Trending

12 പേരുടെ മരണത്തിൽ വിറങ്ങലിച്ച്‌ ചെറുകാവ് പഞ്ചായത്ത്

കൊണ്ടോട്ടി- കോരിച്ചൊരിയുന്ന മഴയത്ത് രണ്ടു കുടുംബങ്ങളിലെയും അയൽവാസികളുമടക്കം പന്ത്രണ്ടുപേരുടെ ദാരുണ മരണത്തിൽ ഞെട്ടി ചെറുകാവ് ഗ്രാമപഞ്ചായത്ത്.കനത്ത മഴയിൽ രണ്ട് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെറുകാവ് പഞ്ചായത്തിൽ 12 പേരാണ് മരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. 

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഐക്കരപ്പടി പൂച്ചാലിൽ അസീസിന്റെ വീട്ടിൽ ദുരന്തമുണ്ടായത്. മൂത്ത മക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. മഴയിൽ കൂടുതൽ പേരെ വിവരമറിയിക്കാനായി സമീപത്തെ പളളിയിൽനിന്ന് നിരന്തരം അനൗൺസ്‌മെന്റും നടത്തി.
വിവരമറിഞ്ഞ് കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി. മലപ്പുറത്ത് നിന്ന് ഫയർഫോഴസുമെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കുകയായിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട കുട്ടികളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുലർച്ചയോടെ അസീസിന്റെയും ഭാര്യ സുനീറയുടേയും മൃതദേഹം കിട്ടി. മകൻ ഉബൈദിന്റെ മൃതദേഹം അലമാരക്കുളളിൽ കുടുങ്ങിയതിനാൽ രാവിലെ 10 മണിക്ക് ശേഷമാണ് കണ്ടെത്താനായത്. 

ഇതിനിടയിലാണ് പെരിങ്ങാവ് കൊടുപ്പുറം അസ്‌ക്കറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ വാർത്ത കേൾക്കുന്നത്. ഇതോടെ പോലീസും ഫയർഫോഴ്‌സും ദുരന്ത നിവാരണ സേനയും അവിടേക്ക് കുതിച്ചെത്തി. അസ്‌ക്കർ ഉൾപ്പടെ കുടംബത്തിലെ 10 പേരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ 9 പേരും മരിച്ചു. സഹോദരൻ മുഹമ്മദലി രക്ഷപ്പെട്ടു. വീടിന് സമീപമുളള കോഴിയുടെ കൂട് മാറ്റാനുളള ശ്രമത്തിനിടെയാണ് അപകടം. എത്ര പേർ അപകടത്തിൽ പെട്ടെന്ന് അറിയാൻ കഴിയാത്തത് രക്ഷാപ്രവർത്തകരേയും നടുക്കി. പിന്നീട് കാണാതായവരുടെ ലിസ്റ്റ് പരിശോധിക്കുകയായിരുന്നു.തുടർന്ന് രാത്രി വരെ തെരച്ചിൽ നടത്തിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.


 മഴയെ തോൽപ്പിച്ച് രക്ഷാപ്രവർത്തനം 
കൊണ്ടോട്ടി- തിരിമുറിയാതെ പെയ്ത മഴയെ തോൽപ്പിച്ച് സ്വന്തം ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തകർ അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.പുലർച്ചെ തന്നെ പൂച്ചാലിലെ അപകടം അറിഞ്ഞെങ്കിലും രക്ഷാപ്രവർത്തകർക്ക് വീടിനുളളിലേക്ക് പ്രവേശിക്കാനായില്ല.വീട് നാലും ഭാഗവും തറയും ചുമരും മണ്ണ് വീണ് പൊട്ടിയതിനാൽ വീട് പൂർണ്ണമായും തകരുമെന്ന് ആധിയിലായി.ഇതിനെ തുടർന്ന് വീടിന് താങ്ങ് നൽകി ഏറെ പണിപെട്ട് നാട്ടുകാരും പൊലീസും സുരക്ഷ പ്രവർത്തകരും അകത്ത് കയറിയത്.

