യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി:തൊഴിലാളികള്‍ പെരുവഴിയില്‍
ദുബായ്: ആയിരത്തോളം പേര്‍ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല യുഎഇയില്‍
അടച്ചുപൂട്ടി. മലയാളിയായ ഉടമയെ കാണാനില്ല. കമ്പനിയിലെ പ്രധാന
ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പറെല്ലാം സ്വിച്ച്ഡ് ഓഫ് ആണ്. എല്ലാവരും യുഎഇ
വിട്ടുവെന്നാണ് കരുതുന്നത്. വിതരണ കമ്പനികള്‍ക്കു കോടികളാണ് കടമുള്ളത്.
40
വര്‍ഷത്തോളമായി യുഎഇയില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍
മനാമ ഗ്രൂപ്പിന് കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാണ് അടച്ചുപൂട്ടിയത്.
തൊഴിലാളികളില്‍ പലരും നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഒട്ടേറെ പേര്‍
ഇപ്പോഴും യുഎഇയിലുണ്ട്.എന്തുചെയ്യണമെന്നറിയാതിരിക്കുകയാണിവരെന്ന് ഖലീജ്
ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമ സ്‌പോണ്‍സര്‍ പോലും അറിയാതെ യുഎഇ
വിട്ടുവെന്നാണ് സംശയിക്കുന്നത്.
വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള വന്‍ തുക നല്‍കാതെയാണ് സ്ഥാപനങ്ങള്‍
അടച്ചുപൂട്ടിയത്. രഹസ്യമായിട്ടായിരുന്നു ഉമടകളുടെ നീക്കം. തൊഴിലാളികള്‍ക്ക്
ശമ്പളവും കിട്ടാനുണ്ട്. കഴിഞ്ഞദിവസം വിതരണക്കാര്‍ ഒത്തുചേര്‍ന്നു.
കമ്പനിയിലെ പ്രധാന ജീവനക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും
പരാജയപ്പെട്ടു.
പല പ്രമുഖരുടെയും മൊബൈല്‍ നമ്പര്‍ സ്വിച്ച്ഡ് ഓഫ് ആണ്. ബാക്കി നോട്ട്
റീച്ചബിളും. മാധ്യമങ്ങളും കമ്പനി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍
ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. മാര്‍ച്ച് മുതല്‍ കമ്പനി
നഷ്ടത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
മാര്‍ച്ച് മുതല്‍ കമ്പനി കുടിശ്ശിക വരുത്തി തുടങ്ങിയിരുന്നുവെന്ന്
വിതരണക്കാര്‍ പറയുന്നു. ജൂണ്‍ മുതല്‍ തീരെ കിട്ടാതായി. 40 വര്‍ഷത്തോളമായി
യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ആയതിനാല്‍ വിതരണക്കാര്‍
സംശയിച്ചതുമില്ല. പണം ഉടന്‍ തരുമെന്നാണ് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി.
ഇത് വിതരണക്കാര്‍ വിശ്വസിക്കുകയും ചെയ്തു.
നവംബര്‍ അഞ്ചിന് പണം കിട്ടാത്ത ചില കമ്പനികളുടെ പ്രതിനിധികള്‍ അല്‍ മാനമ
ഗ്രൂപ്പിന്റെ പ്രധാന ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ട ആരും
ഓഫീസിലുണ്ടായിരുന്നില്ല. ഓഫീസിലുണ്ടായിരുന്നവരില്‍ നിന്ന് വ്യക്തമായ
മറുപടിയും ലഭിച്ചില്ലെന്ന് ബാഖിര്‍ മൊഹിബി എന്റര്‍പ്രൈസസിന്റെ ക്രഡിറ്റ്
കണ്‍ട്രോളര്‍ മുഹമ്മദ് ശമീം പറയുന്നു.
ഗ്രൂപ്പിന്റെ എംഡി മലയാളിയാണ്. അബ്ദുല്‍ ഖാദര്‍ സബീര്‍. ഇയാളെ ഏറെനാളായി
കാണാതായിട്ട്. രാജ്യംവിട്ടുപോയെന്നാണ് ലഭിക്കുന്ന വിവരം. മറ്റു
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെല്ലാം പിന്നീടുള്ള ദിവസങ്ങളിലായി കാണാതായി.
ഗ്രൂപ്പിന്റെ പ്രധാന ഓഫീസിലെത്തിയപ്പോള്‍ കണ്ടത് ജൂനിയര്‍ മാനേജര്‍മാരെ
മാത്രമാണ്. അവര്‍ക്ക് മറുപടി ഒന്നുമുണ്ടായിരുന്നില്ല.
