Trending

LIVE ദാറുൽ ഹുദയിൽ ഇന്ന് 14-02-2018 പ്രഭാഷണം : ഹാഫിള് അഹമ്മദ് കബീർ ബാഖവി LIVE



ദാറുൽ ഹുദാ ഇസ്ലാമിക സെന്റർ വാർഷിക   മത പ്രഭാഷണ പരിപാടിയുടെ  ദിനമായ ഇന്ന്  14 -02 -2017 തിങ്കൾ രാത്രി 7.30 ന് 


പ്രഭാഷണം : ഹാഫിള് അഹമ്മദ് കബീർ ബാഖവി
വിഷയം : ബീവി ഖദീജ പ്രണയാര്‍ദ്ര ദാമ്പത്യത്തിലെ മാണിക്യം






മുത്ത് നബി(സ)യുടെയും പത്നി ഖദീജതുൽ കുബ്റാ (റ)അൻഹ യുടെയും ജീവിത ചരിത്രം..



🌹ഇസ്ലാമിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി  വച്ച പകരം വെക്കാൻ ഇല്ലാത്ത..
ദാമ്പത്യ ജീവിതം കൂടിയാണ്.. 👇🏻🌷

"മാണിക്യമലരായ പൂവി
മഹതിയാം ഖദീജബീവി ❤ "

നബിയുടെ ഭാര്യമാരില്‍ ഏക കന്യകയും,
സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു
ആയിഷ.. رضي الله عنها
ആ മഹതി ഒരിക്കല്‍ പറഞ്ഞു

” ജീവിതത്തില്‍ എനിക്ക് അസൂയ തോന്നിയത്
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ
ഭാര്യ ഖദീജയോട്.. സത്യത്തില്‍ ഞാന്‍ അവരെ
കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി
എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും..
എനിക്കത് കേള്‍ക്കുമ്പോള്‍ അവരോടു അസൂയ
തോന്നും.. നബിക്കവരെ അത്രമേല്‍ ഇഷ്ടമായിരുന്നു..”

ഒരിക്കല്‍ ആയിഷ ചോദിച്ചു

”എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ
ഖദീജയെ ഓര്‍ക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു
സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ
പകരം തന്നില്ലേ.?”

അത് കേട്ടതും നബിയുടെ മുഖം വിവര്‍ണമായി..

അവിടുത്തെ കണ്ണുകള്‍ നിറഞ്ഞു

” ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാള്‍ നല്ലത്
അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ
കള്ളനാക്കിയപ്പോള്‍ അവള്‍ അവള്‍ എന്നില്‍ വിശ്വസിച്ചു…..
ജനം എന്നെ തള്ളിപ്പറഞ്ഞപ്പോള്‍
അവള്‍ എന്നെ സ്വീകരിച്ചു… അവളുടെ ധനം
മുഴുവന്‍ അവളെനിക്കു തന്നു, ജനം അതെനിക്ക്
തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക്
മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള
സ്നേഹം അള്ളാഹു എന്‍റെ ഹൃദയത്തില്‍
കുടിയിരുത്തിയിരിക്കുന്നു ആയിഷാ..”

മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു
ഖദീജ ബീവി.. നബി അവരെ വിവാഹം ചെയ്യും
മുന്‍പ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്..
ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ രോഗം വന്നും, മറ്റൊരാള്‍
ഗോത്രങ്ങള്‍തമ്മിലുള്ള യുദ്ധത്തിലും മരിച്ചു..
രണ്ടിലും ഓരോ ആണ്‍ മക്കള്‍..(അവര്‍ രണ്ടു പേരും
പിന്നീട് ഇസ്ലാം സ്വീകരിച്ചു ) ബീവിയുടെ
പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു..

ബീവിയും കച്ചവടത്തില്‍ മികവു പുലര്‍ത്തി..
പിതാവും, ഭര്‍ത്താവും മരിച്ചു ഏകയായ ബീവിയോട്
വിവാഹ അഭ്യര്‍ത്ഥനയുമായി പലരും വന്നെങ്കിലും
എല്ലാം ബീവി നിരസിച്ചു…

വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട
സംഘത്തെ നയിക്കാന്‍ ഒരു പുരുഷനെ
ഏല്‍പ്പിക്കാറായിരുന്നു ബീവിയുടെ പതിവ്..
കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും
കൂട്ടരും ഉണ്ടാകും.. എന്തെങ്കിലും തട്ടിപ്പ്
നടത്തിയാല്‍ ഉടനെ ആ വിവരം അവര്‍ ബീവിയെ
അറിയിക്കും.. സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ്
ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും
കളവു പറയാത്ത, മക്കക്കാര്‍ അല്‍ അമീന്‍
(വിശ്വസ്തന്‍ ) എന്ന് വിളിക്കുന്ന മുഹമ്മദിനെ
പറ്റി ബീവി കേള്‍ക്കുന്നത്.. ബീവി ഉടനെ
മുഹമ്മദിനെ കച്ചവടം ചെയ്യാന്‍ ഏല്‍പ്പിച്ചു..

ആ സംഘം തിരിച്ചു വന്നത് വന്‍ ലാഭവുമായിട്ട്….
ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം
മൈസറ വിവരിച്ചു

”ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്.. അയാള്‍
സാധാരണ ആള്‍ക്കാര്‍ ചെയ്യുന്ന പോലെ നമ്മുടെ
സാധനങ്ങളുടെ കുറവുകള്‍ മറച്ചു വെച്ചില്ല…
എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്,
എന്നിട്ട് പോലും ജനം എല്ലാം വാങ്ങി..
ഒന്നും ബാക്കിയായില്ല..”

ബീവിക്ക് സന്തോഷമായി.. മൈസറ തുടര്‍ന്നു

” ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയില്‍
വിശ്രമിക്കുമ്പോള്‍ ഒരു ജൂത പണ്ഡിതന്‍
എന്നോട് ചോദിച്ചു ”

” ആ മനുഷ്യന്‍ അനാഥനാണോ, നിരക്ഷരന്‍ ?”

”അതെ” എന്ന് ഞാന്‍ ഉത്തരം പറഞ്ഞപ്പോള്‍ അയാള്‍
പറഞ്ഞു ” പാറാന്‍ (മക്ക ) പര്‍വത നിരകളില്‍
നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത )
ദൈവദൂതന്‍ വരാന്‍ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തില്‍
ചില ലക്ഷണങ്ങള്‍ കാണുന്നു…”

മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരില്‍
കണ്ടപ്പോള്‍ മനസ്സിലായ സ്വഭാവ വിശുദ്ധിയും
കാരണം ബീവിയുടെ മനസ്സില്‍ മുഹമ്മദ്‌ സ്ഥാനം
പിടിച്ചു.. ബീവിക്ക് പ്രായം നാല്‍പത്‌.. മുഹമ്മദിനു
ഇരുപത്തഞ്ച്.. അറബ് ആചാരത്തില്‍ വയസ്സ്
വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ
ആലോചനയുമായി ദൂതന്മാര്‍ മുഹമ്മദിനെ കണ്ടു.

ആ വിവാഹം നടന്നു.. വിവാഹ രാത്രിയില്‍
പ്രമാണിമാരും പറഞ്ഞു

”അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ
മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?”

ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക്
വിളിച്ചു . എന്നിട്ട് പറഞ്ഞു

” മക്കക്കാരെ നിങ്ങള്‍ സാക്ഷി, എന്‍റെ മുഴുവന്‍
സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു..
ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്,
ഞാനാണ് പാവപ്പെട്ടവള്‍..”

അത് കേട്ട് പ്രമാണിമാര്‍ വായ അടക്കി..

ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു
അവരുടേത്.. നബിയില്‍ എന്തോ പ്രത്യേകത
ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു..
നബി കാണുന്ന സ്വപ്‌നങ്ങള്‍ ഒക്കെ ബീവിയോടു
പറയും, പ്രസ്തുത സ്വപ്‌നങ്ങള്‍ പലതും പിന്നീടു
പുലരുന്നതും ബീവി കണ്ടു.. പ്രായം
നാല്‍പ്പതിനടുത്തതും നബിക്ക് ഏകാന്ത
ജീവിതത്തിനു താല്പര്യമായി… മക്കയിലെ ഹിറ
ഗുഹയില്‍ ഏകനായി അവിടുന്ന് ഇരിക്കാന്‍ തുടങ്ങി..
നബി വരാത്ത ദിവസങ്ങളില്‍ അവിടുത്തേയ്ക്ക്
ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ
മല കയറുമായിരുന്നു.. സഹായത്തിനു പോലും
അവര്‍ ആരെയും കൂട്ടിയില്ല..
അതിനു പറഞ്ഞ കാരണം

”എന്‍റെ ഭര്‍ത്താവിന് ഞാന്‍ തന്നെ ഭക്ഷണം കൊടുക്കണം”

എന്നാണ്.. ഇന്ന് പടവുകള്‍ ഉണ്ടാക്കിയിട്ടും
ആ മല കയറാന്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും
ഒരു മണിക്കൂര്‍ വേണം.. അപ്പോ ആ ഉമ്മ എത്ര
മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം
അവര്‍ നബിയെ സ്നേഹിച്ചു കാണും..?

