Trending

ശബരിമല:ഹര്‍ജി എപ്പോള്‍ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും

ദില്ലി: ശബരിമല കേസില്‍ ഉടന്‍ ചിലത് നടക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇക്കാര്യം വ്യക്തമാക്കിയത്. അത്യന്തം നാടകീയ സംഭവങ്ങള്‍ക്കാണ് സുപ്രിം കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്. 



ചീഫ് ജസ്റ്റിസിന് മുന്‍പാകെ പല ഹര്‍ജികളും അടിയന്തിരമായി കേള്‍ക്കണമെന്ന ആവശ്യം എത്തിയിരുന്നു. ശബരിമലയ്ക്ക് പുറമേ മറ്റ് പല കേസുകളുടേയും റിവ്യൂ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യമെന്നാണ് ഉയര്‍ന്നുവന്നത്. പക്ഷേ ഹര്‍ജികളൊന്നും തന്നെ ഉടന്‍ പരിഗണിക്കേണ്ടതില്ലെന്ന നിലാപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. എന്നാല്‍ ശബരിമല കേസുമായി ബന്ധപ്പെട്ട അഭിഭാഷകനായ മാത്യു നെടുമ്പാറ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ചീഫ് ജസ്റ്റിസ് ഗൗരവകരമായി പരിഗണിക്കുകയായിരുന്നു. 

അഞ്ചംഗ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് താനൊരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് മാത്യു നെടുമ്പാറ ചീഫ് ജസ്റ്റിസും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും അടങ്ങുന്ന ബഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഏതാണ്ട് മൂന്ന് മിനുട്ടോളം ചീഫ് ജസ്റ്റിസ് ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് സ്ഞ്ജയ് കിഷന്‍ കൗളുമായി ചര്‍ച്ച നടത്തി. ഇതിനു ശേഷം കേസ് എപ്പോള്‍ കേള്‍ക്കണമെന്ന് നാളെ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. 

ശബരിമല വിധിയുമായി ബന്ധപ്പെട്ട് 19 റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍ എത്തിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഞ്ചംഗ ബഞ്ചിന്റെ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയാണ് സുപ്രിംകോടതി പരിഗണിക്കാന്‍ പോകുന്നത്. 

ആദ്യം പരിഗണനക്കെത്തിയ ഒരു ഡസനോളം ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാനാകില്ല എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ശബരിമല സ്ത്രീപ്രവേശന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളുമായി മൂന്ന് മിനുട്ട് ചര്‍ച്ച നടത്തിയത്. ഇതിനു ശേഷമാണ് കേസ് എപ്പോള്‍ പരിഗണിക്കുമെന്ന് നാളെ തീരുമാനിക്കുമെന്ന് അറിയിച്ചത്. 

ശബരി മല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സുപ്രിംകോടതിക്ക് വ്യക്തമായ ബോധ്യം ഉണ്ടെന്ന് തന്നെയാണ് റിട്ട് ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്നുള്ള തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മീടൂ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കാതെയാണ് ശബരിമല വിഷയം പരിഗണിച്ചിരിക്കുന്നത്.

Previous Post Next Post
3/TECH/col-right