2026 നവംബര്‍ 6 | വെള്ളി
1202 തുലാം 20 | അത്തം
1448 ജ : അവ്വൽ 25
◾ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി, വിപണികള്‍ക്ക് ഉണര്‍വായി. ഇറാനെതിരേ യു.എസിന്റെ സൈനികനടപടികള്‍ ഉണ്ടാകില്ലെന്ന് വിലയിരുത്തലോടെ അസംസ്‌കൃത എണ്ണവിലയും ഡോളറിന്റെ നിലവാരവും ഇടിഞ്ഞു. ഇന്ത്യന്‍ ഓഹരിവിപണിയും സ്വര്‍ണവിലയും കുതിപ്പിന്റെ പാതയിലാണ്. സെന്‍സെക്സ് 79,000 പോയിന്റിനും നിഫ്റ്റി 24,500 പോയിന്റിനും മുകളിലെത്തി. ബി.എസ്.ഇ.യില്‍ ലിസ്റ്റുചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം ആദ്യമായി 500 ലക്ഷം കോടി കടന്നു.
◾ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് മിനുട്ട് നീണ്ട വീഡിയോയിലൂടെയാണ് ക്രിസ്റ്റിയാനോ തന്റെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്ന വിവരം അറിയിച്ചത്. 2003 ഓഗസ്റ്റില്‍ ധരിച്ച ഏഴാം നമ്പര്‍ ജഴ്‌സി തിരികെ നല്‍കാന്‍ സമയമായിരിക്കുന്നു എന്നാണ് താരം വൈകാരികമായി പറഞ്ഞത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 234 മത്സരങ്ങളില്‍ നിന്നായി 146 അന്താരാഷ്ട്ര ഗോളുകളുടെ റെക്കോര്‍ഡുമായാണ് ഫുട്‌ബോള്‍ കണ്ട ഇതിഹാസത്തിന്റെ പടിയിറക്കം.
◾ അറസ്റ്റ് നടപടികളിലെ 24 മണിക്കൂര്‍ സമയപരിധിയില്‍ നിര്‍ണായക വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ട 24 മണിക്കൂര്‍ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതല്‍ 24 മണിക്കൂര്‍ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
◾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന് തയ്യാറെങ്കില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്നും ചര്‍ച്ചയ്ക്കായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്നും അമിത് ഷാ പറഞ്ഞു. എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം. പക്ഷെ രാഹുല്‍ ഗാന്ധി നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
◾ മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ദില്ലിയിലെ ജന്തര്‍ മന്തര്‍ റോഡിലെ കെട്ടിയടച്ച മേഖല വീണ്ടും തുറന്നു. ബാരിക്കേഡുകള്‍ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലായി. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും കനത്ത പൊലീസ് വിന്യാസം ഇപ്പോഴും തുടരുകയാണ്.
◾ എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ സ്വകാര്യ സര്‍വ്വകലാശാല ബില്‍ 2025 രാഷ്ട്രപതിയുടെ അനുമതിയോടെ അസാധുവായി. പുതിയ ബില്‍ കൊണ്ടുവരുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം പഴയ ബില്‍ പിന്‍വലിച്ചത്. പുതിയ ബില്‍ ഉടന്‍ ഉണ്ടാകുമെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കി.
◾ കെ ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബര്‍ 1-നുമിടയില്‍ സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്കും ഇളവ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.2028 ഓഗസ്റ്റ് 31 വരെ കെ-ടെറ്റ് യോഗ്യത നേടാന്‍ അധ്യാപകര്‍ക്ക് സാവകാശം അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതല്‍ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഗതാഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്.
◾ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വിവരങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ സജ്ജമായി. കാണാതായവരെ കണ്ടെത്താനും, യാത്രാവിവരങ്ങള്‍ അറിയാനും, പരാതികള്‍ നല്‍കാനും ഈ സംവിധാനം സഹായിക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിനും തത്സമയ നിരീക്ഷണത്തിനും പോര്‍ട്ടലില്‍ പ്രത്യേക സൗകര്യമുണ്ട്.
