Trending

കെഎസ്ആർടിസി അനിശ്ചിതകാലപണിമുടക്ക് മാറ്റി.

തിരുവനന്തപുരം:ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 


 മൂന്ന് കാര്യങ്ങളിൽ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് തിരുവനന്തപുരത്ത് സംയുക്തയൂണിയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി. 

ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ നൽകിയ റിപ്പോർട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്കരണചർച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നൽകിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ നിയമപരമായ പരിധിയ്ക്കുള്ളിൽ വച്ച് ശ്രമിക്കുമെന്നും യൂണിയനുകൾ പറഞ്ഞു.
ഗതാഗതസെക്രട്ടറിയും കെഎസ്ആർടിസി എംഡിയും ചർച്ചയിലുണ്ടായിരുന്നു. 

ഇന്ന് രാവിലെ യൂണിയൻ നേതാക്കൾ കെഎസ്ആർടിസി എംഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. എംഡിയുടേത് ധിക്കാരപരമായ നിലപാടാണെന്ന് ചർച്ചയ്ക്ക് ശേഷം യൂണിയൻ നേതാക്കൾ ആരോപിച്ചിരുന്നു.

കെഎസ്ആർടിസി പണിമുടക്കിനെതിരെ ഇന്ന് കോടതി പരിഗണിച്ച പൊതുതാത്പര്യ ഹർജിയിൽ എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. 

ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആർടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.

ഇന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടെന്ന് സർക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്താണെന്ന് ചോദിച്ചറിയാൻ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീർപ്പ് ചർച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ല. 

തൊഴിലാളികൾക്ക് പ്രശ്നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചർച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു.

ചൊവ്വാഴ്ചയാണ് ഇനി ഹൈക്കോടതി കെഎസ്ആർടിസി പണിമുടക്കുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത്.
Previous Post Next Post
3/TECH/col-right