കനത്ത മഴ:തീരദേശ മേഖലകളിൽ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട് : കനത്ത മഴയെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ മൂന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.കൊയിലാണ്ടി ചെങ്ങോട്ട്കാവ് വില്ലേജിലെ വളപ്പില്‍, മൂന്നു കുടിക്കല്‍, ഏഴു കുടിക്കല്‍ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.  


റോഡിനോട് ചേര്‍ന്ന ബസ് സ്റ്റോപ്പും, തീരദേശ റോഡും ഹൈമാസ്റ്റ് ലൈറ്റുകളും തകരുന്ന നിലയിലാണ്.ക്യാമ്പുകള്‍ ഏത് നിമിഷവും പ്രവര്‍ത്തനമാരംഭിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് രേഖ.എം അറിയിച്ചു. 

കടല്‍ഭിത്തി ബലപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്താന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തിയതായും  സ്ഥിരം ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ കെ എസ് ഇ ബി യോട് നിര്‍ദേശിച്ചതായും   കെ ദാസന്‍ എം എല്‍ എ അറിയിച്ചു.

താമരശ്ശേരി, വടകര എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു.   കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കളക്ടറേറ്റ്- 1077.


കടൽക്ഷോഭം: തീരദേശ മേഖലകളിൽ നിന്ന് 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തൃശൂർ: കടൽക്ഷോഭത്തെ തുടർന്ന് തൃശ്ശൂരിലെ തീരദേശ മേഖലകളിൽ നിന്ന് 117 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിലേക്കാണ് ഇവരെ മാറ്റിയത്. കടൽക്ഷോഭം രൂക്ഷമായാൽ ചാവക്കാട്ടും ദുരിതാശ്വാസ ക്യാംപ് തുറക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

29 കുട്ടികളടക്കം 423 പേരാണ് കൊടുങ്ങല്ലൂരിലും എടവിലങ്ങിലുമുള്ള ക്യാംപുകളിൽ കഴിയുന്നത്. എറിയാട് കേരള വർമ്മ ഹയർ സെക്കന്‍ററി സ്കൂളിലും എടവിലങ്ങ് സെന്‍റ് ആൽബന സ്കൂളിലുമാണ് ദുരിത ബാധിതരെ താമസിപ്പിച്ചിരിക്കുന്നത്.എറിയാട് ബീച്ച്, മണപ്പാട്ടുച്ചാൽ, ചേരമാൻ ബീച്ച്, ആറാട്ടുവഴി, പേബസാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്  മിക്കവരും. 

ഓഖിക്ക് ശേഷം തീരദേശ മേഖലയുടെ സുരക്ഷക്കായി നടപടി സ്വീകരിക്കുമെന്ന്  വാക്ക് നൽകിയ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ക്യാപുകളിൽ കഴിയുന്നവർ പറഞ്ഞു. ചാവക്കാട് തീരദേശവാസികളെ മാറ്റിപ്പാർപ്പിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 

സുനാമിഷെൽട്ടറുകൾ തയ്യാറാണെങ്കിലും മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടിയതിനാൽ ആരും താമസത്തിനെത്തിയിട്ടില്ല. ജില്ലയിൽ 12, 14 തീയതികളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

0 Comments