പന്നൂര്‍: റാഗിങ്ങിനും ലഹരിക്കും പ്രവേശനമില്ലെന്ന് പ്രഖ്യാപിച്ച് പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. 

സ്‌കൂള്‍ കാമ്പസുകളില്‍ റാഗിങ്ങും ലഹരി ഉപയോഗവും വ്യാപകമായ സാഹചര്യത്തിലാണ് ലഹരിക്കും റാഗിങ്ങിനുമെതിരെ വിദ്യാര്‍ത്ഥികള്‍ ശബ്ദമുയര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരന്ന് ലഹരി-റാഗിങ്ങ് വിരുദ്ധ പ്രഖ്യാപനവും റാലിയും സംഘിപ്പിച്ചു. 

കൊടുവള്ളി ജനമൈത്രി പോലീസും എന്‍ എസ് എസ്, ജെ ആര്‍ സി, ലഹരി വിരുദ്ധ ക്ലബ്, ആന്റി റാഗിങ്ങ് കമ്മിറ്റി എന്നിവയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യ വിപത്തായ ലഹരിയെയും റാഗിങ്ങിനെയും അകറ്റി നിര്‍ത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു. 


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍ ലഹരി-റാഗിംഗ് മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ ലഹരി-റാഗിങ്ങ് വിരുദ്ധ സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ ജി മനോഹരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം സന്തോഷ്‌കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് നിലാവരവും ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ വിപത്തുകളെ അകറ്റി നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരികയാണെന്ന് പ്രിന്‍സിപ്പാള്‍ എം സന്തോഷ്‌കുമാര്‍ പറഞ്ഞു. 


വര്‍ഷങ്ങളായി എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന സ്‌കൂളിലെ അക്കാദമിക് നിലവാരം കൂടുതല്‍ മികവുറ്റതാക്കുന്നതിനുള്ള പദ്ധതികളും ആലോചിക്കുന്നുണ്ട്.

 പി ടി എ പ്രസിഡണ്ട് പി കെ പ്രഭാകരന്‍, എസ് എം സി ചെയര്‍മാന്‍ ശശിധരന്‍, സ്റ്റാഫ് സെക്രട്ടറി കെ ബിന്ദു, സ്‌കൂള്‍ കൗണ്‍സിലര്‍ ലിജി, ശങ്കരന്‍ മാസ്റ്റര്‍, നാരായണന്‍, ഹരിദാസന്‍, കെ പ്രബിത, അശ്വതി തുടങ്ങിയവര്‍ സംസാരിച്ചു. 

ആന്റി റാഗിംഗ് കമ്മിറ്റി കണ്‍വീനര്‍ പി രാധാകൃഷ്ണന്‍ സ്വാഗതവും എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ യു ആര്‍ സ്മിത നന്ദിയും പറഞ്ഞു.