◾ പരീക്ഷാത്തട്ടിപ്പില്‍ പിഎസ് സി ചെയര്‍മാനെ പ്രതിചേര്‍ക്കാന്‍ സാധ്യത. അംഗങ്ങളില്‍ ചിലരും സെക്രട്ടറിയും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിന്റെ അന്തിമ തീരുമാനം.
◾ ഇന്ത്യന്‍ തീരങ്ങളില്‍ 2024-25-ല്‍ 161 സമുദ്ര സസ്തനികള്‍ കരക്കടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) കണ്ടെത്തല്‍. ഇതില്‍ 113 എണ്ണം ഗോവയിലാണ്. കേരളത്തില്‍ 13 റിപ്പോര്‍ട്ടുകളാണ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച ജിഐഎസ് അധിഷ്ടിത മാപ് സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചു.
◾ അഭിരാം കൊലയില്‍ വീണ്ടും വഴിത്തിരിവ്. പ്രതിയായ 17 കാരന്റെ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാര്‍ മൊഴി നല്‍കി. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയോടും കാമുകിയോടും ഇക്കാര്യം ചോദിച്ചറിയും.
◾ കണ്ണൂര്‍ സര്‍വകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും പ്രിയ വര്‍ഗീസിന് ഉണ്ടെന്ന് വിശദീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ കെ.പരമേശ്വര്‍ സുപ്രീം കോടതിയില്‍ വാദം എഴുതി നല്‍കി. പ്രിയയുടെ യോഗ്യത സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ വൈസ് ചാന്‍സലര്‍ യു.ജി.സിയോട് ഇക്കാര്യത്തില്‍ വ്യക്തത തേടിയിരുന്നു.
◾ നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ കാറപകടവുമായി ബന്ധപ്പെട്ട്, ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോര്‍ട്ടിലും അമിതവേഗം സ്ഥിരീകരിച്ചു. കേസില്‍ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളോട് അടുത്ത് നില്‍ക്കുന്ന വിവരങ്ങളാണ് കാര്‍ കമ്പനിയും പങ്കുവെച്ചിരിക്കുന്നത്.
◾ ചേരാനല്ലൂര്‍ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കിയില്ല. അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകള്‍ തള്ളി. ഇതോടെ പതിനേഴുകാരന്‍ ജാമ്യത്തില്‍ തുടരും. അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി വിമര്‍ശിച്ചു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന്‍ കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു.
◾ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ വരുമെന്ന പേരിലെ ജിഎസ്ടി വെട്ടിപ്പില്‍ എങ്ങുമെത്താതെ അന്വേഷണം. റിപ്പോര്‍ട്ടര്‍ കമ്പനിക്ക് അനുകൂലമായി എട്ട് മാസത്തോളം നടപടികള്‍ നിര്‍ത്തിവെക്കാന്‍, തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത് അന്വേഷിക്കാനും ശുപാര്‍ശയുണ്ടായിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ബാഹ്യ ഇടപെടല്‍ ഉണ്ടായോ എന്നതും അന്വേഷിക്കുന്നതിലും തീരുമാനമാനമായിട്ടില്ല.
◾ ബിഎല്‍എം സൊസൈറ്റിയുടെ ചെയര്‍മാനായ ആര്‍. പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സൊസൈറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പ്രേംകുമാര്‍ നിക്ഷേപകരുടെ പണം വകമാറ്റി സ്വന്തം ആവശ്യങ്ങള്‍ക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയതായാണ് ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയത്.
◾ യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസില്‍ നടി അതുല്യ ചന്ദ്ര, നടന്‍ ബിബിന്‍ പെരുമ്പിള്ളിയുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കേസില്‍ 12 പ്രതികളുണ്ടെന്ന് പൊലീസ്. ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്മെന്റിലേക്കു വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളുടെ അമ്മയുടെ സഹോദരിക്ക് അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തെന്നും പരാതിയുണ്ട്.