ഒരു നാള്‍, റമളാന്‍ മാസം , നബിക്ക് മുന്‍പില്‍ ജിബ്രീല്‍
മാലാഖ പ്രത്യക്ഷപ്പെട്ടു..

”വായിക്കുക”

”എനിക്ക് വായിക്കാനറിയില്ല” എന്ന് നബി മറുപടി പറഞ്ഞു..

മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്‍ത്തിച്ചു,

നബി ഉത്തരവും ആവര്‍ത്തിച്ചു..

മൂന്നാം തവണ നബി ചോദിച്ചു

”ഞാന്‍ എന്താണ് വായിക്കേണ്ടത്”

” വായിക്കുക, സൃഷ്ടിച്ചവനായ നിന്‍റെ
രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക.
മനുഷ്യനെ അവന്‍ (ഗര്‍ഭാശയത്തില്‍ ) ഒട്ടിപ്പിടിക്കുന്ന
ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക നിന്‍റെ രക്ഷിതാവ്‌ ഏറ്റവും വലിയ
ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാന്‍
പഠിപ്പിച്ചവന്‍…., മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു…
(ഖുര്‍ ആന്‍ 96/1-5)”

ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേല്‍ വാക്കുകള്‍
നബിക്ക് ഹൃദിസ്ഥമായി..

നബി പേടിച്ചു ഓടി വീട്ടിലെത്തി

”എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ”

എന്നദ്ദേഹം ബീവിയോടു പറഞ്ഞു..
ബീവി പരിഭ്രാന്തയായി..

നബി സംഭവിച്ച കാര്യങ്ങള്‍ എല്ലാം പറഞ്ഞു..
ഖുര്‍ ആന്‍ കേള്‍പ്പിച്ചു

ബീവി ആശ്വസിപ്പിച്ചു

”അങ്ങ് പേടിക്കരുത്… ഇത് മനുഷ്യ വചനങ്ങള്‍
അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ്
പാവങ്ങളെ സഹായിക്കുന്നു.. നന്മകള്‍ മാത്രം ചെയ്യുന്നു.. ”

ബീവിയുടെ വാക്കുകള്‍ നബിക്ക് ആശ്വാസമേകി..

നബി താന്‍ പ്രവാചകന്‍ ആയ കാര്യം ആദ്യം അറിയിച്ചത്
ഖദീജ ബീവിയെ ആണ്… ഉടനെ ഖദീജ ബീവി നബിയില്‍
വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയില്‍
വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി
ബീവി മാറി …

നബിക്ക് പിന്നീട് പരീക്ഷണങ്ങള്‍ ആയിരുന്നു..
പീഡനങ്ങള്‍, ബഹിഷ്കരണങ്ങള്‍ , മൂന്നു വര്‍ഷം ഒരു
മലമുകളില്‍ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം
കഴിക്കാന്‍ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു..
എന്നിട്ടും ഒരിക്കല്‍ പോലും ബീവി അസഹ്യത കാണിച്ചില്ല..

പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി
രോഗം ബാധിച്ചു കിടപ്പിലായി..

മരണ സമയം അടുത്തിരുന്നു കണ്ണീര്‍ വാര്‍ത്ത
നബി യോടായി അവര്‍ പറഞ്ഞു

” നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ
തരട്ടെ.. നല്ല മക്കളെയും തരട്ടെ..”

മരണ വേദനയില്‍ പോലും നബിക്ക് സുഖം ആശംസിച്ച
ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!

അന്ന് നബിയോടൊപ്പം ആ വീട്ടില്‍ താമസിച്ചിരുന്ന
ബാലനായ അലി പറയുന്നു

” ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും
നബി ബീവിയെ ഓര്‍ത്ത് എങ്ങിക്കരയുമായിരുന്നു.. ”

പിന്നീടു നബിയുടെ ജീവിതത്തില്‍ പല ഭാര്യമാരും
കടന്നു വന്നു.. അതില്‍ ഒരേ ഒരു കന്യക മാത്രമേ (ആയിഷ)
ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ,
വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ
അവര്‍ക്കാര്‍ക്കും ഖദീജയുടെ സ്ഥാനം
നബിയുടെ മനസ്സില്‍ കിട്ടിയിരുന്നില്ല..

വര്‍ഷങ്ങള്‍ കഴിഞ്ഞ് മക്ക കീഴടക്കാന്‍
എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ
ഖബറിനടുത്തായിരുന്നു… അത്രമേല്‍ ബീവിയുമായി
ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്‌...


Previous Post Next Post
3/TECH/col-right