2026 | നവംബര്‍ 21 | ശനി
1202 | വൃശ്ചികം 5, ഉത്രട്ടാതി, രേവതി
◾ ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ സാമ്പത്തികമേഖലയിലെ പ്രശ്‌നങ്ങളില്‍ നിന്ന് സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാനുള്ള മോദിയുടെ തന്ത്രമാണെന്ന് പ്രതിപക്ഷ ആരോപണം. മോദി നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയും പ്രധാനമന്ത്രി പ്രതിപക്ഷ നേതാവെന്നപോലെ നടിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിമര്‍ശിച്ചു. താന്‍ ഉടന്‍ 'സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി' ആകുമെന്ന് മോദി തിരിച്ചറിഞ്ഞതായും സ്വന്തം നയങ്ങളുടെ പരാജയം മറച്ചുവെക്കാന്‍ മറ്റുള്ളവരെ പഴിചാരുകയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പരിഹസിച്ചു. സര്‍ക്കാര്‍ നയങ്ങളുടെ ദയനീയമായ പരാജയത്തിന്റെ കുറ്റസമ്മതമാണ് മോദിയുടേതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളുടെ ലാഭേച്ഛയും സ്വയം നവീകരിക്കാനുള്ള വൈമുഖ്യവുമാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാകുന്നതെന്നാണ് മോദി തുറന്നടിച്ചത്.
◾ ലിയോണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദു റഹ്‌മാനെ പ്രതിചേര്‍ത്തു. മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലന്‍, മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലി എന്നിവരും പ്രതികളാണ്. തിങ്കളാഴ്ച കളമശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിക്കായി മുന്‍മന്ത്രി വഴിവിട്ട് ഇടപെട്ടുവെന്നും നേരായ ഉദ്ദേശത്തോടെയാണോ എന്ന് സംശയിക്കണമെന്നുമാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
◾ മെസി തട്ടിപ്പ്, കേരളത്തെ കബളിപ്പിച്ച സംഭവമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വി. അബ്ദുറഹ്‌മാനെ പ്രതിചേര്‍ത്ത നടപടിയില്‍ ഗവര്‍ണറുടെ അനുമതി കിട്ടിയിരുന്നു. ദുരൂഹമായ ഇടപാടുകളാണ് നടന്നത്. നിക്ഷ്പക്ഷമായി അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
◾ മെസ്സി വിഷയത്തില്‍ വലിയ വഞ്ചനയാണ് നടത്തിയതെന്ന് മന്ത്രി കെ മുരളീധരന്‍. എസ് ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഗവര്‍ണറും അനുമതി നല്‍കിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തിയെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റിയെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
◾ കേരളത്തില്‍ പഠിച്ച് ഇറങ്ങുമ്പോള്‍ തന്നെ ജോലി കിട്ടുന്ന സാഹചര്യം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ ഉന്നത വിദ്യാഭ്യാസം റിസര്‍ച്ച് ഓറിയെന്റേഡ് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സര്‍ക്കാരും എഐ ഉപയോഗത്തിലേക്ക് കടക്കാന്‍ പോകുകയാണെന്നും ഫയലുകള്‍ തീര്‍പ്പാക്കാന്‍ എഐ സഹായം ഉപയോഗിക്കാന്‍ പോകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരന്‍. മന്ത്രി സഭാ യോഗത്തിലെ തര്‍ക്കത്തില്‍ ആര് എന്ത് കളിച്ചിട്ടും കാര്യമില്ലെന്നും വി ഡി സതീശന്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ ചില വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
◾ ശബരിമലയിലെ മാസ് ബുക്കിങ്ങില്‍ അന്വേഷണം. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വന്‍കിട ട്രാവല്‍ ഏജന്‍സികള്‍ ദര്‍ശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണു ശബരിമലയിലെ തീര്‍ഥാടക പ്രവാഹത്തില്‍ കുറവുവരാന്‍ കാരണമെന്നു പൊലീസിന്റെയും റവന്യു വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തല്‍.
◾ ഡിപ്പോകളിലെ അനൗണ്‍സ്‌മെന്റ്കള്‍ ഒഴിവാക്കി ബസ്സുകളുടെ സമയക്രമം പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. പാലാ ഡിപ്പോയിലെ കണ്ടക്ടറായ കെ.എം. അരുണ്‍ വികസിപ്പിച്ച 'ട്രംപറ്റ്' എന്ന ആപ്പ് വഴിയുള്ള ഡിജിറ്റല്‍ അനൗണ്‍സ്മെന്റ് സംവിധാനം മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചേക്കും.
◾ ബാനറില്‍ കെ സി വേണുഗോപാല്‍ എംപിയുടെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയതില്‍ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായി വെച്ചുവെന്നും പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ എന്തിനെന്നുമാണ് വിമര്‍ശനം.
