Trending

ഡി.ജെ. ചമഞ്ഞ് പെൺകുട്ടികളെ വലയിലാക്കൽ, പ്രണയനൈരാശ്യം പകയായി

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ കുമ്പളം ചിറപ്പുറത്ത് ഫയാസ് മുബീൻ (20) പെൺകുട്ടികളെ വലയിലാക്കാൻ തുടങ്ങിയത് പ്രണയനൈരാശ്യത്തിന്റെ പക. നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ പെൺകുട്ടിയുമായുള്ള ആദ്യപ്രണയം പരാജയപ്പെട്ടതോടെ ഉണ്ടായ പകയാണ് പെൺകുട്ടികളെ ചതിയിൽപ്പെടുത്താൻ തീരുമാനിച്ചത്.


വിദ്യാർഥിയായിരിക്കെ വാങ്ങിയ (ഡ്യൂക്ക് ആർ.സി. 200 ബ്രാന്റ്) പഴയ ബൈക്കിലായിരുന്നു ഫയാസിന്റെ സഞ്ചാരം. അതിനിടയിൽ പ്രണയിച്ച പെൺകുട്ടി ഈ ബൈക്ക് ഉപയോഗിക്കുന്നതിൽ പലവട്ടം അനിഷ്ടം പ്രകടിപ്പിക്കുകയും പിണങ്ങുകയും ചെയ്തു. ഒരു വർഷം ഇണങ്ങിയും പിണങ്ങിയും പ്രണയം മുന്നോട്ടുപോയി. എന്നാൽ, ബൈക്ക് ഉപേക്ഷിക്കാൻ തയ്യാറാകാത്തതോടെ ഫയാസിനെ പെൺകുട്ടി ഉപേക്ഷിച്ചു.

ഇതിന്റെ പകയിൽ ഇതേ ബൈക്കിൽ ചുറ്റിത്തിരിഞ്ഞ് നിരവധി പെൺകുട്ടികളുമായി സൗഹൃദമുണ്ടാക്കി. പിന്നീട് അവരുടെ ചെലവിലായി ജീവിതം. ദിവസവും 200 രൂപമുതൽ 300 രൂപവരെ ചെലവുവരുന്ന വിധത്തിലായി പിന്നീടുള്ള ജീവിതം. പണത്തിനായി കൂടുതൽ പെൺകുട്ടികളുമായി സൗഹൃദം വിപുലപ്പെടുത്തിക്കൊണ്ടേയിരുന്നു. ഇതിനിടയിൽ മുക്കത്തെ വിദ്യാലയത്തിലെ വിദ്യാർഥിനിയും ചേവരമ്പലം സ്വദേശിയുമായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയതോടെയാണ് പോലീസ് വലയിലായത്. വെള്ളിമാടുകുന്നിലെ ഒരു സ്ഥാപനത്തിൽ ബി.കോം. ഒന്നാംവർഷപഠനത്തിന് മെറിറ്റിൽ പ്രവേശനം ലഭിച്ച ഫയാസിന് എസ്.എസ്.എൽ.സി.ക്ക് 92 ശതമാനം മാർക്കും പ്ലസ് ടുവിന് 82 ശതമാനം മാർക്കുമുണ്ട്. ഡിസ്കോ ജോക്കിയെന്ന് (ഡി.ജെ.) ഫെയ്സ് ബുക്കിൽ സ്വയം പരിചയപ്പെടുത്തിയാണ് പെൺകുട്ടികളെ ആകർഷിച്ചിരുന്നത്.

