കനത്ത മഴയേത്തുടർന്ന് വയനാടും മൂന്നാറും ഒറ്റപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചതോടെയാണ് വയനാട് ഒറ്റപ്പെട്ടത്. നേരത്തെ വയനാട്ടിലേക്കുള്ള മറ്റ് മാര്‍ഗങ്ങളായ കുറ്റ്യാടി ചുരത്തിലും പാല്‍ ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരുന്നു. പേര്യ ചുരത്തില്‍ മാത്രമാണ് ഭാഗികമായെങ്കിലും ഗതാഗതം ഉള്ളത്. ഇവിടെയും ഏത് സമയത്തും ഗതാഗതം തടസ്സപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വയനാട്ടില്‍ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. വൈത്തിരിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. പോലീസ് സ്റ്റേഷന് അടുത്തുള്ള ലക്ഷംവീട് കോളനിയില്‍ മണ്ണിനടിയില്‍പെട്ട വീട്ടമ്മ മരിച്ചു. ജോര്‍ജ്ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. വൈത്തിരി പോലീസ് സ്റ്റേഷന്‍ ഉള്ളില്‍ ഭാഗികമായി മണ്ണു നിറഞ്ഞു കിടക്കുന്നു. പോലീസ് സ്റ്റേഷനിലെ മെസ് ഹൗസ് പൂര്‍ണമായും തകര്‍ന്നു. മണ്ണ് ഇടിച്ചിലില്‍ ലക്ഷംവീട് കോളനിയിലെ 2 വീട് പൂര്‍ണ്ണമായും 7 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പഞ്ചാരകൊല്ലി വാളാട്ടുക്കുന്നില്‍ ഉരുള്‍ പൊട്ടി പാലം ഒലിച്ചുപോയി. 15 കുടുംബങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വനത്തിലൂടെ മാത്രമേ പുറത്തുനിന്ന് ഇവിടേ എത്താനാകൂ. മാനന്തവാടി മക്കിമലയില്‍ ഉരുള്‍പൊട്ടി രണ്ടുപേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യം ഉടന്‍ കണ്ണൂരില്‍ നിന്ന് വയനാട്ടിലെത്തും.
Tags:
KOZHIKODE