◾ ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ സെഷന്‍സ് കോടതി ജഡ്ജി മോട്ടോര്‍ വാഹനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി. തന്റെ അറിവോടെയല്ല മകന്‍ കാര്‍ കൊണ്ടുപോയതെന്നും, ആര്‍ സി റദ്ദാക്കരുതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
◾ ബിജെപി വിട്ട പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തം. മടക്കം ആഗ്രഹിച്ച് നേതൃത്വത്തിന് ഉടന്‍ കത്ത് നല്‍കില്ല. എതിര്‍പ്പുകള്‍ ശക്തമായതോടെയാണ് കാത്തിരിക്കാന്‍ നീക്കം. കത്ത് കിട്ടുന്ന മുറക്ക് ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
◾ പത്മജയുടെ കോണ്‍?ഗ്രസ് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. പ്രവര്‍ത്തകരുടെ വികാരം നേതൃത്വം പരിഗണിക്കണം. പത്മജ ഇപ്പോഴും സംഘപരിവാര്‍ സ്തുതി നടത്തുന്നുവെന്നും അവര്‍ ബിജെപിയിലേക്ക് പോയത് പലതും പ്രതീക്ഷിച്ചാണെന്നും ദീപ്തി മേരി വര്‍?ഗീസ് ചൂണ്ടിക്കാട്ടി.
◾ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ക്ഷമാപണം നടത്തി പത്മജ വേണുഗോപാല്‍. ബിജെപിയിലേക്ക് പോയത് തെറ്റാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. പദവി മോഹിച്ചല്ല കോണ്‍ഗ്രസിലേക്കുള്ള മടക്കം ആഗ്രഹിച്ചതെന്നും എഫ് ബി പോസ്റ്റില്‍ വ്യക്തമാക്കുന്നു.
◾ മയില്‍പ്പീലി യങ് സ്‌കോളര്‍ പരീക്ഷാ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ദേശവിരുദ്ധ സംഘടനകളെ സന്തോഷിപ്പിക്കാനാണ് പരീക്ഷയ്ക്ക് അനുമതി നിഷേധിച്ചതെന്നും മയില്‍പ്പീലി എന്ന പദത്തോടാണോ ഇവര്‍ക്ക് ഹറാം എന്നും അദ്ദേഹം ചോദിച്ചു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളില്‍ കരട് കുറ്റപത്രം തയ്യാറായി. രണ്ടു കേസുകളിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നല്‍കുക. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്.ഐ.ടി വ്യക്തമാക്കി.
◾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയെയും ചെയര്‍പേഴ്‌സണ്‍ രവീന്ദ്രന്റെ നേതൃത്വത്തെയും പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയൊരുക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സഹായം ഏത് ഘട്ടത്തിലും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
◾ നിലയ്ക്കലില്‍ അയ്യപ്പഭക്തരെ എത്തിച്ച ഡ്രൈവറെ മര്‍ദിച്ച എഎസ്‌ഐ ജിജോയെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം. പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറാനുള്ള ആശയ കുഴപ്പത്തിനിടെ എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ പ്രശാന്തിനാണ് പൊലീസിന്റെ മര്‍ദനമേറ്റത്.
◾ ഇന്‍സ്റ്റാഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയര്‍നെസ് ക്രീമിലെ വിഷബാധ മൂലം ഗുരുതര വൃക്കരോഗം ബാധിച്ച് 17കാരി. പരിശോധനയില്‍ ക്രീമില്‍ അപകടകരമായ അളവില്‍ മെര്‍ക്കുറി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെ നിയമനടപടിക്ക് ഒരുങ്ങുകയാണ് 17കാരി.
◾ കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യത്തില്‍ കല്ലൂര്‍ പുല്ലുത്തിയില്‍ ലഹരി സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
◾ ശ്വാസകോശത്തില്‍ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. പറപ്പൂക്കര തോട്ടുങ്ങല്‍ പുതുപ്പുള്ളിപറമ്പില്‍ റൂബി -അനു ദമ്പതികളുടെ മകന്‍ ഏയ്ബലാണ് മരിച്ചത്. തൊണ്ടയില്‍ മിഠായി കുടുങ്ങിയന്നാണ് ആദ്യം കരുതിയിരുന്നത്.
◾ നാഗര്‍കോവിലില്‍ ട്രെയിനിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കന്യാകുമാരി സ്വദേശി അയ്യപ്പനെ നാഗര്‍കോവില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
◾ നിയമപഠനത്തിന് പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ സ്ഥാപനങ്ങളുടെ ആധികാരികതയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരവും സ്വന്തം നിലയില്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ബി.സി.ഐ. നവംബര്‍ 19-ന് ബി.സി.ഐ. ഇതുസംബന്ധിച്ച ജാഗ്രതാനിര്‍ദ്ദേശം പുറത്തിറക്കി.