അല്‍ മനാമ ഗ്രൂപ്പ് നല്‍കിയ ചെക്കെല്ലാം മടങ്ങി. ഇതോടെ വിതരണ കമ്പനികള്‍
ഗ്രൂപ്പ് മാനേജ്‌മെന്റിനെതിരെ പോലീസില്‍ പരാതി നല്‍കി. 14 ലക്ഷം
ദിര്‍ഹമിന്റെ ചെക്കുകള്‍ മടങ്ങിയെന്നാണ് ശമീം പറയുന്നത്. അതേസമയം, അബ്ദുര്‍
ഖാദര്‍ സബീറുമായി ഖലീജ് ടൈംസ് ബന്ധപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും ഉടന്‍
പരിഹരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വോയ്‌സ് മെസ്സേജ് വഴിയാണ് സബീര്‍ പ്രതികരിച്ചത്. ഇയാള്‍ ഇപ്പോള്‍
എവിടെയാണെന്ന് വ്യക്തമല്ല. പണം ഒരുപാട് നല്‍കാനുണ്ടെന്ന് മാത്രമാണ് ഇയാള്‍
പറയുന്നത്. ഇപ്പോള്‍ എവിടെയാണുള്ളതെന്ന് പറഞ്ഞില്ല. ബാങ്കിടപാടുകള്‍
തീര്‍ക്കാനുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുണ്ട്. ചില അപ്രതീക്ഷിത
സംഭവങ്ങളുണ്ടായതാണ് കുടുങ്ങിയത്. പുറത്തുനിന്നുള്ള ചില ഇടപെടലാണ്
തകര്‍ത്തതെന്നും സബീര്‍ പറയുന്നു.
അല്‍ മനാമ ഗ്രൂപ്പിന് 40 കോടി ദിര്‍ഹമിന്റെ ആസ്തിയുണ്ടെന്ന് സബീര്‍
പറയുന്നു. എന്നെ വളര്‍ത്തിയത് യുഎഇയാണ്. നേടിയ പണമെല്ലാം യുഇയില്‍ വിവിധ
മേഖലകളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. എനിക്ക് യുഎഇ വിട്ടുപോകാന്‍
സാധിക്കില്ല. യുഎഇ എന്നെ വീണ്ടും വളര്‍ത്തുമെന്നാണ് കരുതുന്നതെന്നും സബീര്‍
പറഞ്ഞു.
ചില കമ്പനികള്‍ അല്‍ മാനമ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്.
എന്നാല്‍ വേഗത്തില്‍ നടക്കുന്ന ഒന്നല്ല അത്. സമയം വേണം. സ്ഥാപനങ്ങളും
ജീവനക്കാരും ഏറ്റെടുക്കാന്‍ പോകുന്ന പുതിയ കമ്പനിയുടെ ഭാഗമാകും. മാത്രമല്ല,
എല്ലാ കടങ്ങളും അവര്‍ ഏറ്റെടുക്കാനും ധാരണയായിട്ടുണ്ടെന്നും സബീര്‍
പറയുന്നു.
ജീവനക്കാരുടെ ശമ്പളം മുഴുവന്‍ ലഭിക്കും. സര്‍ക്കാരുമായി ചേര്‍ന്ന് 45
ലക്ഷം ദിര്‍ഹം താന്‍ നിക്ഷേപിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം
കൊടുത്തുതീര്‍ക്കാന്‍ അത് മതിയാകും. ചില ബാങ്കുകള്‍ തനിക്കെതിരെ ക്രിമിനല്‍
കേസ് കൊടുത്തിട്ടുണ്ട്. പ്രശ്‌നങ്ങളെല്ലാം തീരുമെന്നും സബീര്‍ പറഞ്ഞു.
അജ്മാനിലെ ചില തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഒട്ടേറെ പേര്‍
ഇപ്പോഴും യുഎഇയില്‍ തന്നെയുണ്ട്. ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ചിലര്‍
മറ്റു ജോലി തേടുകയാണ്. മലയാളികളാണ് തൊഴിലാളികള്‍ കൂടുതല്‍. ചിലര്‍ വിസ
റദ്ദാക്കി നാട്ടിലേക്ക് തിരിക്കാന്‍ ശ്രമം തുടങ്ങി. ദുബായ്, ഷാര്‍ജ,
അജ്മാന്‍, റാസര്‍ഖൈമ എന്നിവിടങ്ങളിലായി 15ലധികം ഷോപ്പുകളാണ് അല്‍ മാനമ
ഗ്രൂപ്പിനുള്ളത്.