മടവൂർ: ഓണ സമ്മാനവുമായി സഹപാഠിക്ക് വീടൊരുക്കി മടവൂർ എ യു പി സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ശ്യാംജിത്തിന് വീടെന്ന സ്വപ്നം ഇതിലൂടെ പൂവണിയുകയാണ്.


കഴിഞ്ഞവർഷം അധ്യാപകർ നടത്തിയ ഗൃഹസന്ദർശന വേളയിലാണ് ശ്യാംജിത്തിന് സ്വന്തമായ വീടില്ലെന്ന സത്യം മനസ്സിലാക്കാൻ കഴിഞ്ഞത്.തുടർന്ന് മറ്റു കുട്ടികളും രക്ഷിതാക്കളും സഹായിക്കാൻ ഒരുങ്ങുകയായിരുന്നു. 2018 സെപ്തംബർ ഏഴിനാണ് സ്കൂൾ ഈ ദൗത്യം ഏറ്റെടുത്തത് .


ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും. അമ്മയും ശ്യാംജിത്തും മാത്രമുള്ള കുടുംബത്തിന് സ്വന്തമായൊരു വീട് എന്നത് വിദൂര സ്വപ്നം മാത്രമായിരുന്നു. ഇവർ ഇതുവരെ ബന്ധു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. 

എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ വീടാണ് കൊച്ചു കൂട്ടുകാർ ഒരുക്കിയത്. വീടിനോടൊപ്പം വീട്ടുപകരണങ്ങൾ സമ്മാനമായി ലഭിക്കുന്ന സന്തോഷത്തിലാണ് അമ്മയും മകനും.

 സ്കൂളിന്റെ ഈ വർഷത്തെ തനത് പ്രവർത്തനമാണ് സമ്പൂർണ്ണ ഹോം ലൈബ്രറി.

 
 ഇതിന്റെ നൂറ്റി ഒന്നാമത്തെ ഹോം ലൈബ്രറിയുടെ ഉദ്ഘാടനവും ഇതിനോടൊപ്പം ശ്യാംജിത്തിന്റെ വീട്ടിൽ നടക്കുന്നു. ലൈബ്രറിക്ക് ആവശ്യമായ ഷെൽഫും  പുസ്തകങ്ങളും സ്കൂൾ ആണ് നൽകുന്നത്.സെപ്തംബർ ഏഴാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് ശ്യാംജിത്തിന്റെ  വീട്ടിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ താക്കോൽ ദാനം നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബി പി ഒ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും മറ്റു സാമൂഹ്യ രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുന്നു