Trending

ലിനിയുടെ സ‌്മരണയ‌്ക്ക‌് ഇന്ന‌് ഒരാണ്ട‌്

കോഴിക്കോട‌്: നിപായുടെ നാളുകളിൽ  സേവനത്തിന്റെ  സന്ദേശം പകർന്ന‌ ലിനി എന്ന മാലാഖ ഓർമയായിട്ട‌് ഇന്ന‌് ഒരു വർഷം. മലയാളികളെയാകെ ഏറെ നൊമ്പരപ്പെടുത്തിയാണ‌് 2018 മെയ‌് 21ന‌് പുലർച്ചെ നിപായോട‌് പൊരുതി  ലിനി യാത്രയായത‌്. രോഗിയെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച ലിനി ലോകമലയാളികളിൽ സേവന മാതൃകയുടെ പുതിയ മുഖം തീർത്താണ‌് വിടപറഞ്ഞത‌്.
 





നിപാ ബാധിച്ചുള്ള ആദ്യ മരണമെന്ന‌് കരുതുന്ന പേരാമ്പ്ര സൂപ്പിക്കടയിൽ വളച്ചുകെട്ടിയിലെ സാബിത്തിൽ നിന്നാണ‌് ലിനിക്ക‌് അസുഖം ബാധിച്ചത‌്. പേരാമ്പ്ര ഗവ. താലൂക്ക‌് ആശുപത്രിയിൽ നേഴ‌്സായ ലിനി അവിടെ ചികിത്സ തേടിയ സാബിത്തിനെ പരിചരിച്ചിരുന്നു. പിന്നീട‌് ദിവസങ്ങൾക്കകം പനിയും ലക്ഷണങ്ങളും കണ്ടു.  


17ന‌് പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. ഭേദമാവാത്തതിനാൽ കോഴിക്കോട‌് സ്വകാര്യ ആശുപത്രിയിലും പിന്നീട‌് ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു. തന്റെ അസുഖത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ലിനി ഭർത്താവ‌് സജീഷിന‌് നേഴ‌്സിന്റെ കൈവശം നൽകിയ അവസാന കത്ത‌് കണ്ണ‌ുനനയിക്കുന്നതായിരുന്നു. അഞ്ചും രണ്ടും വയസ്സായ കുഞ്ഞുങ്ങളെ സജീഷിനെ ഏൽപ്പിച്ചായിരുന്നു ലിനിയുടെ വിയോഗം.

സമൂഹവും സർക്കാരും ഈ കുടുംബത്തിനൊപ്പമായിരുന്നു പിന്നീട‌്. സജീഷിന‌് ഗവ. ജോലിയുൾപ്പെടെ നൽകി. പല നാടുകളിലും ജനങ്ങൾ  ലിനിക്ക‌് ആദരങ്ങൾ സംഘടിപ്പിച്ചു. ലിനിയുടെ പേരിൽ  മികച്ച നേഴ‌്സുമാർക്ക‌് സർക്കാർ  അവാർഡ‌് ഏർപ്പെടുത്തി.  മരിക്കാത്ത ഓർമയായി ലിനി ആ വീട്ടിലും നാട്ടിലും നിറയുന്ന വേളയിലാണ‌് ആദ്യ അനുസ‌്മരണം എത്തുന്നത‌്.

  
ഒരു വർഷം പിന്നിടുന്ന വേളയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ‌്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട‌്. കേരള ഗവ. നേഴ‌്സസ‌് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗവ.മെഡിക്കൽ കോളേ‌ജ‌ിൽ ലിനി അനുസ‌്മരണം സംഘടിപ്പിക്കുന്നുണ്ട‌്.
Previous Post Next Post
3/TECH/col-right