Trending

സോഡിയം പോളി അക്രിലേറ്റ്:ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ്.

തിരുവനന്തപുരം:പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ രാസവസ്തു കണ്ണുകള്‍ക്കും ത്വക്കിനും അലര്‍ജി ഉണ്ടാക്കും

വീടുകളില്‍ അടിഞ്ഞുകൂടിയ ചെളിയും വെള്ളവും നീക്കം ചെയ്യാന്‍  ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമായ സോഡിയം പോളി അക്രിലേറ്റ്  ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ്. പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഈ രാസവസ്തു കണ്ണുകള്‍ക്കും ത്വക്കിനും അലര്‍ജി ഉണ്ടാക്കും. കൂടാതെ ശരീരത്തിന് അകത്തുചെന്നാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.




മാത്രമല്ല, സോഡിയം പോളി അക്രിലേറ്റ് വേഗത്തില്‍ ദ്രവിക്കാത്ത മാലിന്യമായതിനാല്‍ അതിന്‍റെ ഉപയോഗം മണ്ണിനെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിച്ചേക്കും. മണ്ണിന്‍റെ നീര്‍വീഴ്ച കുറയ്ക്കുവാനും ഇത് കാരണമാകും. വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യവും നിര്‍മ്മാര്‍ജ്ജനവും ചെയ്യേണ്ട വസ്തുവാണ് സോഡിയം പോളി അക്രിലേറ്റ് എന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ കുറിപ്പിലൂടെ അറിയിച്ചു

സോഡിയം പോളി അക്രിലേറ്റ് എന്ന രാസപദാര്‍ത്ഥമാണ് ചെളിയും വെള്ളവും നീക്കം ചെയ്യാന്‍ പലരും ഉപയോഗിക്കുന്നത്. വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ഭാരത്തിന്‍റെ 200 മുതല്‍ 300 മടങ്ങ് വരെ വെള്ളം വലിച്ചെടുക്കാന്‍ ഈ രാസപദാര്‍ത്ഥത്തിന് കഴിവുണ്ട്.

പ്ലാസ്റ്റിക് ഉണ്ടാക്കുന്ന അതേ പാരിസ്ഥിതിക പ്രശ്നങ്ങള്‍ തന്നെ ഈ രാസപദാര്‍ത്ഥവും ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. 100 ഗ്രാം സോഡിയം പോളി അക്രിലേറ്റിന് 700 രൂപയോളമാണ് വില. 1500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീട്ടിലെ ചെളിയും വെള്ളവും  നീക്കാന്‍ ഒരു കിലോയിലേറെ രാസപദാര്‍ത്ഥം വേണ്ടിവരും. പരിസ്ഥിതി മലിനമാക്കാതെ സ്വാഭീവീക മാര്‍ഗ്ഗങ്ങളിലൂടെ വീട് വൃത്തിയാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം
Previous Post Next Post
3/TECH/col-right