ഇയ്യാട് : സ്കൂളിൽ നിന്ന് കാണാതായ യുകെജി വിദ്യാർഥിയെ കണ്ടെത്താനായില്ല. ഇയ്യാട് ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി ചേലത്തൂർ മീത്തൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് യാസിമിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായത്. പൊലീസും അഗ്നിശമനസേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരുടെ സഹകരണത്തോടെ പ്രതികൂല കാലാവസ്ഥയിലും രാത്രി വൈകും വരെ തിരച്ചിൽ നടത്തിയിരുന്നു.
സ്കൂൾ പരിസരം മുഴുവന്‍ പരിശോധിച്ചതിനു പുറമെ സമീപത്തെ തോട്ടിലും തോട് ചേരുന്ന പൂനൂർ പുഴയുടെ ഭാഗത്തും തിരച്ചിൽ നടത്തി. തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. വൈകിട്ട് മൂന്നരയോടെയാണ് സ്കൂൾ വിട്ടത്. സ്കൂൾ വിട്ട ശേഷം വിദ്യാർഥികൾ വാഹനങ്ങളിലും അല്ലാതെയും പോയ ശേഷം ക്ലാസ് മുറിയിൽ യാസിമിന്റെ ബാഗ് കണ്ടതോടെയാണ് കുട്ടിയെ കുറിച്ച് ആദ്യം അന്വേഷണം നടത്തുന്നത്. പതിവ് വാഹനത്തിൽ മകൻ എത്താതായതോടെ യാസിമിന്റെ മാതാവ് സ്കൂളിൽ എത്തി.
അതോടെ നാട്ടുകാരും പിന്നീട് പൊലീസും അഗ്നിശമനസേനയും തിരച്ചിൽ തുടങ്ങുകയായിരുന്നു. സ്കൂളിനു പുറകു വശത്തോടെ ഒഴുകുന്ന കൈത്തോട്ടിൽ ശക്തമായ ഒഴുക്ക് ഉണ്ടായിരുന്നു. ഇത് ചേരുന്ന ഭാഗത്തെ തോട്ടിലും വയലിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. പൂനൂർ പുഴയിൽ നെല്ലാങ്കണ്ടി വരെ ഇന്നലെ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.
Tags:
ELETTIL NEWS