◾ കാണാതായ കുട്ടിയെ കണ്ടെത്താന്‍ തമിഴ്‌നാട് വിഴുപ്പുറത്തെ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം. പ്രദേശത്തുള്ള ഏഴു വയസുകാരിയായ ഹേമാവതിയെയാണ് ഒക്ടോബര്‍ 12 മുതല്‍ കാണാതായത്. ഇതുവരെയും ഒരു വിവരവും ഇല്ല. പൊലീസ് വീഴ്ച പ്രതിപക്ഷം ആയുധമാക്കിയതോടെ ആണ് സ്റ്റേഷനില്‍ ഹോമം.
◾ ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് സാധ്യത. എഎപി എംപി സഞ്ജയ് സിങ് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ലഖ്‌നൗവില്‍ കൂടിക്കാഴ്ച നടത്തി.
◾ രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ദേശീയതലത്തില്‍ ആയുധമാക്കി കോണ്‍ഗ്രസ്. രാജ്യത്തെ ഗ്രാമങ്ങളുടെ ശബ്ദത്തിന്റെ പ്രതിഫലനമാണിതെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയതിനും, കര്‍ഷകരെ കടക്കെണിയിലാക്കിയതിനും കേന്ദ്രസര്‍ക്കാറിന് ലഭിച്ച മറുപടിയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
◾ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഫീസിലേക്ക് ഇരച്ചുകയറി തെലങ്കാനയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹൈദരാബാദിലെ റായ്ദുര്‍ഗിലുള്ള മെറ്റ ഓഫീസിലാണ് അതിക്രമം നടന്നത്. സംസ്ഥാന അധ്യക്ഷന്‍ ജക്കിടി ശിവ ചരണ്‍ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
◾ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആര്‍മി ഡ്രൈവര്‍ക്കെതിരേ പിഴ ചുമത്തിയ അസമിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ സമീം സുല്‍ത്താനയെ രണ്ടുദിവസത്തെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അതേസമയം, ഡ്രൈവിങ് ലൈസന്‍സിന്റെ പേരിലല്ല സൈനിക ഡ്രൈവര്‍ക്കെതിരേ പിഴ ചുമത്തിയതെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് മാത്രമാണെന്നും ഡിടിഒ സ്ഥിരീകരിച്ചു.
◾ സ്‌പൈസ് ജെറ്റിന് ഡിജിസിഎ നോട്ടീസ് നല്‍കി. തുടര്‍ച്ചയായ വിമാനം റദ്ദാക്കല്‍, വൈകല്‍ എന്നിവ കാരണം നവംബര്‍ 17-ന് നല്‍കിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. ഭൂരിഭാഗം വിമാനങ്ങളും കൃത്യമായി സര്‍വീസ് നടത്തുകയോ അംഗീകൃത സമയക്രമം പാലിക്കുകയോ ചെയ്യുന്നില്ല എന്നാണ് പരാതി.
◾ സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൈന്യം ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. ഇതേ തുടര്‍ന്ന് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ റദ്ദാക്കി.
◾ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ വ്യാജ കരാറില്‍ എത്താന്‍ ശ്രമം നടത്തുകയാണെന്നും ഇറാന്‍ 51 വര്‍ഷമായി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തനിക്ക് സ്വീകാര്യമായ കരാറിന് അവര്‍ തയ്യാറാല്ലെന്നും ട്രംപ് പറഞ്ഞു.
◾ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 118 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ 136 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്‌റിക്ക് രണ്ട് റണ്‍സകലെ വെച്ച് 98 റണ്‍സെടുത്ത് മടങ്ങി. ദേവ്ദത്ത് പടിക്കല്‍ 80 റണ്‍സെടുത്ത് പുറത്തായപ്പോള്‍ റിഷഭ് പന്ത് 55 റണ്ണെടുത്ത് പുറത്താകാതെ നില്‍ക്കുന്നു.
◾ കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയും ആയി കുറഞ്ഞു. ഡോളറിന്റെ കരുത്ത് വര്‍ധിച്ചതും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില താഴ്ന്നതുമാണ് വിലക്കുറവിന് കാരണം.
◾ ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 18 5ജിയില്‍ വന്‍ ബാറ്ററി അപ്ഗ്രേഡ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. 8,888 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുമായി ഫോണ്‍ എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചൈനീസ് വിപണിയിലെത്തുന്ന പതിപ്പിലായിരിക്കും ഇത്രയും വലിയ ബാറ്ററി ഉണ്ടാകുകയെന്നാണ് വിവരം. എന്നാല്‍ ആഗോള വിപണിയില്‍ ബാറ്ററി ശേഷിയില്‍ ചെറിയ കുറവുണ്ടായേക്കും.
