Trending

കരിപ്പൂർ:സൗദി എയർലൈൻസിന്റെ ഷെഡ്യൂൾ അടുത്തയാഴ്ച .

കരിപ്പൂർ: സൗദി അറേബ്യൻ എയർലൈൻസിന്റെ കരിപ്പൂർ ജിദ്ദ, റിയാദ് വിമാന സർവ്വീസുകളുടെ ഷെഡ്യൂൾ അടുത്തയാഴ്ച പുറത്തിറങ്ങും. പുതിയ സ്റ്റേഷൻ വ്യോമയാന മന്ത്രാലയം അനുവദിച്ചുള്ള ഉത്തരവ് രണ്ടു ദിവസത്തിനകമുണ്ടാകുമെന്ന് സൗദി എയർലൈൻസ് അധികൃതർ പറഞ്ഞു. ഇതിന് ശേഷമാണ് ഷെഡ്യൂൾ ക്രമീകരിക്കുക. അടുത്ത മാസം ആദ്യത്തിലായിരിക്കും സർവ്വീസ് ആരംഭിക്കുക.



തിരുവനന്തപുരം സർവ്വീസ് നിലനിർത്തിയാണ് കരിപ്പൂർ സർവ്വീസ് പുനരാരംഭിക്കുന്നത്.സൗദി എയർലൈൻസിന്റെ എയർബസ് 330  വിമാനമാണ് ആദ്യഘട്ടത്തിൽ സർവ്വീസിനെത്തിക്കുന്നത്. ഈ വിമാനത്തിൽ 298 പേർക്ക് സഞ്ചരിക്കാനാവും. യാത്രക്കാർക്ക് അനുസരിച്ച് കാർഗോയും കൊണ്ടുപോകും. ആദ്യ ഘട്ടത്തിൽ പകൽ സമയത്താണ് വിമാനങ്ങളുടെ സർവ്വീസ് ക്രമീകരിക്കുന്നത്. കൊച്ചിയിൽ നിന്നുള്ള സർവ്വീസാണ് ഇതിനായി പിൻവലിക്കുക. കൊച്ചിയിലേക്ക് നിലവിൽ 14 സർവ്വീസുകളാണ് നടത്തുന്നത്.


 കരിപ്പൂരിലേക്ക് സർവ്വീസ് പിൻവലിക്കുന്നതോടെ കൊച്ചിയിൽ ഏഴ് സർവ്വീസുകളായി ചുരുങ്ങും. യാത്രക്കാർ കൂടുതലുണ്ടാകുന്ന പക്ഷം അഡീഷണൽ സർവ്വീസ് നടത്താനാണ് സൗദിയയുടെ തീരുമാനം. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ ഏഴ് സർവ്വീസുകളാണ് കരിപ്പൂരിൽ നിന്ന് നടത്തുക. ഇതിൽ അഞ്ച് സർവ്വീസുകൾ ജിദ്ദയിലേക്കും രണ്ട് സർവ്വീസുകൾ റിയാദിലേക്കുമായിരിക്കും.

സൗദിയക്ക് കരിപ്പൂരിൽനിന്ന് സർവ്വീസ് നടത്താൻ രണ്ടു മാസം മുമ്പ് അനുമതി ലഭിച്ചിരുന്നെങ്കിലും തിരുവനന്തപുരം സർവ്വീസിനെ ചൊല്ലിയാണ് വൈകിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 2017 ഒക്ടോബർ മുതൽ 2020 വരെ ജിദ്ദയിലേക്ക് സർവ്വീസ് നടത്താൻ താൽക്കാലിക അനുമതി സൗദിയക്കുണ്ട്. 


മലബാറിലെ എം.പിമാരുടെ ഇടപെടലിനെ തുടർന്ന് തിരുവനന്തപുരം നിലനിർത്തി തന്നെ കരിപ്പൂരിന് അനുമതി നൽകുകയായിരുന്നു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വെള്ളിയാഴ്ചക്കകം ലഭിക്കുമെന്നാണ് സൂചന. 2015 മെയ് മുതലാണ് കരിപ്പൂരിൽനിന്ന് സൗദിയ സർവ്വീസ് പിൻവലിച്ചത്.
Previous Post Next Post
3/TECH/col-right