Trending

പരീക്ഷകഴിഞ്ഞ് രണ്ടുവർഷം; റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ PSC



ബിവറേജസ് കോര്‍പ്പറേഷനിലെ (ബെവ്കോ) എല്‍.ഡി.സി. തസ്തികയിലേക്ക് പരീക്ഷയെഴുതി ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം. സാധ്യതാപട്ടികപോലും ഇതുവരെ പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടില്ല.

315 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് പി.എസ്.സി. നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം.

പരീക്ഷയുടെ വിജ്ഞാപനം 2014-ലാണ് വന്നത്. പരീക്ഷ നടന്നത് രണ്ടുവര്‍ഷത്തിനുശേഷം 2016 ഒക്ടോബര്‍ 22-ന്. ഒരുമാസത്തിനുശേഷം ചേര്‍ന്ന പി.എസ്.സി. യോഗം സാധ്യതാപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ 6,000 പേരെ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. സംസ്ഥാനതലത്തില്‍ നടത്തിയ പരീക്ഷയ്ക്ക് ആറരലക്ഷത്തോളംപേര്‍ അപേക്ഷിച്ചിരുന്നു. 3,70,000 പേര്‍ പരീക്ഷയെഴുതി.

ഓഫീസ് അറ്റന്‍ഡന്റ് ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് ക്ലാര്‍ക്ക് ജോലികളും ചെയ്യിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 375 താത്കാലിക ജീവനക്കാരാണുള്ളത്. താത്കാലികമായി 70 ലേബലിങ് വര്‍ക്കര്‍ ജീവനക്കാരും ജോലിചെയ്യുന്നു.

2017, 2018 വര്‍ഷങ്ങളില്‍ ആരെയും സ്ഥിരപ്പെടുത്തിയിട്ടില്ലെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടി. എന്നാല്‍, ഇക്കാലയളവില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതായി ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. കോര്‍പ്പറേഷന്റെ 19 വെയര്‍ഹൗസുകളിലായി മദ്യക്കുപ്പികളില്‍ ലേബലൊട്ടിക്കുന്ന നാനൂറോളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതായാണ് ആക്ഷേപം. കോര്‍പ്പറേഷന്റെ സര്‍വീസ് നിയമപ്രകാരം ലേബലിങ് തൊഴിലാളിയെന്ന തസ്തിക ഇല്ലെന്ന മറുവാദത്തിലൂടെയാണ് സര്‍ക്കാര്‍ ഈ നിയമനത്തെ സാധൂകരിച്ചത്.

ഒ.എം.ആര്‍. മെഷീന്‍ തകരാറെന്ന് മറുപടി

റാങ്ക് പട്ടിക വൈകുന്നതിനെ സംബന്ധിച്ച് പി.എസ്.സി. ഓഫീസില്‍ ബന്ധപ്പെട്ടാല്‍ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു. ഒ.എം.ആര്‍. മെഷീന്‍ തകരാറാണെന്ന മറുപടി ലഭിച്ചെന്നും പറയുന്നു. ജനപ്രതിനിധികള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ല. നിയമസഭയില്‍ പ്രശ്‌നം ഉന്നയിച്ചപ്പോഴും നടപടികള്‍ പുരോഗമിക്കുന്നുവെന്ന മറുപടി മാത്രമാണ് കിട്ടുന്നത്.
Previous Post Next Post
3/TECH/col-right