Trending

ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് എന്ന ശിരോ ആവരണം ധരിച്ചവരാണ് പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച്‌ പോലീസ് പിഴ ഒഴിവാക്കാനാണ് പലരും ഹെല്‍മെറ്റ് ധരിക്കുന്നത്.

പലരും വാഹനത്തിന്റെ പല ഭാഗങ്ങളില്‍ ഹെല്‍മെറ്റ് തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയോ ചെയ്തിട്ട് നഗരപരിധി എത്തുമ്ബോള്‍ 'കിരീട ധാരണം' നടത്തുകയും ചെയ്യുന്നത് എവിടെയും കാണാം.


ചിലര്‍ വാഹനം നിര്‍ത്താന്‍ പോലും സമയം കണ്ടെത്താതെ ഓടുന്ന വാഹനത്തില്‍ ഇരുന്നു ഈ പ്രക്രിയയ്ക്ക് വിധേയമാവുന്ന വിചിത്ര കാഴ്ചയും സുലഭമാണ്.⛔ ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടത്തിന്റെ പ്രാധാന്യം.

ഇരുചക്ര വാഹന യാത്രികര്‍ അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര വാഹനാപകടങ്ങളില്‍ മിക്കപ്പോഴും തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. മരണകാരണം ആവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര്‍ ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങള്‍ പേറുന്ന ഭാഗമാണ് ശിരസ്സ്. 


തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന്‍ സാധ്യത ഏറെയാണ്. ഇത്തരം അപകടങ്ങളില്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കു ഉണ്ടാവുന്ന പരിക്ക് 69 ശതമാനവും മരണ സാധ്യത 42 ശതമാനത്തോളവും കുറയും എന്നാണ് 2008ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ശരിയായ ഹെല്‍മെറ്റ് തിരഞ്ഞെടുക്കുകയാണ് പ്രാഥമിക നടപടി. ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും അതുപോലെതന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.ഐ എസ് ഐ എസ് 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.


വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്‍മെറ്റ്കള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മോശമായ ഹെല്‍മെറ്റ് പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം. ഇവ സെക്കേന്‍ഡ് ഹാന്റ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
യാതൊരു കാരണവശാലും സെക്കന്റ് ഹാന്‍ഡ് ഹെല്‍മറ്റ് വാങ്ങരുത്. കാരണം അത് മുന്‍പ് അപകടത്തില്‍പ്പെട്ടവയൊ, കാലപ്പഴക്കംകൊണ്ട് കേടുവന്നതോ, ആയ ഗുണ നിലവാരം കുറഞ്ഞതോ ആയ ഒന്നാവാം. അപകടത്തിന് ഇടയായ ഹെല്‍മെറ്റ് ചിലപ്പോള്‍ പുറമേ കണ്ടാല്‍ തിരിച്ചറിയാനാവണമെന്നില്ല. എന്നാല്‍ ഉള്ളിലെ ലൈനെര്‍ സംരക്ഷണം കേടു പറ്റി ഉപയോഗ ശൂന്യം ആയിക്കാണും.

⛔ ഏത് ആകൃതിയിലുള്ള ഹെല്‍മെറ്റ് തിരഞ്ഞെടുക്കണം?

പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ് ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും, വായു പ്രതിരോധം കുറയ്ക്കാനും, ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം. 35% ത്തോളം അപകടങ്ങള്‍ താടി ഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍.മുന്‍വശം കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ് സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.

പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ് യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില്‍ നിന്ന് പരിരക്ഷ കിട്ടാന്‍ വേണ്ടി ചിലര്‍ വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള ആകൃതിയുള്ള ഇത്തരം ഹെല്‍മെറ്റ്കള്‍ തലയോടിനെ വെയിലില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക. കൂടിപ്പോയാല്‍ പുറമേ ഉരസല്‍ മൂലമുള്ള പരുക്ക് തടഞ്ഞേക്കാം എന്നാല്‍ തലയോടിനും മസ്തിഷ്‌കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയുകയില്ല.ആയതിനാല്‍ ഇത് സംരക്ഷണത്തിനു ഉപയോഗയോഗ്യം അല്ല.

⛔ ഹെല്‍മെറ്റിന്റെ നിറം


ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറമുള്ള ഹെല്‍മെറ്റ് ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ക്ക് ഹെല്‍മെറ്റ് ധാരിയെ കാണാന്‍ സഹായിക്കുന്നുവെന്നാണ്. അതിനാല്‍തന്നെ അപകട സാധ്യത കുറയുന്നു. ഹെല്‍മെറ്റിന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിന് അനുസരിച്ച്‌ തിരഞ്ഞെടുക്കേണ്ടതാണ് അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ് ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം. ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.


