കൂരാച്ചുണ്ട്: പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള കക്കയം-തലയാട് എസ്റ്റേറ്റ്‌മുക്ക് റോഡിൽ വാഹനയാത്ര ദുരിതമായി. മലബാറിലെ പ്രധാന ടൂറിസ്റ്റ്‌കേന്ദ്രവും ജലവൈദ്യുതകേന്ദ്രവും സ്ഥിതിചെയ്യുന്ന കക്കയത്തേക്കുള്ള പ്രധാനപാതയാണിത്. എം.എൽ.എ. ഈ റോഡിനെ അവഗണിക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അടിയന്തര അറ്റകുറ്റപ്പണിക്കുപോലും മരാമത്തുവകുപ്പ് ഫണ്ടനുവദിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
27-ാം മൈലിനടുത്ത് കഴിഞ്ഞവർഷം മണ്ണിടിച്ചിലിൽ തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. റോഡിന്റെ സംരക്ഷണഭിത്തി തകർന്നതിനാൽ ഗതാഗതം ദുഷ്കരമാണ്. റോഡിനടുത്തുവരെ കരിങ്കൽക്കെട്ട് ഇടിഞ്ഞ് വൻഗർത്തം രൂപപ്പെട്ടു. ടാറിങ് പാടേ നശിച്ചതോടെ ബസ്‌യാത്രപോലും അപകടം നിറഞ്ഞതായി. റോഡിന്റെ ഇരുവശത്തും കാടുനിറഞ്ഞതും വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മൂന്നുവർഷമായി പാതയോരത്തെ കാട് വെട്ടിമാറ്റാത്തതിനാൽ എതിർദിശയിൽനിന്നുവരുന്ന വാഹനങ്ങൾ കാണാൻപോലും സാധിക്കുന്നില്ല. കാടുവെട്ടാൻ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ജോലി കൃത്യമായി നടക്കാറില്ലെന്ന ആക്ഷേപവുമുണ്ട്.
Tags:
KOZHIKODE