കൊടുവള്ളി: ഒക്ടോബർ 11,12 തിയ്യതികളിലായി കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന കൊടുവള്ളി ഉപജില്ലാ കലാമേളയിൽ എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻമാരായി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിന് ഇരട്ടക്കിരീടം.യു.പി വിഭാഗത്തിൽ എളേറ്റിൽ ജി.എം.യു.പി സ്കൂളിനൊപ്പം സംയുക്തമായാണ് കിരീടം നേടിയത്.
 


എൽ.പി വിഭാഗത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡോട് കൂടി 65 പോയിൻറ് നേടിയും യു.പി വിഭാഗത്തിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡോട് കൂടി 80 പോയിൻറും നേടിയാണ് സ്കൂൾ ഈ അഭിമാന നേട്ടം കൈവരിച്ചത്. കൂടാതെ ഇരുഭാഗങ്ങളിലും ഏറ്റവും കൂടുതൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും വിദ്യാലയത്തിന് സാധിച്ചു.
 

സംസ്കൃതോത്സവത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും സ്കൂൾ കരസ്ഥമാക്കി.സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഷക്കീല ടീച്ചറിൽ നിന്നും വിദ്യാർത്ഥികളും സ്കൂൾ അധികാരികളും ഓവറോൾ ട്രോഫി ഏറ്റുവാങ്ങി. 

ഈ വർഷം നേരത്തെ നടന്ന സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ശാസ്ത്രോത്സവത്തിൽ ഓവറോൾ റണ്ണർ അപ്പും നേടാനും സ്കൂളിന് സാധിച്ചിരുന്നു. 

വിജയികളെ സ്കൂൾ മാനേജ്മെൻറ്,പി.ടി.എ, സ്റ്റാഫ് കൗൺസിലും ചേർന്ന് അനുമോദിച്ചു .