നിലമ്പൂരിലെ കവളപ്പാറ യെന്ന ദുരന്ത ഭൂമിയിൽ ഈ മനുഷ്യനെ അറിയാത്ത ഒരു പോലീസുകാരനോ രക്ഷാപ്രവർത്തകരോ  സുരക്ഷാ ഉദ്യോഗസ്ഥരോ മരണപ്പെട്ടവരുടെ ഉറ്റവരോ നാട്ടുകാരോ ഇല്ല.കവളപ്പാറയിൽ  ദുരന്തം നടന്നതിന്റെ പിറ്റേന്ന് മുതൽ ഏകദേശം 20 കിലോമീറ്റർ അടുത്തുള്ള നാരോക്കാവ് എന്ന ഗ്രാമത്തിൽ നിന്ന്  എത്തിയ ഇദ്ദേഹവും ഒരു കൂട്ടം യുവാക്കളും പകൽ മുഴുവൻ ചിലവഴിക്കുന്നത് ഉരുൾപൊട്ടി മണ്ണിനടിയിൽ പെട്ട്  ജീവൻ പൊലിഞ്ഞ മൃതദേഹങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന വാഹനങ്ങൾക്കരികിലാണ്.
 


നാംമനുഷ്യർകാണാൻഎന്തുഭംഗിയുള്ളവരാണ്ആചന്തംജീവിച്ചിരിക്കുമ്പോൾമാത്രം.  മരണപ്പെട്ടു ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കൊണ്ട് തന്നെ വീർത്ത് ചീർത്ത് ഒരു നോക്കുകണ്ടാൽ  പേടി തോന്നും വിധമാവും  നമ്മുടെ ശരീരം,   ദുർഗന്ധം കൊണ്ട് മറ്റുള്ളവർ അടുക്കില്ല.
ദുരന്ത ഭൂമിയിലൂടെ ചീറിപ്പായുന്ന ആംബുലൻസു കൾക്ക്  വരെ ആ ഗന്ധമാണ്.

ചിലത് ജീർണ്ണിച്ച നിലയിൽ, ചിലതിൽ വസ്ത്രങ്ങളില്ല,

എന്നാൽ ഫൈസൽ എന്ന ഈ മനുഷ്യനെ നിങ്ങൾ അറിയണം.
തന്റെ കൂടപ്പിറപ്പോ കുടുംബ മോ ഒന്നും തന്നെ അവിടത്തെ മണ്ണിനടിയിൽ കുടുങ്ങിയിട്ടില്ല. എന്നാൽ ഒരു അറപ്പോ മടിയോ കൂടാതെ ഇദ്ദേഹം മൃതദേഹങ്ങൾ കൈകളിൽ വാരിയെടുക്കുന്നു.


മണ്ണ് മാന്തുന്നതിനിടയിൽ  ബോഡിയുടെ ഒരു ഭാഗം പുറത്തു കണ്ടാൽ പിന്നെ ഹിറ്റാച്ചി ഡ്രൈവർ അതിന്റെ കൈ ഇളക്കില്ല. ഒരു കേടും കൂടാതെ പൂർണ്ണശരീരം കിട്ടണമെങ്കിൽ ഒരാൾ ഇറങ്ങി ചെന്ന് മെല്ലെ ബോഡിയുടെ കുടുങ്ങി കിടക്കുന്ന ഭാഗത്തെ മണ്ണ് കൈ കൊണ്ട് നീക്കം ചെയ്തു മെല്ലെ മെല്ലെ എടുക്കണം. 

ബോഡി കണ്ടാൽ ആദ്യം ചാടിയിറങ്ങി ആ ജീർണിച്ച മൃതദേഹം ഒരു പോറൽ പോലുമേൽക്കാതെ സ്വന്തം കൈ കൊണ്ട് മണ്ണ് നീക്കി പതിയെ സ്‌ട്രെച്ചറിലേക്ക് വക്കുന്നത് ഈ മനുഷ്യനാണ്. കൂടെ സഹായത്തിന് രക്ഷാ പ്രവർത്തകർ ഉണ്ടെങ്കിലും
ഈ മനുഷ്യന്റെ ആത്മാർത്ഥമായ പ്രവർത്തി അഭിനന്ദിക്കാതെ വയ്യ.

നാരോക്കാവിലെ ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തോടൊപ്പം ഈ എട്ടാം ദിവസവും ദുരന്തമുഖത്തുണ്ട്.

ഇത് വരെ കിട്ടിയ 30 ഓളം ബോഡികളിൽ കൂടുതലും കാക്കുവിന്റെ കൈ സ്പർശിക്കാതെ ആംബുലൻസിൽ എത്തിയിട്ടുണ്ടാവില്ല.

എല്ലാവര്ക്കും പ്രവേശനം ഇല്ലാത്ത കവളപ്പാറ ദുരന്ധം നടന്ന സ്ഥലത്തേക്ക് നാരോക്കാവിൽ നിന്ന് ഒരു പിക്കപ്പ് ജീപ്പിന്  പ്രവേശനാനുമതിയുണ്ട്.

ഫൈസലിനെ കാണുമ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥർ തടയുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ പേരും നമ്പറുമെല്ലാം മീഡിയകൾ അടക്കം  ശേഖരിച്ചിട്ടുണ്ട്.

എന്നാൽ ഒരു പ്രശസ്തിയോ  അറിയപ്പെടാനുള്ള ആഗ്രഹമോ ഇല്ലാത്ത അദ്ദേഹം മാധ്യമ പ്രവർത്തകരുമായി ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കുന്നില്ല.

താമസിക്കാൻ സർക്കാർ പാസ്സാക്കിയ ഒരു പണി തീരാത്ത വീട് മാത്രമാണ് സ്വത്ത്. കൂലിപ്പണിക്കാരനായ ഫൈസൽ ഒരാഴ്ചയായി ദുരന്തഭൂമിയിൽ ഒരു സംഘടനയുടെയോ, മതത്തിന്റെയോ ടീ ഷർട്ടോ യൂണിഫോമോ ഇല്ലാതെ ഒരു തോർത്തും തലയിൽ കെട്ടി  മരണമടഞ്ഞവരുടെ ശരീരം ഒരു പോറലുമേൽക്കാതെ ഉറ്റവർക്ക് കൈമാറാൻ ഉള്ള തിരക്കിലാണ്.