ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. വൈകിട്ട് 4.30നു പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് കരുണാനിധിയുടെ നിലയിൽ മാറ്റമില്ലെന്ന് ചെന്നൈ കാവേരി ആശുപത്രി അറിയിച്ചത്. തീവ്ര ചികിൽസ നൽകുന്നുണ്ടെങ്കിലും പ്രധാന അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടില്ല. ആരോഗ്യ നില അതീവ ഗുരുതരവും അസ്ഥിരവുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണു കരുണാനിധി.
ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിച്ചതോടെ കാവേരി ആശുപത്രി പരിസരത്തേക്ക് ഡിഎംകെ അണികളുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. സ്ത്രീകളുടെ വന്‍സംഘം ആശുപത്രിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിനെ ആശുപത്രി പരിസരത്ത് വിന്യസിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കരുണാനിധിയുടെ മകനും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തി. കനിമൊഴി, എം കെ അഴഗിരി, ടിആര്‍.ബാലു തുടങ്ങി നേതാക്കളും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചെന്നൈ നഗരത്തിലടക്കം പോലീസിനെ വിന്യസിച്ചു കഴിഞ്ഞു. കഴിഞ്ഞ 10 ദിവസമായി കരുണാനിധി കാവേരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും വഷളാകുകയായിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍, ഡിഎംകെ എംഎല്‍എമാര്‍ എന്നിവരെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്.
രാജരത്‌നം സ്റ്റേഡിയത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്.
Tags:
INDIA