പൂച്ചാൽ അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് മിനുട്ടുകൾക്കകമാണ് വിളിപ്പാട് അകലെയുളള കൊടപ്പുറത്ത്  അപകടമുണ്ടായത്. ഇവിടേയും വീടിന് സമീപത്തെ കുന്ന് ഇടിഞ്ഞ വീഴുകയായിരുന്നു. എന്നാൽ അപകടത്തിൽ എത്രപേർ പെട്ടിട്ടുണ്ടെന്ന് നിശ്ചയമുണ്ടായിരുന്നില്ല.പിന്നീട് സമീപത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് എടുത്ത് പരിശോധിക്കുകയായിരുന്നു.

വീടിന്റെ പിറക് ഭാഗത്തേക്കാണ് മണ്ണിടിഞ്ഞത്. വീടിന്റെ ടെറസിൽ കയറി അകത്തേക്ക് പ്രവേശിച്ച രക്ഷാ പ്രവർത്തകർ ഒരാളെ കണ്ടെത്തി. തുടർന്നാണ് മറ്റുളളവർ മണ്ണിനടിയിൽ കുടുങ്ങിയ വിവരം അറിയുന്നത്. മണിക്കൂറുകളെടുത്ത് മണ്ണ് നീക്കിയതിന് ശേഷമാണ് ഒൻപത് മൃതദേഹങ്ങളും കണ്ടെത്തിയത്. പോലീസ്,ഫയർഫോഴ്‌സ്,ദുരന്തനിവാര സേന,നാട്ടുകാർ തുടങ്ങിയവരുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് കനത്ത മഴ പ്രതിരോധം തീർത്തിട്ടും മണ്ണ് നീക്കി മൃതദേഹങ്ങൾ പുറത്തെടുത്തത്.

 ഓടിയെത്തി ജനപ്രതിനിധികൾ 
കൊണ്ടോട്ടി- ചെറുകാവിലെ കാലവർഷ ദുരന്തമറിഞ്ഞ് ജനപ്രതിനിധികളും സ്ഥലത്തെത്തി.മ ന്ത്രി കെ.ടി ജലീൽ,പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ടി,വി ഇബ്രാഹീം എം.എൽ.എ,പഞ്ചായത്ത്,ബ്ലോക്ക് പ്രതിനിധികളും സ്ഥലത്തെത്തി.രക്ഷാ പ്രവർത്തകർക്ക് നിർദേശം നൽകാനും മറ്റു നടപടികൾ പൂർത്തിയാക്കാനും ഇവരുടെ സഹായമുണ്ടായിരുന്നു.
   
 അപകട സ്ഥലത്ത് ആളെ നിയന്ത്രിച്ച് നാട്ടുകാർ 
കൊണ്ടോട്ടി-ചെറുകാവിലെ ദുരന്ത സ്ഥലങ്ങളിലേക്ക് ആളുകളെ നിയന്ത്രിച്ച് നാട്ടുകാരും പോലീസും.പൂച്ചാലിൽ അപകടമുണ്ടായതോടെ ദേശീയപാത കൈതക്കുണ്ടയിൽ നിന്ന് പൂച്ചാലിലേക്കുളള വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.ഇതോടെ ഗതാഗതക്കുരുക്കും ഒഴിവാക്കാനായി.കൊടപ്പുറത്തും കനത്ത സുരക്ഷയൊരുക്കി.മണ്ണിടിച്ചിൽ ശക്തമാകുമെന്ന അറഞ്ഞതോടെ പ്രദേശത്തേക്ക് കൂടുതൽ പേരെ കയറ്റിയില്ല.

 മധുവിധു മാറും മുമ്പേ മരണം 
കൊണ്ടോട്ടി- വിവാഹം കഴിഞ്ഞ മൂന്നാം നാൾ മരണത്തിലേക്ക് നടന്ന് ഇർഫാൻ. പെരിങ്ങാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് മരിച്ച മുഹമ്മദലിയുടെ മകൻ ഇർഫാൻ കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതനായത്. അയൽപക്കത്ത് മണ്ണിടിച്ചിൽ കണ്ടതിനെ തുടർന്ന് കോഴിക്കൂട് മാറ്റാനായി പോയപ്പോഴാണ് ദുരന്തമുണ്ടായത്.പാണ്ടികശാല കുട്ടിരായീന്റെ മകൾ ഫായിഷയുടെ നിക്കാഹും ഒരുമാസം മുമ്പാണ് കഴിഞ്ഞത്.കുടംബത്തിൽ പെട്ടവരുടേയും അയൽവാസികളുടേയും ദാരുണ മരണങ്ങളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് പ്രദേശം.
Previous Post Next Post
3/TECH/col-right