ഹോസ്റ്റലിലെ ഒരു കുട്ടിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം ഫയാസിനുനേരെ തിരിഞ്ഞതോടെ ഹോസ്റ്റലിൽനിന്നും പഠിക്കുന്ന സ്ഥാപനത്തിൽനിന്നും മുങ്ങി. ബിലാത്തികുളത്ത്‌ തൊഴിൽ നേടാനുള്ള മത്സരപരീക്ഷാ പരിശീലനകേന്ദ്രത്തിൽ ചേർന്നു. അതിനിടയിൽ സുഹൃത്തായ പതിനേഴുകാരിയിൽനിന്ന് ലഭിച്ച 10,000 രൂപകൊണ്ട് ബൈക്ക് വാങ്ങാൻ കോഴിക്കോട് നഗരത്തിലെ ഒരു സ്ഥാപനത്തിൽ ബുക്കിങ്ങും ചെയ്തു. കൈവശമുള്ള 20,000 രൂപയുടെ ക്യാമറവിറ്റാണ് ബൈക്കിനായി ബുക്കുചെയ്തതെന്നാണ് പോലീസിനോട് പറഞ്ഞത്.

അതിനിടയിൽ പ്രളയബാധിതസമയത്ത് ഇടപ്പള്ളിയിലെ ഒരു പ്രമുഖ കമ്പനിയുടെ ബൈക്ക് യാർഡിൽനിന്ന് ഒരു മോട്ടോർ സൈക്കിൾ മോഷ്ടിച്ചു. യാർഡിലെ ബൈക്കിൽ കീയും ഉണ്ടായിരുന്നത് കവർച്ച എളുപ്പമാക്കി. പ്രളയബാധിത സമയമായതിനാൽ കവർച്ചക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടതുമില്ല. ഇതിന്റെ ഒരുവശത്തെ കണ്ണാടി പൊട്ടിപ്പോയതോടെ വെസ്റ്റ്ഹില്ലിലെ ഒരു ബൈക്ക് യാർഡിൽനിന്ന് 4000 രൂപ വിലയുള്ള രണ്ടു കണ്ണാടികൾ കവർന്നു.

ഈ ബൈക്കിലാണ് പിന്നീട് ചുറ്റിക്കൊണ്ടിരുന്നത്. അമ്പലപ്പുഴ, തൃശ്ശൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഫ്രീക്കൻ ആർ.സി. 200 ഗ്രീൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. വിവിധ ജില്ലകളിലുള്ള ഫ്രീക്കൻ കുട്ടികളെ ഈ ഗ്രൂപ്പിൽ ചേർത്തു. ഗ്രൂപ്പിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫയാസിനോട് കടുത്ത ആരാധനയായിരുന്നു. പെൺകുട്ടികളെ വലയിലാക്കിയാൽ കൂടെത്താമസിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽപ്പെട്ട ആൺകുട്ടികളുടെ വീടുകളാണ് തിരഞ്ഞെടുക്കുക. താമസത്തിന് ഒത്താശചെയ്തുകൊടുത്ത നാലുപേർക്കായി പോലീസ് തിരച്ചിൽ തുടങ്ങി.

തന്റെ ആരാധകരിൽനിന്ന് ശേഖരിക്കുന്ന പണമാണ് ചെലവിനായി ഉപയോഗിക്കുന്നത്. ഇവർക്ക് പോകാനുള്ള സ്ഥലങ്ങളിൽ ബൈക്കിൽ ലിഫ്‌റ്റ് നൽകുകയും തൊട്ടടുത്ത ബങ്കിൽനിന്ന് എണ്ണയടിപ്പിക്കുകയും ചെയ്യുകയാണ് പതിവുരീതി. കുമ്പളത്ത് ഒന്നരസെന്റിൽ ചെറിയ കൂരയിലാണ് താമസം. എന്നാൽ, ആഡംബര ഹോട്ടലുകളിലും മറ്റും സംഗീത-ഡാൻസ് പരിപാടികളിലെ ഡി.ജെ.യാണെന്നാണ് ഫെയ്‌സ് ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പിലും പരിചയപ്പെടുത്താറുള്ളത്. നിർധനയായ അമ്മ വീട്ടുവേലചെയ്ത്‌ ഉപജീവനം കണ്ടെത്തുകയാണ്. സഹോദരി പാലക്കാട്ടെ ഒരു അനാഥാലയത്തിലാണ്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചതിനെത്തുടർന്നാണിത്.
Previous Post Next Post
3/TECH/col-right