപ്പിന് ഇടിമുഴക്കത്തെക്കാൾ ശ...

Read more at: https://www.asianetnews.com/money/economy/heavy-rainfall-in-india-may-affect-agri-production-2019-20-q14hj8
ദില്ലി: ഓരോ മഴക്കാലവും പെയ്ത് തോരുന്നത് കാത്തിരിക്കുന്ന കർഷകന്റെ നെഞ്ചിടിപ്പിന് ഇടിമുഴക്കത്തെക്കാൾ ശ...

Read more at: https://www.asianetnews.com/money/economy/heavy-rainfall-in-india-may-affect-agri-production-2019-20-q14hj8
Previous Post Next Post
3/TECH/col-right