പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികളെ: നഷ്ടം 118 കോടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 31 August 2018

പ്രളയം തകര്‍ത്തത് 1801 അംഗന്‍വാടികളെ: നഷ്ടം 118 കോടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1801 അംഗന്‍വാടികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാഥമിക കണക്കെടുപ്പില്‍ 131 അംഗന്‍വാടികള്‍ പൂര്‍ണമായും ഉപയോഗ ശൂന്യമായി. 1670 അംഗന്‍വാടികള്‍ക്ക് ഭാഗീകമായി കേടുപാട് പറ്റിയിട്ടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണത്തിനായി 118 കോടി രൂപ ആവശ്യമായി വരുമെന്നും മന്ത്രി പറഞ്ഞു. ഈ അംഗന്‍വാടികള്‍ക്ക് പകരം താത്ക്കാലികമായി സംവിധാനം ഏര്‍പ്പെടുത്തും. പുതിയ അംഗന്‍വാടി രൂപകല്‍പന ചെയ്ത് മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മ്മിക്കാനും തീരുമാനിച്ചു. പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്. ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സഹായ ഉപകരണങ്ങളുടെ കണക്കുകളെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഭിന്നശേഷിക്കാരുടേയും വനിതകളുടേയും നഷ്ടപ്പെട്ട തെഴില്‍ സ്ഥാപനങ്ങള്‍ക്ക് പകരം എന്ത് ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ച് തീരുമാനിക്കും. വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴിയും വനിതാ വികസന കോര്‍പറേഷന്‍ വഴിയും വായ്പകള്‍ ലഭ്യമാക്കുന്നതാണ്.

സാമൂഹ്യനീതി വകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രളയസമയത്ത് നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു.

വനിതാ വികസന കോര്‍പറേഷന്‍ എച്ച്.എല്‍.എല്‍. ന്റെ സഹകരണത്തോടെ 7 ലക്ഷം സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്തു. 10 ലക്ഷം രൂപയുടെ സ്ത്രീകളുടെ ഇന്നര്‍വെയറുകളും വിതരണം ചെയ്തു. ഇതുകൂടാതെ ഒരു ലക്ഷം രൂപയുടെ നോട്ട് ബുക്കുകള്‍, ടിഫിന്‍ ബോക്‌സുകള്‍ എന്നിവയും വിതരണം ചെയ്തു.

വനിതാ ശിശുവികസന വകുപ്പ് ആരോഗ്യ വകുപ്പ്, നിംഹാന്‍സ് എന്നിവയുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നടത്തി വരുന്നു. പ്രളയക്കെടുതിയെത്തുടര്‍ന്ന് കുട്ടികള്‍ക്കുണ്ടായ ആഘാതം പരമാവധി കുറയ്ക്കുന്നതിനായി ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് നടത്താനുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നു.

സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള 93 വയോമിത്രം യൂണിറ്റുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., വികലാംഗ കമ്മീഷണര്‍ ഡോ. ഹരികുമാര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.എസ്. ബിന്ദു, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature