കൊടുവള്ളി: കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റിനെതിരെ കെ എസ് യുവിന്റെ പ്രതിഷേധ മാര്‍ച്ച്. കൊടുവള്ളി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റും ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജറുമായ പി കെ സുലൈമാന്‍ മാസ്റ്റര്‍ക്കെതിരെ കെ എസ് യു കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. 

കഴിഞ്ഞ ദിവസം കെ എസ് യു സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പു മുടക്ക് സമരത്തിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു സ്‌കൂളില്‍ എത്തിയ പ്രവര്‍ത്തകരെ സ്‌കൂള്‍ മാനേജര്‍ കൂടി ആയ പി കെ സുലൈമാന്‍ മാസ്റ്റര്‍ അസഭ്യം പറഞ്ഞുവെന്നും അവഹേളിച്ചുവെന്നും ആരോപിച്ചാണ് കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റി ചക്കാലക്കല്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. 

കെ എസ് യു എന്ന സംഘടന കൊടുവള്ളിയില്‍ ഇല്ലെന്ന് അധ്യാപകരോട് പറഞ്ഞുവെന്നും പ്രവര്‍ത്തകരെ നേരിടാന്‍ പോലീസിനെ വിളിച്ചു വരുത്തി എന്നും കെ എസ് യു ആരോപിക്കുന്നു. ആരാമ്പ്രം അങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌കൂളിലേക്കുള്ള റോഡില്‍ പോലീസ് തടഞ്ഞു.പോലീസ് വലയം ബേധിച്ച് മുന്നോട്ടു പോവാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം പോലീസും നേതാക്കളും ഇടപെട്ട് തടഞ്ഞു.കോണ്‍ഗ്രസിനെ ഉപയോഗപ്പെടുത്തി സ്‌കൂളും പോസ്റ്റുകളും നേടിയെടുത്ത ശേഷം കോണ്‍ഗ്രസിനെയും കെ എസ് യു വിനെയും അപമാനിച്ച ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ കൊണ്ട് തെരുവില്‍ മാപ്പ് പറയിപ്പിക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ധനീഷ് ലാല്‍ പറഞ്ഞു. 
കെ എസ് യു ജില്ലാ സെക്രട്ടറിമാരായ സനോജ് കുരുവട്ടൂര്‍, ജിനീഷ് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ്.യു നിയോജകമണ്ടലം പ്രസിഡന്റ് ഫസൽ കാരാട്ട്, അഖിൽ മുട്ടാഞ്ചേരി, നസീം എളേറ്റിൽ, അബിനന്ദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.