◾ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജനയിരിക്കാനെത്തിയ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച സവിതയുടെ ഇരട്ടസഹോദരിയായ സജിതയാണ് കൊലപാതകം നടത്തിയത്. സജിതയേയും വിവരം മറച്ചുവെച്ചതിന് ഇവരുടെ സഹോദരന്‍ സുധീറിനെയും പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
◾ സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'കതിര്‍' കാര്‍ഷിക പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ചലച്ചിത്രതാരം മോഹന്‍ലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിക്കും.
◾ കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ചിനു സമീപം പൈലിംഗ് പ്രവൃത്തികള്‍ നടത്തുന്നതിനാല്‍, ശ്രീനാരായണ ജംഗ്ഷന്‍(എസ്. എന്‍. ജംഗ്ഷന്‍) മുതല്‍ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് വരെയുള്ള റോഡില്‍ ഇന്നു മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം.
◾ കോവളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിനിരയായതായി പരാതി. സംഭവത്തില്‍ പുങ്കുളം വാര്‍ഡിലെ പാമ്പാടി ക്ഷേത്രത്തിന് സമീപം സൗപര്‍ണികയില്‍ താമസിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ ഉടമ അനൂപ് (39), പള്ളിച്ചല്‍ കണ്ണംകോട് മച്ചേല്‍ ഗ്രൗണ്ടിന് സമീപം ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ താമസിക്കുന്ന റോയ് (27) എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേര്‍ കൂടി പീഡിപ്പിച്ചതായി വിദ്യാര്‍ഥിനി മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
◾ രാജ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് ഒന്നാമത്. 2025-26 സാമ്പത്തിക വര്‍ഷത്തിലെ റെയില്‍വേ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 189.35 ശതമാനമാണ് ഈ റൂട്ടിലെ ഒക്യുപ്പന്‍സി നിരക്ക്.
◾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അറുത്തുമാറ്റിയ തലയുമായി കാളീക്ഷേത്രത്തില്‍ ഇരുന്ന യുവാവ് അറസ്റ്റില്‍. രക്തം പുരണ്ട കത്തിയുമായി ഭാര്യയുടെ തല മടിയില്‍ വെച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ഈ സമയം ഇവരുടെ രണ്ട് ആണ്‍മക്കളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലയിലെ ഗംഗാറാംപൂരിലാണ് സംഭവം.
◾ യുഎസ് മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുത്തു. സാമ്പത്തിക തകര്‍ച്ചയും ഇറാന്‍ യുദ്ധവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടിയായി. ഇതോടെ ട്രംപിന്റെ നിയമനിര്‍മ്മാണങ്ങള്‍ക്കും നയങ്ങള്‍ക്കും വലിയ തടസങ്ങള്‍ നേരിടേണ്ടിവരും.
◾ പ്രതിപക്ഷത്തിന്റെ എസ്ഐആര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായുള്ള പദയാത്രകള്‍ സജീവമാക്കി ബിജെപി. ഇന്നലെ നാല് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ പദയാത്രകള്‍ നടത്തി. രാഹുല്‍ ഗാന്ധി നയിക്കുന്നിടത്തോളം കോണ്‍ഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയില്‍ ആഞ്ഞടിച്ചു. പാര്‍ലമെന്‍ന്റിനുള്ളില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവര്‍ത്തിച്ചു.
◾ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണവുമായി കേന്ദ്രം. ഇന്ത്യയില്‍ അശാന്തി പടര്‍ത്തുന്നതിനായി വിദേശ എന്‍ജിഒകളില്‍നിന്നും ശത്രുരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബാഹ്യ ശൃംഖലകളില്‍നിന്നും നിയമവിരുദ്ധമായി സി.ജെ.പി പണം സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു.
◾ 2027 ലെ പൊതു അവധികള്‍ കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്തു. 2026 നവംബര്‍ മൂന്നിന് ചേര്‍ന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് 2027 ലെ അവധി ദിനങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്.
