തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.റെഡ് അലേര്‍ട്ട് പ്രഖ്യാപനം ജനം ഗൗരവത്തിലെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് ആക്ഷേപമുയരുന്നതായും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. ഇതനുസരിച്ച് പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഏറ്റവും രൂക്ഷമായ കാലാവസ്ഥ സ്ഥിതിയാണ് റെഡ് അലേര്‍ട്ട് കൊണ്ടുദ്ദ്യേശിക്കുന്നത്. ഇതനുസരിച്ച് 20 സെന്‍റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒരിടത്തും 12 സെന്‍റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് സംസ്ഥാനത്ത് 74 മഴ മാപിനികളാണുള്ളത്. ഇത് ഓട്ടോമാറ്റിക് റീഡിംഗ് സംവിധാനമുള്ളതല്ല. അതിനാല്‍ 24മണിക്കൂര്‍ കൂടുമ്പോഴാണ് മഴയുടെ അളവ് രേഖപ്പെടുത്തി ലഭിക്കുന്നത്.

സ്വകാര്യ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളെക്കൂടി ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റി.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ ഈ മാസം 24 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് വിലയിരുത്തല്‍.