ഡൽഹി: മുൻ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് (67) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു.

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സുഷമ സ്വരാജ്, ഒന്നാം മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. ഏഴ് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സുഷമ സ്വരാജ് മത്സരിച്ചിരുന്നില്ല. നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുശോചനമറിയിച്ച് രംഗത്തെത്തി.

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 

പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് അനുസ്മരിച്ച മുഖ്യമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായും അറിയിച്ചു.