◾ ആപ്പിളിന്റെ പുതിയ ഐഫോണ്‍ നിരയില്‍ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് മോഡലുകള്‍ ഇതിനകം അവതരിപ്പിച്ചെങ്കിലും സാധാരണ ഐഫോണ്‍ 18നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ 2026ല്‍ പുറത്തിറങ്ങേണ്ടിയിരുന്ന സാധാരണ മോഡല്‍ 2027 മാര്‍ച്ചിലേക്ക് മാറ്റിയേക്കും. പുതിയ 2 നാനോമീറ്റര്‍ എ20 ചിപ്പ്, കൂടുതല്‍ റാം, മെച്ചപ്പെട്ട ബാറ്ററി കാര്യക്ഷമത എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകളായി പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ ക്യാമറയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിപ്സ്റ്റര്‍ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ഫോണിന്റെ അടിസ്ഥാന വില 100 ഡോളര്‍ വര്‍ധിച്ച് 999 ഡോളറിലെത്തിയേക്കും. ഇന്ത്യയില്‍ ഏകദേശം 1 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വിലയെന്നാണ് സൂചന.
◾ കാനാന്‍ ദേശത്ത് നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തി പിന്നീട് കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത യഹൂദ പാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ ക്‌നായി തോമായുടെ കഥ പറയുന്ന ചിത്രമാണ് ക്‌നായി തൊമ്മന്‍. പ്രശസ്ത സംവിധായകനായ വിജി തമ്പിയാണ് ക്‌നായി തൊമ്മന്‍ എന്ന ചരിത്ര നായകനെ അവതരിപ്പിക്കുന്നത്. വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മേല്‍ക്കാരപ്പുറത്ത് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടോമി മേല്‍ക്കാരപ്പുറത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സജി സോമന്‍, അംബിക, മല്ലിക സുകുമാരന്‍, മുരളി മോഹന്‍, ജയകൃഷ്ണന്‍, കോട്ടയം രമേഷ്, ഇബ്രാഹിം കുട്ടി, ഇസഹാക്ക്, ജയന്‍ ചേര്‍ത്തല എന്നിവരും പ്രധാന അഭിനേതാക്കളാണ്.
◾ മുടിയുടെ ആരോഗ്യം നിര്‍ണ്ണയിക്കുന്നതില്‍ പോഷകാഹാരത്തിന് വലിയ പങ്കുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളില്‍ ഒന്നാണ് കാല്‍സ്യവും പ്രോട്ടീനുകളും. മുടിയുടെ വളര്‍ച്ചയില്‍ ബയോട്ടിനും നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. ദിവസവും നട്സുകളും വിത്തുകളും കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും സഹായകമാണ്. ബദാം, വാള്‍നട്ട്, നിലക്കടല, സൂര്യകാന്തി വിത്തുകള്‍ എന്നിവ ലഘുഭക്ഷണമായി നേരിട്ടോ, അല്ലെങ്കില്‍ സാലഡുകള്‍, സ്മൂത്തികള്‍, മധുരപലഹാരങ്ങള്‍ എന്നിവയില്‍ ചേര്‍ത്തോ കഴിക്കാവുന്നതാണ്. ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിനുകളായ എ, സി, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നല്‍കിക്കൊണ്ട് മുടി വളര്‍ച്ചയെ സഹായിക്കാന്‍ പാലക്ക് ചീരയ്ക്ക് കഴിയും. അതേസമയം ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് ഒരു സാധാരണ കാരണമാണ്. മഞ്ഞക്കരു ഉള്‍പ്പെടെയുള്ള ഒരു മുട്ടയില്‍ 10 മൈക്രോഗ്രാം ബയോട്ടിന്‍ അടങ്ങിയിട്ടുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഫുഡ് ഇന്‍ഫര്‍മേഷന്‍ കൗണ്‍സില്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.പാല്‍, ചീസ്, തൈര് എന്നിവയുള്‍പ്പെടെയുള്ള എല്ലാ പാല്‍ ഉല്പ്പന്നങ്ങളിലും ഗണ്യമായ അളവില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. മികച്ച ആരോഗ്യത്തിനും മനോഹരമായ മുടി ലഭിക്കുന്നതിനും ഇത്തരം ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ടതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 92.97, പൗണ്ട് - 121.93, യൂറോ - 102.15, സ്വിസ് ഫ്രാങ്ക് - 110.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 61.78, ബഹ്റൈന്‍ ദിനാര്‍ - 246.48, കുവൈത്ത് ദിനാര്‍ - 298.00, ഒമാനി റിയാല്‍ - 241.00, സൗദി റിയാല്‍ - 24.80, യു.എ.ഇ ദിര്‍ഹം - 25.31, ഖത്തര്‍ റിയാല്‍ - 25.45.
Tags:
KERALA