⛔ ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ചിന്‍ സ്ട്രാപ് ശരിയായി ധരിക്കുന്നത് അവഗണിക്കുന്നു. ഹെല്‍മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റ്‌നെ സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില്‍ ധരിക്കേണ്ടത്.

ഹെല്‍മെറ്റ് ഒരിക്കല്‍ കാര്യമായ ഒരു ക്ഷതം ഏറ്റാല്‍ അതിന്റെ പ്രവര്‍ത്തന ക്ഷമത കുറയും ആയതിനാല്‍ അങ്ങനെ ഉള്ള അവസരങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പഴയത് ഉപേക്ഷിച്ച്‌ പുതിയത് ഉപയോഗിക്കണം. (വലിയ ക്ഷതം ഉണ്ടായാലും ചിലപ്പോള്‍ ഹെല്‍മെറ്റ്‌നു പുറമേ അതിന്റെ വലിയ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നാല്‍ അകമേ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവം.) ഒരു ഹെല്‍മെറ്റ് പലര്‍ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച്‌ ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്ബോള്‍ മാറണം.

⛔ ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നതെങ്ങനെ

ആധുനിക ഹെല്‍മെറ്റ്കള്‍ക്ക് പൊതുവില്‍ രണ്ടു സംരക്ഷണ ഘടകങ്ങള്‍ ആണ് ഉള്ളത്, കട്ടിയുള്ളതും എന്നാല്‍ അധികം കനം ഇല്ലാത്തതുമായ പുറമേ ഉള്ള ഷെല്‍ (സാധാരണ ഗതിയില്‍ ഇത് പോളികാര്‍ബണേറ്റ് /ഫൈബര്‍ ഗ്ലാസ് അല്ലെങ്കില്‍ കെവ്‌ലാര്‍ കൊണ്ടായിരിക്കും നിര്‍മ്മിക്കുക). അകമേ ഉള്ള ഇന്നെര്‍ ലൈനിംഗ് മൃദുവായ എക്‌സ്പാന്റെഡ് പോളിസ്‌റ്റെറിന്‍ അല്ലെങ്കില്‍ പോളി പ്രോപ്പെലിന്‍ ഇ പി എസ് ഫോം ആയിരിക്കും.

തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്‌കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്‌ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക എന്നതാണ് തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.

ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റ്‌നുള്ളത്. പുറമേയുള്ള ഷെല്‍ കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്‌നുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കുക.

സാധാരണ ആയി ഇത്തരം അപകടങ്ങളില്‍ ക്ലോസ്ഡ് ബ്രെയിന്‍ ഇഞ്ച്വറിയാണ് ഉണ്ടാവുക. ഇതിനു കാരണമാവുന്നത് അമിത വേഗതയില്‍ ഉലച്ചില്‍ ഉണ്ടാവുന്ന തലയ്ക്കുള്ളില്‍ തലയോടിനുള്ളില്‍ തലച്ചോറിനു ഉണ്ടാവുന്ന ക്ഷതം ആണ്. ഇതോടൊപ്പം തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ക്ക് ഇടയിലുള്ള രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാല്‍ മാരകമായ ആന്തരിക രക്തസ്രാവം ഉണ്ടാവാനിടയുണ്ട്.

മാതൃകാപരമായ രീതിയില്‍ നിര്‍മ്മിച്ച ഹെല്‍മെറ്റ്‌ന്റെ ഇന്നര്‍ ലൈനെര്‍ അപകടത്തില്‍പ്പെട്ട് മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത, സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന്‍ ഉതകുന്ന തരത്തില്‍ കട്ടിയുള്ളത് ആയിരിക്കണം. നിശ്ചിത വേഗത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് അതിനാല്‍ അമിത വേഗതയില്‍ ഉണ്ടാവുന്ന ആഘാതത്തില്‍ ഹെല്‍മെറ്റ്‌ന്റെ പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞേക്കാം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് എടുത്ത നടപടികളെ തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലും തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് വാര്‍ത്തകളും അതെ തുടര്‍ന്ന് ചില പഠനങ്ങളില്‍ ഇതേ വിവരം സ്ഥിരീകരിക്കുകയും ഉണ്ടായിട്ടുണ്ട്.

ഹെല്‍മെറ്റിനെക്കുറിച്ച്‌ പലവിധ ആവലാതികള്‍ പറയുന്നവരുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പ്രത്യേകിച്ച്‌ കഴമ്ബില്ലാത്ത വ്യക്തിഗത നിരീക്ഷണങ്ങള്‍ മാത്രമാണ്. ഓര്‍ക്കേണ്ട സംഗതി ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതയുമായി തുലനം ചെയ്യുമ്പോള്‍ അത് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥകള്‍ നിസ്സാരമാണ്. ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്‍മെറ്റ് ശീലമാക്കാന്‍ ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കേണ്ടത് അവശ്യമാണ്.


Previous Post Next Post
3/TECH/col-right