ഈ വര്‍ഷത്തെ നബിദിനാഘോഷം പരിസ്ഥിതി സൗഹൃദവും ഹരിത ചട്ട പ്രകാരവുമാക്കുന്നതുമായി ബന്ധപ്പെട്ട്  ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ   ജില്ലയിലെ വിവിധ മതസംഘടനാ നേതാക്കളുടെ യോഗം ചേർന്നു. 
പ്ലാസ്റ്റിക്, ഡിസ്‌പോസബിള്‍ സാമഗ്രികളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ഖത്തീബുമാര്‍ വെള്ളിയാഴ്ച പള്ളികളില്‍ ഉദ്‌ബോധനം നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്തവരോട് അഭ്യർത്ഥിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിലും മറ്റും ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേൻമ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്താനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും ഇത്തരം പരിപാടികളില്‍ നല്‍കുന്നില്ലെന്നു സംഘാടകര്‍ ഉറപ്പുവരുത്തണം. ഘോഷയാത്രക്കു സ്വീകരണം നല്‍കുന്ന കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ശുചീകരണം സംഘാടകര്‍ സ്വയം ഏറ്റെടുക്കുന്നതിനും അറിയിപ്പ് നൽകിയിട്ടുണ്ട്.

ആഘോഷ വേളയില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുമല്ലോ :

💥 ഭക്ഷണ സാധന വിതരണം : പാനീയങ്ങള്‍, ചായ ഉള്‍പ്പെടെ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക്, തെര്‍മോകോള്‍, പേപ്പര്‍, അലൂമിനിയം ഫോയില്‍  ഗ്ലാസുകള്‍, പ്ലേറ്റുകള്‍ എന്നിവക്ക് പകരം സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുക.

💥 ഐസ്‌ക്രീം, സലാഡ് വിതരണത്തിന് പ്ലാസ്റ്റിക് കപ്പുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കുക. പരമാവധി സ്റ്റീല്‍ കപ്പുകള്‍ ഉപയോഗിക്കുക.

💥 തോരണങ്ങള്‍, നോട്ടീസുകള്‍, ബാനറുകള്‍ എന്നിവക്ക് ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ഉല്‍പങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പേപ്പറിലോ തുണിയിലോ നിര്‍മ്മിച്ചവ ഉപയോഗിക്കുക.

💥 മഹല്ല് തലത്തിലെ മുഴുവന്‍ കുടുംബങ്ങളെയും സംഘടനകളെയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെയും പ്ലാസ്റ്റിക് കത്തിക്കല്‍ മൂലമുള്ള ആരോഗ്യ ഭവിഷ്യത്തിനെക്കുറിച്ചും ഇമാമിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരിക്കുക.

💥 പാരിതോഷികങ്ങള്‍ നല്‍കുമ്പോള്‍ പ്ലാസ്റ്റിക് പാക്കിംഗുകള്‍ ഒഴിവാക്കുക.

💥 വീടുകളിലേക്ക് ഭക്ഷണം വിതരണം ചെയ്യുുണ്ടെങ്കില്‍ ഇതിനായി പാത്രങ്ങള്‍ കൊണ്ടുവരുതിന് വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുക.

💥 പള്ളികള്‍/മദ്രസകള്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന എല്ലാ വിധ ഭക്ഷണ വിതരണത്തിനുള്ള ഉപയോഗത്തിന് ആവശ്യമായ സ്റ്റീല്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ അതാത് സ്ഥാപനങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തുക.

💥 ജൈവ മാലിന്യ സംസ്‌കരണത്തിന് കമ്പോസ്റ്റ് കുഴികളോ ബയോഗ്യാസ് പ്ലാന്റുകളോ ഉപയോഗിക്കുക.

💥 അജൈവ പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് റീസൈക്കിള്‍ ഏജന്‍സികള്‍ക്ക് നല്‍കുക.