Trending

ഓൺലൈൻ വഴി ജോലിചെയ്യിച്ച് കോടികളുടെ തട്ടിപ്പ്; പിന്നിൽ മലയാളി യുവതികൾ

ഓൺലൈൻ ഡേറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കനേഡിയൻ കമ്പനിയുടെ മറവിലാണ് കേരളത്തിൽ വ്യാപകമായി തട്ടിപ്പ് നടത്തിയിട്ടുള്ളത്.റിക്രൂട്ടർമാരായി ബന്ധപ്പെട്ടവരെല്ലാം മലയാളി യുവതികളാണ്.

സി.ഐ.ടി.എസ്. എന്ന കമ്പനിയുടെ േഡറ്റ എൻട്രി ജോലിക്കെന്ന് പറഞ്ഞാണ് ക്വിക്കർ എന്ന ഓൺലൈൻ വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിച്ചത്. അപേക്ഷിച്ചവർക്കെല്ലാം ഇ-മെയിലിൽ അറിയിപ്പും കിട്ടിയിരുന്നു. ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ ഫോണിലൂടെയും നൽകി. വാട്സ് ആപ്പ് വഴി ഒരു ലിങ്ക് അയച്ചുനൽകുകയും അതിൽ നൽകിയിട്ടുള്ള എംപ്ലോയീസ് നമ്പർ തിരിച്ച് അയച്ചുനൽകാനും നിർദേശിച്ചു. തുടർന്നാണ് 150 പേജുകളുള്ള ഒരു പി.ഡി.എഫ്. ഫയൽ അയച്ചുനൽകിയത്. ഇത് കൃത്യതയോടെ വേർഡിൽ ടൈപ്പ് ചെയ്ത് നിശ്ചിത തീയതിക്കകം സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. മികച്ച വേതനമായിരുന്നു വാഗ്ദാനം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നിലേറെ സോഫ്റ്റ്വേർ കമ്പനികളിൽ ജോലി വാഗ്ദാനവും നൽകി. അപേക്ഷകരിൽ നിന്ന് ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും വാങ്ങി. ഏൽപ്പിച്ച ജോലികൾ തീർത്തുകിട്ടുന്നതിനായി റിക്രൂട്ടർമാർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. മാർച്ച് 15-നകം തന്നെ എല്ലാവരും ജോലി തീർത്തുനൽകി. ഇവർക്ക് 758 കനേഡിയൻ ഡോളർ (ഏതാണ്ട് 53,000 രൂപ) ഏപ്രിൽ നാലിന് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അറിയിച്ചു.

പണമിടപാടുകൾ നടത്തുന്നതിനായുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു. പ്രോസസിങ് ചാർജ് ഇനത്തിൽ 9,381 രൂപ ആദ്യശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനായുള്ള കരാർ സർട്ടിഫിക്കറ്റും വാട്ട്സ് ആപ്പിൽ അയച്ചുനൽകി. ക്ലയന്റ് കോഡ് ആക്ടീവാക്കുന്നതിനായി 486 രൂപ ഓരോരുത്തരിൽ നിന്നും ഈടാക്കുകയും ചെയ്തു.

മാർച്ച് 20-ന് വീണ്ടും റിക്രൂട്ടർമാർ വിളിച്ചു. അക്കൗണ്ടുകൾ ഫ്രീസ് ആയിപ്പോയതിനാൽ പ്രോസസിങ് ചാർജ് ശമ്പളത്തിൽ നിന്ന് പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തുക കമ്പനിയുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. റിക്രൂട്ടർമാർ അയച്ചുകൊടുത്ത ഫോൺ പേ, ഗൂഗിൾ പേ അക്കൗണ്ടുകളിൽ 9,381 രൂപ നിക്ഷേപിക്കാൻ നിർദേശിച്ചു. ഇതനുസരിച്ച് പണം അക്കൗണ്ടിൽ നിക്ഷേപിച്ചു.

വേതനത്തുക ഏപ്രിൽ നാലിന് വരാതായതോടെയാണ് റിക്രൂട്ടർമാരെ ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ, എല്ലാ നമ്പരുകളിലും നിലവിലില്ല എന്ന സന്ദേശമാണ് ലഭിച്ചത്. ഗൂഗിൾ കൺസ്യൂമർ കംപ്ലെയിന്റ് നൽകിയപ്പോൾ ഇങ്ങനെയൊരു കമ്പനിയില്ല എന്ന വിവരമാണ് ലഭിച്ചത്.

അതത് ജില്ലാ പോലീസ് മേധാവികൾക്ക് പരാതി നൽകിയിരിക്കുകയാണ് തട്ടിപ്പിനിരയാക്കപ്പെട്ടവർ. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.


Previous Post Next Post
3/TECH/col-right