രണ്ടാംവട്ടവും കർക്കിടകത്തില്‍ പാഞ്ഞെത്തിയ മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളും പേറിയാണ് ഈ ചിങ്ങം പിറക്കുന്നത്. സംസ്ഥാനം വരള്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന് തോന്നിപ്പിച്ചിടത്താണ്, എല്ലാം തകർത്തെറിഞ്ഞുകൊണ്ട് വീണ്ടും മഴക്കെടുതിയെത്തിയത്. ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകളുണങ്ങും മുമ്പേത്തിയ രണ്ടാം പ്രഹരം.


എന്നാലും മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. മഴക്കോളു മാറി മാനം തെളിയുന്നതിന്‍റെ തുടക്കം. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്‍റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്‍റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. 

ഒപ്പം എന്തുവിലകൊടുത്തും ലോലമായ നമ്മുടെ പരിസ്ഥിതിയെയും പശ്ചിമഘട്ട മലനിരകളെയും സംരക്ഷിക്കാനുള്ള സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്‍റേതും. ഇനിയൊരു പ്രളയം കൂടിയുണ്ടായാല്‍ താങ്ങാനുള്ള ശേഷിയുണ്ടാകില്ലെന്ന തിരിച്ചറിവിന്‍റെയും തുടക്കം ഇവിടെ നിന്നാകട്ടെ. 

ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. ഈ ദിവസം അവരെ ആദരിക്കാൻ കൂടി വേണ്ടിയുള്ളതാണ്.