എടിഎമ്മില്‍ നിന്നുളള പണം പിന്‍വലിക്കുന്നതിനുളള പരിധി 40,000 രൂപയില്‍ നിന്ന് 20,000 രൂപയിലേക്ക് വെട്ടിക്കുറയ്ക്കാനുളള സ്റ്റേറ്റ് ബാങ്കിന്‍റെ തീരുമാനം വലിയ ആശങ്കയാണ് രാജ്യത്ത് സൃഷ്ടിച്ചത്. എടിഎം ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും 20,000 ത്തില്‍ താഴെ മാത്രമാണ് പിന്‍വലിക്കുന്നതെന്നാണ് എസ്ബിഐ പറഞ്ഞ വിശദീകരണം. 
എന്നാല്‍, വിവിധ ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്കിന്‍റെ പാത പിന്‍ തുടര്‍ന്ന് എടിഎം പിന്‍വലിക്കല്‍ പരിധി കുറയ്ക്കാനുളള ആലോചനകള്‍ നടക്കുന്നതായുളള വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ എടിഎമ്മുകളുടെ പ്രധാന്യം രാജ്യത്ത് കുറയ്ക്കാനായി ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണവും ഉയര്‍ന്നിട്ടുണ്ട്.


പിന്‍വലിക്കല്‍ പരിധി കുറയ്ക്കുന്നതോടെ പണം പിന്‍വലിക്കാനായി ആളുകള്‍ക്ക് കൂടുതല്‍ തവണ എടിഎമ്മില്‍ പോകേണ്ടി വരും.


ഇതിലൂടെ സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ കൂടുതല്‍ തുക ബാങ്കുകള്‍ക്ക് ഈടാക്കാനാകും. ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് ജനങ്ങളെ എത്തിക്കാനുളള കുറുക്കുവഴിയായാണ് ഇത്തരം തീരുമാനങ്ങളെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വാദഗതി. അതായത് കറന്‍സിയിലൂടെയുളള പണം ഇടപാടുകളെ പതുക്കെക്കൊണ്ട് വലിയ തോതില്‍ വെട്ടിക്കുറയ്ക്കുക.


2016 നവംബര്‍ എട്ടിന് ശേഷം


2016 നവംബര്‍ എട്ടിന് രാജ്യത്ത് 17.20 ലക്ഷം കോടി രൂപ മൂല്യമുളള നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുനിന്നത്. എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 19.22 ലക്ഷം കോടി കറന്‍സി നോട്ടുകളാണ് പ്രചാരണത്തിലുളളത്. അതായത് നോട്ട്നിരോധത്തിന് മുന്‍പ് ഉള്ളതിനേക്കാള്‍ 2.02 ലക്ഷം കോടി രൂപ മൂല്യമുളള കറന്‍സി നോട്ടുകള്‍ കൂടുതല്‍. 


നോട്ട് നിരോധനത്തോടെ വളര്‍ന്ന് പന്തലിച്ച പേയ്മെന്‍റ് ആപ്പുകളുടെ ഉപയോഗം, കറന്‍സി നോട്ടുകള്‍ പഴയപോലെ വിപണിയില്‍ വ്യാപകമായതോടെ പിന്നണിയിലേക്ക് നീങ്ങിത്തുടങ്ങി. ഈ സാഹചര്യത്തില്‍ എടിഎം പിന്‍വലിക്കല്‍ പരിധി താഴ്ത്താനുണ്ടായ തീരുമാനം വിപണിയില്‍ കറന്‍സി നോട്ടുകളുടെ സ്വാധീനം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുളളതാണെന്ന് ബാങ്കിങ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 


നോട്ട് നിരോധനത്തിന് ശേഷം അതിന് സമാനമായ നോട്ട് പ്രതിസന്ധി കഴിഞ്ഞ ഏപ്രില്‍ -മേയ് മാസങ്ങളില്‍ ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ചില സംസ്ഥാനങ്ങളിലുണ്ടായത് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു. നോട്ട് നിരോധന ശേഷമുണ്ടായ ഇത്തരം നിരവധി എടിഎം പ്രതിസന്ധി വിപണിയിലെ പണമൊഴുക്കിനെ വലിയതോതില്‍ ബാധിച്ചിരുന്നു. പണം ജനങ്ങള്‍ എടുത്ത് വ്യക്തിപരമായി സൂക്ഷിക്കുന്ന അവസ്ഥയാണ് രാജ്യത്തിന്‍റെ പലഭാഗത്തും ഉള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

 

ഇത് സാമ്പത്തിക രംഗത്ത് കറന്‍സി ക്രഞ്ച് അഥവാ ലിക്വിഡിറ്റി ക്രഞ്ചിന് കാരണമാകും. കറന്‍സി നോട്ടുകള്‍ അമിതമായി വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നത് മൂലമുളള സവിശേഷ സാഹചര്യമാണിത്.


എടിഎം പിന്‍വലിക്കല്‍ പരിധിയില്‍ നിയന്ത്രണം കൊണ്ടുവരാനുളള പൊതു മേഖല ബാങ്കുകള്‍ അടക്കമുളളവരുടെ തീരുമാനവും, സാമൂഹിക ഭീഷണിയായി വളരുന്ന കറന്‍സി ക്രഞ്ചും പതുക്കെക്കൊണ്ട് രാജ്യത്തെ കറന്‍സി നോട്ടുകളുടെ ക്ഷാമത്തിലേക്ക് നയിച്ചേക്കാം.