Trending

പൊതുമാപ്പ്: കാലാവധി കഴിഞ്ഞും അനധികൃത താമസം തുടര്‍ന്നാല്‍ കടുത്ത ശിക്ഷയെന്ന് യു.എ.ഇ

അബൂദാബി:പൊതുമാപ്പ് അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാര്‍ കര്‍ക്കശ ശിക്ഷ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഒക്‌ടോബര്‍ 31 നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുക. അനധികൃത താമസക്കാര്‍ എത്രയും വേഗം രാജ്യംവിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍  ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.




പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്ത് തുടരുന്നവര്‍ കനത്ത പിഴയും തടവും അനുഭവിക്കേണ്ടി വരും. നിയമലംഘകരെ ജോലിക്കുവെക്കുന്ന കമ്പനി ഉടമക്ക് ആളൊന്നിന് അര ലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം ദിര്‍ഹമായി വര്‍ധിക്കുമെന്നും വ്യക്തമാക്കി.

നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ യു.എ.ഇ ഒരുക്കിയിരിക്കുന്നത്.  ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും.  പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്നും നിയമലംഘകര്‍ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. 

വിവിധ കാരണങ്ങളാല്‍ നിയമലംഘകരായി കഴിയുന്ന വിദേശികളുടെ താമസം നിയമവിധേയമാക്കാനാണ് അധികൃതര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ഇവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വിസ നല്‍കും. നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മാത്രമേ എക്‌സിറ്റ് പാസ് നല്‍കി തിരിച്ചയക്കുന്നുള്ളൂ. ഇവര്‍ക്ക് വീണ്ടും യു.എ.ഇയിലേക്ക് വരാന്‍ തടസമില്ലെന്നും വ്യക്തമാക്കുന്നു.
Previous Post Next Post
3/TECH/col-right