50 കുട്ടികളെങ്കിലുമുള്ള ബാച്ചുകളിലാണ് അധ്യാപക തസ്തിക സൃഷ്ടിക്കുക. 2014-ല്‍ അനുവദിച്ച ചില ബാച്ചുകളില്‍ 50 കുട്ടികളില്‍ കുറവുള്ളയിടത്ത് തസ്തിക അനുവദിച്ചിട്ടില്ല. ആദ്യവര്‍ഷം ബാച്ച് തുടങ്ങിയത് അധ്യയനവര്‍ഷം പകുതി പിന്നിട്ട ശേഷമായിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തുകയും ചെയ്തു. ഈ ബാച്ചുകളിലും അധ്യാപക തസ്തിക അനുവദിക്കണമെന്ന് അധ്യാപകസംഘടനകള്‍ ആവശ്യപ്പെടുന്നു. 2014-ലെ 28 ബാച്ചുകളിലേക്കാണ് കുട്ടികള്‍ കുറവായതിനാല്‍ തസ്തിക അനുവദിക്കാത്തത്. തസ്തിക അനുവദിച്ചിടത്ത് ശമ്പളം കിട്ടിത്തുടങ്ങിയിട്ടില്ലെന്ന പരാതിയുമുണ്ട്.
അധ്യാപക തസ്തിക അനുവദിക്കുന്നതിനുമുമ്പ് പീരിയഡുകളുടെ എണ്ണവും പുനഃക്രമീകരിച്ചിരുന്നു. നിലവില്‍ 25 പീരിയഡിനാണ് ഒരു അധ്യാപകതസ്തിക. രണ്ടാമത്തെ തസ്തികയ്ക്ക് അധികമായി ഏഴ് പീരിയഡ് വേണം. ഏഴില്‍ കുറവാണെങ്കില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കണം. സാമ്പത്തികബാധ്യത കൂടി കണക്കിലെടുത്താണ് തസ്തിക നിശ്ചയിക്കാനുള്ള മാനദണ്ഡം പുനഃക്രമീകരിച്ചത്. ആയിരത്തില്‍പ്പരം തസ്തിക അനുവദിക്കാന്‍ വലിയ സാമ്പത്തികബാധ്യത വരുമെന്നതിനാല്‍ ആദ്യം സര്‍ക്കാര്‍ സ്‌കൂളിലെയും പിന്നീട് എയ്ഡഡ് സ്‌കൂളിലെയും തസ്തികകള്‍ക്ക് അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.