◾ വ്യാഴാഴ്ച രാവിലെ യൂറോപ്പിലുടനീളമുള്ള വിമാനങ്ങള്‍ക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി. സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിമാനങ്ങള്‍ അടിയന്തരമായി സുരക്ഷാ അകമ്പടിയോടെ നിലത്തിറക്കി. ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഭീഷണികള്‍ ഉയരുന്നത്.
◾ മുന്‍ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ അലന്‍ ജോണ്‍സ് അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച അലന്‍ ജോണ്‍സ് ഏറെക്കാലമായി അര്‍ബുദത്തോട് പോരാടുകയായിരുന്നു.
◾ അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ അധികാരപ്പോര് ശക്തമാകുന്നതായി റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സെനറ്റര്‍ ടെഡ് ക്രൂസ് തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഭാവി നേതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുകയാണ്.
◾ ഇറാന്‍ യുദ്ധത്തിന് പിന്നാലെ നടന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും എതിരെ അതൃപ്തി കടുക്കുന്നു. ഹെഗ്സേത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം പ്രസിഡന്റ് ട്രംപ് എറ്റെടുക്കാത്തതിലും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്.
◾ ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി ചെയര്‍മാന്‍ ഗാദി ഐസന്‍കോട്ടിനു പിന്തുണ പ്രഖ്യാപിച്ച് അറബ് പാര്‍ട്ടി സഖ്യം. ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുമെന്നും അറബ് പാര്‍ട്ടികള്‍ അറിയിച്ചു. ലിക്കുഡ് പാര്‍ട്ടി നേതാവും നിലവിലെ കാവല്‍ പ്രധാനമന്ത്രിയുമായ ബെന്യാമിന്‍ നെതന്യാഹുവിനു കടുത്ത ഭീഷണിയുയര്‍ത്തുന്ന തീരുമാനമാണിത്.
◾ സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചു കയറിയത്.
◾ ഡിസംബര്‍ 13-ന് നടക്കേണ്ട ഇന്ത്യാ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിന്റെ വേദി മാറ്റി ബിസിസിഐ. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോള്‍ 2360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി ഇന്നത്തെ വിലയെന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ?ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.
◾ ദീപാവലി ആഘോഷത്തില്‍ ഓഹരി വിപണി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ സൂചികകളിലുണ്ടായത് വന്‍ മുന്നേറ്റം. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ നിര്‍ണായക മാറ്റങ്ങളും ആഗോള സാമ്പത്തിക സൂചകങ്ങളുടെ അനുകൂല മുന്നേറ്റവും വിപണിയില്‍ പ്രതിഫലിച്ചു. 2009 പോയന്റ് നേട്ടത്തില്‍ സെന്‍സെക്‌സ് 79,310 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 576 പോയന്റ് ഉയര്‍ന്ന് 24,537 ലുമെത്തി. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ എട്ടു ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.
◾ ജനപ്രിയ ഗെയിമായ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയുടെ (BGMI) ഭാരം കുറഞ്ഞ പുതിയ പതിപ്പായ ബിജിഎംഐ എയര്‍ (BGMI Air) ഡിസംബര്‍ 10-ന് ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് ക്രാഫ്റ്റണ്‍ ഇന്ത്യ (Krafton India) പ്രഖ്യാപിച്ചു. ഗൂഗിള്‍ പ്ലേയില്‍ ഇതിനകം 1.4 കോടിയിലധികം പ്രീ-രജിസ്ട്രേഷനുകള്‍ ഗെയിമിന് ലഭിച്ചിട്ടുണ്ട്.നേരത്തെ 'ബിജിഎംഐ ലൈറ്റ്' എന്ന പേരില്‍ വിളിച്ചിരുന്ന ഈ ഗെയിമിനെ കഴിഞ്ഞ മാസമാണ് ക്രാഫ്റ്റണ്‍ 'ബിജിഎംഐ എയര്‍' എന്ന് പുനര്‍നാമകരണം ചെയ്തത്.
