Trending

ഹജ്ജ്: ട്രെയിനര്‍മാര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ഹജ്ജ് 2019 ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഹജ്ജ് അപേക്ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കല്‍, അപേക്ഷയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും കൃത്യമായും സമയ ബന്ധിതമായും ഹജ്ജ് കമ്മിറ്റി ഓഫിസില്‍ എത്തിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കല്‍ എന്നിവയാണ് ട്രെയിനര്‍മാരുടെ പ്രധാന ചുമതല. ഹജ്ജ് അപേക്ഷ ലഭ്യമാക്കുകയും പൂരിപ്പിച്ച് നല്‍കുകയും വേണ്ട രേഖകളെക്കുറിച്ച് വിവരം നല്‍കുകയും വേണം.



തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ മൂന്ന് ഘട്ടങ്ങളിലായി പരിശീലന ക്ലാസുകള്‍ നല്‍കണം. ഇതോടൊപ്പം മെഡിക്കല്‍ ക്യാപും കുത്തിവയ്പ് ക്യാംപും സംഘടിപ്പിക്കണം.
ഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സമയത്തിന് ഹാജിമാരെ അറിയിക്കുകയും ഹജ്ജ് കമ്മിറ്റി ഏല്‍പ്പിക്കുന്ന മറ്റ് ചുമതലകള്‍ വഹിക്കുകയും പ്രതിഫലമൊന്നും കൂടാതെ പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ താല്‍പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്.





താല്‍പര്യമുള്ളവര്‍ക്ക് തങ്ങളുടെ അപേക്ഷകള്‍ 2018 ഒക്ടോബർ  9 നകം എക്‌സിക്യുട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, കലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ, മലപ്പുറം-673647 എന്ന വിലാസത്തില്‍ നിശ്ചിത ഫോറത്തില്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്. നേരത്തെ ട്രെയ്‌നര്‍ സേവനത്തില്‍നിന്ന് ഒഴിവായവരും ഒഴിവാക്കപ്പെട്ടവരും ഈ വര്‍ഷം അപേക്ഷിക്കാന്‍ അര്‍ഹരല്ല.

അപേക്ഷകര്‍ക്ക് 2018 ഒക്ടോബറില്‍ 50 വയസ് കവിയരുത്. ഹജ്ജ് കര്‍മം നിര്‍വഹിച്ചവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.






അഭിമുഖം:

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ 11ന് രാവിലെ 10നും, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ 12ന് രാവിലെ 10നും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹാജരാകണം. 

തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവര്‍ 13ന് രാവിലെ 10ന് എറണാകുളം കലൂര്‍ വഖ്ഫ് ബോര്‍ഡ് ഓഫിസില്‍ ഹാജരാകണം.
Previous Post Next Post
3/TECH/col-right