Trending

കവളപ്പാറയില്‍ വന്‍ ദുരന്തം: ഉരുൾപൊട്ടി മുപ്പത് വീട് മണ്ണിനടിയിൽ, അമ്പതോളം പേരെ കാണാനില്ല

മലപ്പുറം: മലപ്പുറത്തെ കവളപ്പാറയിൽ ഉരുൾപൊട്ടി ഉണ്ടായത് വൻ ദുരന്തം. പ്രദേശത്ത് ഉണ്ടായിരുന്ന എഴുതോളം വീടുകളിൽ  മുപ്പതെണ്ണവും ഉരുൾപ്പൊട്ടലിൽ മണ്ണിനടിയിലായ അവസ്ഥയിലാണ്. അമ്പതോളം പേരെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധുവീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ ഇവരെ കണ്ടെത്താൻ ആയിട്ടുമില്ല. 


ഉരുൾപ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി എട്ടുമണിയേടുകൂടിയാണ് പ്രദേശത്ത് വൻഉരുൾപൊട്ടൽ ഉണ്ടായത്. ബോട്ടക്കല്ല് പാലത്തിലൂടെയുള്ള ​ഗതാ​ഗതം തടസ്സപ്പെട്ടതിനാൽ കവളപ്പാറയിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. 

വൈദ്യുതി ടെലിഫോൺ ബന്ധങ്ങൾ പാടെ ഇല്ലാതായി. അതുകൊണ്ടുതന്നെ ദുരന്തമേഖലയിലെ യഥാര്‍ത്ഥ ചിത്രം ഇതുവരെ പുറത്ത് അറിഞ്ഞിരുന്നില്ല. രക്ഷിക്കണമെന്ന സന്ദേശം കേട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം മണിക്കൂറുകൾ പരിശ്രമിച്ച് കവളപ്പാറയിലെത്തുന്നത്. 

കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതാണ്. ഒരു പ്രദേശമാകെ ഒലിച്ചു പോയ അവസ്ഥയിലാണ്. വീടുകൾ നിന്നിടത്ത് അതിന്‍റെ ചെറിയ അടയാളം പോലും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 

പ്രദേശത്തെ ആദിവാസി കോളനികളിലും ഉരുൾപൊട്ടൽ സാരമായി ബാധിച്ചു. ആകെ അഞ്ച് വീടുകളാണ് കോളനിയിൽ ഉള്ളത്. രാവിലെ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷിച്ച നാല് കുട്ടികൾ ഒരുകുട്ടി ഇന്ന് രാവിലെ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. 


ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സുസജ്ജം; സൈന്യം അടക്കം രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി

ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സുസജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈന്യം ഉൾപ്പെടെ രംഗത്തുണ്ട്. വ്യോമഗതാഗതം അടക്കം പരിഹരിച്ച് വരുന്നു. ഡാമുകളുടെയും നദികളുടെയും ജലനിരപ്പുയരുന്നത് നിരീക്ഷിക്കുന്നു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മഴക്കെടുതിയെ കുറിച്ച് സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ ഉന്നതതല യോഗത്തിൽ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനം നേരിടുന്ന മഴക്കെടുതി നേരിടാനാണ് സൈന്യത്തെയടക്കം രംഗത്തിറക്കിയത്. കൂടുതൽ സേനയുടെ ആവശ്യമുണ്ടെങ്കിൽ സജ്ജമാണ്. എന്‍.ഡി.ആര്‍.എഫ് സേനയുടെ എണ്ണം വർധിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രക്ഷാപ്രവർത്തനത്തിന് വേണ്ട ഉപകരണങ്ങളുടെ ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ പ്രളയ സമയത്തെ പ്രശ്നം ഇപ്പോഴില്ലെങ്കിലും ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജനം പരിഭ്രാന്തരാവേണ്ടതില്ല.

കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ വിമാനമിറക്കാൻ തീരുമാനിച്ചു. കൊച്ചി വ്യോമസേനയുടെ വിമാനത്താവളവും പ്രവർത്തന സജ്ജമാക്കും. വിമാനത്താവളങ്ങളിലടക്കം കുടുങ്ങുന്നവരെ സഹായിക്കാൻ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ജനങ്ങൾ ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് മേപ്പാടിയുണ്ടായത് വലിയ ദുരന്തമാണ്. മേപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും. പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോര മേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. 

വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളെ കഴിഞ്ഞ് മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് ശേഷം വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ പോലെ തീവ്രമായ പ്രളയ സ്ഥിതിയില്ല. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതല നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയും പെരിങ്ങല്‍ക്കൂത്തുമാണ് ഇപ്പോള്‍ തുറന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള വന്‍കിട ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. ബാണാസുര സാഗര്‍ തുറക്കേണ്ടി വന്നേക്കാം. തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര് ഉണ്ട്. വയനാടാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്പിലുണ്ട്. നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.

