Trending

മൃതദേഹങ്ങളുടെ കാര്‍ഗോ ഫീസ് ഇരട്ടിയാക്കി:എയര്‍ ഇന്ത്യ

ദുബായ്:മൃതദേഹങ്ങളോട് കരുണയില്ലാത്ത നിലപാടുമായി എയര്‍ ഇന്ത്യ. മൃതദേഹങ്ങള്‍ സൗജന്യമായി കൊണ്ടുപോകണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ, ഫീസ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചാണ് ദേശീയ എയര്‍ലൈനിന്റെ പ്രതികാരം. അമ്പതു ശതമാനം ഇളവിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയിരുന്നതെന്നും അത് ഒഴിവാക്കിയതാണ് എന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.




ഇതിനെതിരെ സാമൂഹിക സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.
ഭാരം അനുസരിച്ചാണ് മൃതദേഹത്തിന് കാര്‍ഗോ നിരക്ക് ഈടാക്കുന്നത്. പരമാവധി പെട്ടിയടക്കം 120 കിലോയോളം വരുമെന്നതിനാല്‍ 1800 ദിര്‍ഹം വരെയാണ് നല്‍കേണ്ടിയിരുന്നത്. ഇത് ഒറ്റയടിക്ക് 4000 ആക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ, ഹാന്‍ഡ്‌ലിങ് നിരക്ക് കിലോക്ക് രണ്ട് ദിര്‍ഹത്തോളവും നല്‍കണം. കഴിഞ്ഞ ദിവസം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയ മൃതദേങ്ങള്‍ക്ക് ഇത്രയും തുക നല്‍കിയതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.




ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്കാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട്ടേയ്ക്ക് നേരത്തെ കിലോയ്ക്ക് 15 ദിര്‍ഹം ഈടാക്കിയിരുന്നിടത്ത് ഇപ്പോള്‍ 30 ദിര്‍ഹം വരെയാകുന്നു. മറ്റു  വിമാനത്താവളങ്ങളിലേക്കും ഏതാണ്ട് ഇതേ നിരക്കാണ്. 



മൃതദേഹം തൂക്കി നോക്കി നിരക്കേര്‍പ്പെടുത്തുന്ന പ്രവണത ഒഴിവാക്കി, 30 വയസിന് താഴെയുള്ളവര്‍ക്ക് 1000 ദിര്‍ഹവും മുകളിലുള്ളവര്‍ക്ക് 1500 ദിര്‍ഹവും നിശ്ചിത ഫീസ് ഈടാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. 

 
ഇതിനായി പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും മനുഷ്യനെ വെറു കാര്‍ഗോ ആയി കാണുന്ന സമീപനത്തിന് മാറ്റമൊന്നുമുണ്ടായിട്ടില്ല.
Previous Post Next Post
3/TECH/col-right