Trending

പമ്പ പഴയ പമ്പയാകുമോ:പരിശോധന നടത്തും

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് മൂന്നുമാസംമാത്രം ശേഷിക്കെ, പമ്പയിലെ കെടുതികൾ ഇല്ലാതാക്കാൻ വേണ്ടത് തീവ്രശ്രമം. ദിശ മാറി ഒഴുകുന്ന പന്പയെ ത്രിവേണിയിൽ മൺതടയണവെച്ച് തടഞ്ഞ് പഴയ രീതിയിൽ ആക്കാമോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സർവീസ് റോഡ് ഭാഗത്തേക്ക് പന്പ വഴിമാറി ഒഴിഞ്ഞുപോയത് തടയുകയാണ് ലക്ഷ്യം. ഇത് ചെയ്താൽ പുഴ ത്രിവേണി പാലത്തിന് അടിയിലൂടെയാക്കി പഴയ ദിശയിൽ ആക്കാമോ എന്നാണ് നോക്കുന്നത്. പമ്പയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. 24-ന് മന്ത്രി മാത്യു ടി. തോമസ് പരിശോധന നടത്തും.



പ്ലാന്തോട് റോഡ് മുറിഞ്ഞതിനാൽ ഏറെ പ്രയാസപ്പെട്ടാണ് സംഘം പമ്പയിൽ എത്തിയത്. നവംബർ 16-നാണ് മണ്ഡലകാലത്തിന് നട തുറക്കുന്നത്. ചാലക്കയത്തിനും അട്ടത്തോടിനും ഇടയിൽ പ്ലാന്തോട്ടിൽ 60 സെന്റീമീറ്റർ വീതിയിൽ റോഡ് പിളർന്നതാണ് വലിയ പ്രതിസന്ധി. ഇതിന് സമീപം 100 മീറ്ററോളം ദൂരത്തിൽ റോഡ് ഒലിച്ചുപോയി. അയ്യപ്പൻമാർ എങ്ങനെ പമ്പാ ഗണപതി കോവിലിലെത്തി സന്നിധാനത്തേക്ക് പോകുമെന്ന ചോദ്യത്തിനും ഉത്തരമില്ല. തീർഥാടന കാലത്തിനുമുമ്പ് പമ്പയിലെ പ്രശ്നങ്ങൾ തീർക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.

തകർന്നടിഞ്ഞ പമ്പ

 * വെള്ളപ്പാച്ചിലിൽ ത്രിവേണി പാലത്തിനും നടപ്പാലത്തിനും ഗുരുതരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഇവയുടെ സുരക്ഷ പരിശോധിക്കണം. ചെറിയപാലം പൊളിഞ്ഞുപോയി.

*പമ്പാ മണപ്പുറം ഇല്ലാതായി. പോലീസ് സ്റ്റേഷനുസമീപമാണ് പുതിയ മൺതിട്ട. ഇതിലൂടെ നടക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം

 *നിലവിൽ വെള്ളക്കെട്ടുള്ള സ്ഥലത്താണ് അന്നദാനമണ്ഡപം, ഹോട്ടലുകൾ എന്നിവ. ഇതിലൊരെണ്ണം തകർന്നു.

* ശൗചാലയസമുച്ചയങ്ങളും തകർന്നു

*ഭാഗികമായി തകർന്ന പമ്പയിലെ മരാമത്ത് കോംപ്ലക്സിൽ അറ്റകുറ്റപ്പണി വേണ്ടിവരും.

* ഉരുൾപൊട്ടൽ ഉണ്ടായ ഹിൽടോപ്പിൽനിന്നുള്ള മണ്ണ് വെയ്ബ്രിഡ്ജിലാണ് അടിഞ്ഞുകിടക്കുന്നത്

* പാർക്കിങ് ഗ്രൗണ്ടായ യു ടേൺ മുതൽ ശബരി ഹോട്ടൽ വരെയുള്ള കര പുഴയെടുത്തു.

*കുടിവെള്ളശൃംഖല പൂർണമായും തകർന്നു.

കിണറുകൾ ഉപയോഗശൂന്യമായി ബോർഡിന് നഷ്ടം 200 കോടി പമ്പയിലും ത്രിവേണിയിലും മറ്റ് ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുള്ള ആകെ നഷ്ടം 200 കോടി രൂപ കവിയും. സന്നിധാനത്ത് പൂജാദ്രവ്യങ്ങളോ ജീവനക്കാർക്ക് ഭക്ഷണസാധനങ്ങളോ എത്തിക്കാൻ കഴിയുന്നില്ല. മൂന്ന് മേഖലകൾ തിരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ. പത്തനംതിട്ട മുതൽ പമ്പ വരെയുള്ള നവീകരണപ്രവൃത്തികളുടെ ചുമതല ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ഏറ്റെടുത്തു. ഹരിപ്പാട്, വൈക്കം ഉൾപ്പെടുന്ന രണ്ടാമത്തെ സോണിന്റെ നേതൃത്വം ബോർഡ് അംഗം കെ. രാഘവനാണ്. തിരുവനന്തപുരം മേഖലയിലെ ചുമതല കെ.പി. ശങ്കരദാസും നിർവഹിക്കും. ഇനി നാശനഷ്ടങ്ങൾ വിലയിരുത്താൻ എല്ലാ വകുപ്പുകളുടെയും യോഗം 28-ന് പമ്പയിൽ. ദേവസ്വംമന്ത്രിയും പങ്കെടുക്കും.
Previous Post Next Post
3/TECH/col-right