Trending

കോരപ്പുഴ പാലം:നാളെ മുതല്‍ പൊളിച്ച് തുടങ്ങും;ഗതാഗതം നിരോധിച്ചു

കോഴിക്കോട്:കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയിലെ കോരപ്പുഴ പാലം നാളെ മുതല്‍ പൊളിച്ച് തുടങ്ങും. ഗതാഗതക്കുരുക്ക് രൂക്ഷമായതും കാലപ്പഴക്കവുമാണ് പാലം പൊളിച്ച് പുതിയ പാലം പണിയാനുള്ള തീരുമാനത്തിന് പിന്നില്‍.


1938ല്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡാണ് കോരപ്പുഴ പാലം നിര്‍മ്മിക്കാനുള്ള തീരുമാനമെടുത്തിരുന്നത്. പാലം പൊളിക്കുന്ന നാളെ മുതല്‍ കോരപ്പുഴ വഴിയുള്ള ഗതാഗതം നിരോധിച്ചു.

ദേശീയ പാത 66ല്‍ ആണ് കോരപ്പുഴ പാലം. 1938ല്‍ നിര്‍മ്മാണമാരംഭിച്ച് 1940 ല്‍ പാലം പണി പൂര്‍ത്തിയായി. രണ്ട് ലക്ഷത്തി എണ്‍പത്തി നാലായിരത്തി അറുനൂറ് രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന് 40 വര്‍ഷമായിരുന്നു കാലാവധി പറഞ്ഞത്. ഇപ്പോള്‍ പാലത്തിന്റെ ആയുസ്സ് 78 വര്‍ഷം പിന്നിട്ടു . 


ഓരോ വര്‍ഷവും ലക്ഷകണക്കിന് രൂപയാണ് കോരപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ക്കായി ചെലവഴിച്ചിരുന്നു. മാത്രമല്ല ഗതാഗതകുരുക്കും രൂക്ഷമായി. ഇതോടെയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലം പൊളിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ പഴയ പാലം സ്മാരകമായി നിലനിര്‍ത്തി പുഴയുടെ മറ്റൊരു ഭാഗത്ത് പുതിയ പാലം നിര്‍മ്മിക്കുകയായിരുന്നു വേണ്ടെതന്ന് പ്രദേശത്തുള്ളവക്ക് അഭിപ്രായമുണ്ട്.
 

12 മീറ്റര്‍ വീതിയിലാണ് പുതിയ പാലം പണിയുന്നത്. 24 കോടി 32 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പാലം പൊളിക്കുന്ന സാഹചര്യത്തില്‍ ദേശീയ പാതയില്‍ കോരപ്പുഴയ്ക്കും എലത്തൂരിനും ഇടയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.


Previous Post Next Post
3/TECH/col-right