കനത്ത മഴ തുടരുമോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലെ മഴ സാധ്യത ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുകയാണ്. അപ്രതീക്ഷിതമായി എത്തിയ മഴ ജനജീവിതത്തെയാകെ ബാധിച്ചു. ഇതുവരെ മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചെന്നും ഇന്നലെ 24 ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി എന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. 

വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലുമാണ് മഴ കൂടുതല്‍ നാശം വിതക്കുന്നത്. സംസ്ഥാനത്ത് ഇതുവരേയും 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. മലയോരമേഖലകളില്‍ ഇനിയും ഇത് തുടരാനുള്ള സാഹചര്യമാണുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ്  പെട്ടന്നുണ്ടായ മഴയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. 

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ലക്ഷദ്വീപിലും കേരളത്തിലും അടുത്ത അഞ്ചു ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ.

നിലമ്പൂര്‍ ഭൂദാനം ഉരുള്‍പ്പൊട്ടല്‍: അമ്പതിനും നൂറിനും ഇടയില്‍ ആളുകളെ കാണാതായി; പി.വി അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയില്‍  ഉണ്ടായ  ഉരുള്‍ പൊട്ടലില്‍ 50 നും 100 നും ഇടയില്‍ ആളുകളെ കാണാതായതായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. മലയുടെ താഴ്വാര പ്രദേശമായ ഒരു ഗ്രാമം ഒന്നായി ഒലിച്ചുപോയെന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്നും അന്‍വര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തില്‍ പ്രതികരണം നടത്തിയത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഏറെ ദു:ഖകരമായ ഒരു വാര്‍ത്തയാണ് അറിയിക്കുവാനുള്ളത്.പോത്തുകല്ല് പഞ്ചായത്തില്‍ പെട്ട കവളപ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍,30-ഓളം വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്.ഏകദേശം അന്‍പതിനും നൂറിനുമിടയില്‍ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളില്‍ നിന്ന് ലഭ്യമായ വിവരം.മലയുടെ താഴ്വരയായ ഒരു പ്രദേശം ഒന്നാകെ ഉരുള്‍പൊട്ടലില്‍ പെട്ട് ഒലിച്ച് പോയി മണ്ണില്‍ അമരുകയാണുണ്ടായത്.

ദുരന്തപ്രദേശത്ത് നിന്ന് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.തിരച്ചില്‍ ഏറെ ദുഷ്‌ക്കരമാണ്.സൈന്യത്തിന്റെ സേവനം ഉണ്ടെങ്കില്‍ മാത്രമേ മണ്ണിനിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില്‍,അവരെ രക്ഷിക്കാനാകൂ.പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്.സിഗ്‌നല്‍ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്.

രാവിലെ മുതല്‍ തന്നെ,ഞാനുള്‍പ്പെടെ കവളപ്പാറയില്‍ ക്യാമ്പ് ചെയ്ത് സാധ്യമായ തരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ തീരുമാനപ്രകാരം പാലക്കാട് നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ കവളപ്പാറയില്‍ എത്തും.കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.കവളപ്പാറയിലെ ജനങ്ങള്‍ക്കൊപ്പം ഈ നാട് ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു..

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ പ്രദേശത്ത് മല ഇടിച്ചില്‍ ഉണ്ട്. രാത്രിയും ഇത് തുടര്‍ന്നു. ഇന്ന് നേരം പുലര്‍ന്നതിനു ശേഷം മാത്രമാണ് സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് എത്താന്‍ സാധിച്ചത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യമാണ് നിലവില്‍ ഉള്ളത്.

മേപ്പാടി പുത്തുമലയില്‍ ഏഴു മൃതദേഹം കിട്ടി; രക്ഷാപ്രവര്‍ത്തനം ശക്തമാക്കി


മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ പെട്ട മൂന്നുപേരെ രക്ഷിച്ചു. നിരവധി പേരെ കാണാതായതായി സംശയമുണ്ട്. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങള്‍ എന്നിവ പൂര്‍ണമായും മണ്ണിനടിയിലാണ്.

സൈന്യവും ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. സേനയില്‍ നിന്ന് 49 പേരും ദുരന്ത നിവാരണ സേനയിലെ 20 പേരും പൊലിസും റവന്യു അധികാരികളും സ്ഥലത്തുണ്ട്. അപകടസ്ഥലത്തുനിന്നു പുറത്തേക്കുള്ള റോഡ് നന്നാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 411 പേരെ ക്യാമ്പിലെത്തിച്ചു. 


ഉച്ചക്ക് 12ന് കലക്ടറേറ്റില്‍ അവലോകന യോഗം തുടങ്ങി. മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ ശശിന്ദ്രന്‍ പങ്കെടുക്കുന്നു. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Previous Post Next Post
3/TECH/col-right