Trending

വിൽപ്പന നടത്തിയ ബസിന് 20.5 ലക്ഷം നികുതി അടയ്‌ക്കണമെന്ന് വാഹന വകുപ്പിന്റെ നോട്ടീസ്

കൊടുവള്ളി: വിൽപ്പന നടത്തിയ ബസിന് നികുതി അടയ്ക്കണമെന്ന് കാണിച്ച് വ്യാപാരിക്ക് വാഹന വകുപ്പിന്റെ നോട്ടീസ്. 12 വർഷം മുമ്പ് വിൽപ്പന നടത്തിയ ബസിനാണ് നികുതിയും പലിശയും ഉൾപ്പെടെ 20,50,394 രൂപ അടയ്ക്കാനുണ്ടെന്ന് കാണിച്ച് കൊടുവള്ളി കുണ്ടുങ്ങര അബ്ദുറസാഖിനാണ് കൊടുവള്ളി ജോയന്റ് ആർ.ടി. ഓഫീസിൽ നിന്ന്‌ നോട്ടീസ് ലഭിച്ചത്. 


നോട്ടീസ് ലഭിച്ച അബ്ദുറസാഖ് എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. 2007-ലാണ് അബ്ദുറസാഖ് കെ.എൽ. 11. എസ്. 9925 നമ്പറിലുള്ള ബസ് നടപടിക്രമങ്ങളും ബാധ്യതകളും പൂർത്തീകരിച്ച് കൈമാറ്റം ചെയ്തത്. ഇതിനുശേഷം നാല് പേരിലേക്ക് വാഹനം കൈമാറ്റം ചെയ്തതായി രേഖകളിൽ കാണുന്നുണ്ട്.

നിലവിൽ മലപ്പുറം സ്വദേശിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്ത് സർവീസ് നടത്തി വരുന്നത്. 2019 ജൂൺ 30 വരെ ബസിന്റെ നികുതി പൂർണമായി അടച്ചതായും രേഖകളിൽ കാണുന്നുണ്ട്. 



നോട്ടീസ് ലഭിച്ച അബ്ദുറസാഖ് കൊടുവള്ളി ഓഫീസിൽ എത്തി വിവരം തിരക്കിയപ്പോൾ ഇതിന്റെ രേഖകൾ ഈ ഓഫീസിൽനിന്ന്‌ ലഭിക്കില്ലന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് ചെയ്തത്. 

ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ വിജിലൻസ് ഡയറക്ടർക്കും ട്രാൻസ്പോർട്ട് കമ്മിഷണർക്കും പരാതി നൽകുമെന്ന് അബ്ദുറസാഖ് പറഞ്ഞു.

Previous Post Next Post
3/TECH/col-right