Trending

കോഴിക്കോട്- കരിപ്പൂര്‍- അങ്ങാടിപ്പുറം റെയില്‍പാത റെയിൽവേയുടെ സജീവ പരിഗണനയിൽ- എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: സര്‍വേ പൂര്‍ത്തിയാക്കിയ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ – കരിപ്പൂര്‍ എയര്‍പോര്‍ട്ട് -മലപ്പുറം-അങ്ങാടിപ്പുറം റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കിയതായി എം.കെ രാഘവന്‍ എം.പി. ന്യൂഡല്‍ഹി റെയില്‍ ഭവനില്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു ലഭിച്ചതെന്ന് എം.പി പറഞ്ഞു.


കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ സൗകര്യവും കോഴിക്കോടിന്റെ വികസനവും മുന്‍നിര്‍ത്തി റെയില്‍പാത അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വെസ്റ്റ്ഹില്‍, ഫറോക്ക് എന്നീ സ്റ്റേഷനുകള്‍ സാറ്റലൈറ്റ് ടെര്‍മിനലുകളായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.



റെയില്‍വേ ജനറല്‍ മാനേജര്‍, ഡി.ആര്‍.എം തലത്തില്‍ നടത്തിയ മുന്‍ ചര്‍ച്ചകളുടെ തുടര്‍ച്ചയായി എം.കെ രാഘവന്‍ എം.പി, റെയില്‍വേ ബോര്‍ഡ് മെംബര്‍ ടെക്‌നിക്കല്‍ ഗിരീഷ് പിള്ള, അഡിഷനല്‍ മെംബര്‍ പിയൂഷ് അഗര്‍വാള്‍, എക്‌സിക്യുട്ടീവ് ഡയരക്ടര്‍ വിവേക് സക്‌സേന, ഡയരക്ടര്‍ രജനീഷ് കുമാര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
Previous Post Next Post
3/TECH/col-right