Trending

ആര്‍.ബി.ഐ ഗവര്‍ണര്‍: ഉര്‍ജിത് പട്ടേല്‍ രാജി വച്ചു

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. സര്‍ക്കാരുമായി നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഉര്‍ജിത് പട്ടേല്‍ പടിയിറങ്ങുന്നത്.

 
കഴിഞ്ഞ വര്‍ഷങ്ങളില്‍ ആര്‍.ബി.ഐയില്‍ പ്രവര്‍ത്തിക്കാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം രാജിക്കുറിപ്പില്‍ പറഞ്ഞു. ആര്‍.ബി.ഐ സ്റ്റാഫ്, ഉദ്യോഗസ്ഥര്‍, മാനേജ്‌മെന്റ് എന്നിവരുടെ പിന്തുണയെ പരാമര്‍ശിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെയോ പരാമര്‍ശിച്ചിട്ടേയില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെയാണ് രാജി. 

നേരത്തെ കേന്ദ്ര സര്‍ക്കാരുമായുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കാന്‍ ഉര്‍ജിത് പട്ടേല്‍ ആലോചിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം രാജിയില്‍ നിന്ന് പട്ടേല്‍ പിന്മാറുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെയാണ് രാജി. 


കരുതല്‍ധനത്തില്‍ നിന്ന് പണം കൈമാറുന്നതും വായ്പാ പരിധിയുമടക്കമുള്ള വിഷയങ്ങളില്‍ ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യയാണ് ആദ്യം വെളിപ്പെടുത്തിയത്. 

 കേന്ദ്ര ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ അടക്കമുള്ളവര്‍ റിസര്‍വ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 9.6 ലക്ഷം കോടി രൂപ കുതല്‍ ധനത്തില്‍ മൂന്നിലൊന്ന് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കായി കൈമാറണമെന്ന ആവശ്യത്തില്‍ ആര്‍ബിഐ ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു.

ആര്‍ബിഐയുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് വിരാല്‍ ആചാര്യ അടക്കമുള്ളവര്‍ ആരോപിച്ചപ്പോള്‍ ആര്‍ബിഐയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നായിരുന്നു ആര്‍ബിഐ ആക്‌ട് ചൂണ്ടിക്കാട്ടി അരുണ്‍ ജയ്റ്റ്‌ലിയുടെ മറുപടി. യാതൊരു നിയന്ത്രണവുമില്ലാതെ തോന്നിയ പോലെ വായ്പകള്‍ നല്‍കുന്ന നയത്തിലൂടെ കിട്ടാക്കടം വര്‍ദ്ധിപ്പിച്ചതിന് ഉത്തരവാദികള്‍ റിസര്‍വ് ബാങ്കും യുപിഎ സര്‍ക്കാരുമാണ് എന്ന് ജയ്റ്റ്‌ലി ആരോപിച്ചിരുന്നു.


അതേസമയം ചെറുകിട, ഇടത്തരം വ്യവസായങ്ങള്ര്‍ക്കുള്ള വായ്പാ പ്രശ്നവുമായി ബന്ധപ്പെട്ട് ആര്‍ബിഐയ്ക്കും ഉര്‍ജിത് പട്ടേലിനുമെതിരെ രൂക്ഷവിമര്‍ശനമാണ് സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിച്ചിരുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്ക് 25 കോടി രൂപ വരെ വായ്പ അനുവദിക്കാന്‍ കഴിഞ്ഞ മാസം ആര്‍ബിഐ തീരുമാനിച്ചിരുന്നു. 

ഉര്‍ജിത് പട്ടേല്‍ ആത്മാര്‍ത്ഥതയുള്ള മികച്ച പ്രൊഫഷണലാണെന്നും ആറ് വര്‍ഷം ഡെപ്യൂട്ടി ഗവര്‍ണര്‍, ഗവര്‍ണര്‍ പദവികളില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത് എന്നും ഉര്‍ജിത്തിന്റെ അഭാവം നഷ്ടമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
 
Previous Post Next Post
3/TECH/col-right