◾ രാജ്യത്തെ ഡിജിറ്റല്‍ കണക്റ്റിവിറ്റി കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി വെറും 15 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പായ്ക്ക് അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 24 മണിക്കൂര്‍ കാലയളവില്‍ അതിവേഗ 5ജി ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്. കൂടുതല്‍ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ റീചാര്‍ജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
◾ കന്നഡയിലെ സെന്‍സേഷണല്‍ സ്റ്റാര്‍ കോമള്‍ കുമാര്‍, മേഘ്ന രാജ് സര്‍ജ, അനുഷ റായ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്' എന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസര്‍ റിലീസായി. ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ചില്‍ മുതിര്‍ന്ന നടനും രാജ്യസഭാ എം.പിയുമായ ജഗ്ഗേഷ് പങ്കെടുത്തു.കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന 'സംഗീത ബാര്‍ ആന്‍ഡ് റെസ്റ്റോറന്റ്' എന്ന ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്കുശേഷം നടി മേഘ്ന രാജ് നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
◾ മ്യൂസിക് ഡയറക്ടര്‍ ജോണ്‍സണ്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ പ്രഥമ ജോണ്‍സണ്‍ അവാര്‍ഡ് പദ്മഭൂഷണ്‍ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബര്‍ 9 ന് തൃശൂരില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.
◾ ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം 'ഓം ചാപ്റ്റര്‍ 1: ഉധിരം- ദി ബ്ലഡ് വുഡ്' റിലീസിന് മുന്നോടിയായി വലിയ ചര്‍ച്ചയാകുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ഗ്ലിംപ്‌സ് വീഡിയോകള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ് കുമാര്‍ പെരിയസാമിയുടെ സംവിധാനത്തില്‍ നവംബര്‍ 20-നു ആഗോള പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വന്‍ ചാര്‍ട്ടിങ് വഴി തിയേറ്ററുകളില്‍ എത്തിക്കുന്നത്.
◾ ഹൃദയാഘാതസാധ്യത കൂട്ടുന്നതില്‍ എനര്‍ജി ഡ്രിങ്കുകളുടെ പങ്കിനേക്കുറിച്ച് നിരന്തരം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പുതിയ കണ്ടെത്തലും ഇത് വ്യക്തമാക്കുന്നതാണ്. കഫീന്‍ അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും ഉത്തേജക സപ്ലിമെന്റുകളും ചെറുപ്പക്കാരില്‍ കാര്‍ഡിയാക് അറസ്റ്റ്, ഹൃദയാഘാതം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നതായാണ് പഠനം പറയുന്നത്.
◾ ചെറുപ്പംമുതല്‍തന്നെ ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കണം. പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റുകളും വിറ്റമിനുകളും ധാരാളമുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പ്രായം, ആരോഗ്യസ്ഥിതി, മറ്റ് രോഗാവസ്ഥകള്‍ എന്നിവ മനസ്സിലാക്കിയാണ് ഭക്ഷണരീതി തീരുമാനിക്കേണ്ടത്. ശരീരത്തിന് വിവിധതരത്തിലുള്ള ഭക്ഷണങ്ങള്‍ ആവശ്യമാണ്. എന്നാല്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പ്രധാനമാണ്. ഒരേ ഭക്ഷണംതന്നെ വളരെക്കൂടുതല്‍ അളവ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാത്രമല്ല, ആമാശയത്തിന്റെ 70 ശതമാനം നിറയുന്നതുവരെയേ ഭക്ഷണം കഴിക്കാവൂ. ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞു, ഇമയനക്കാത്ത കണ്ണുകളും പതറാത്ത മനസ്സും വിജയത്തിലേക്കുള്ള ചവിട്ടു പടിയാണ്. അതിന് ഉത്തമമായ ഉദാഹരണമാണ് നെപ്പോളിയന്‍ ബോണാപ്പാര്‍ട്ട്. തന്റെ ഔദ്യോഗിക കാലഘട്ടങ്ങളില്‍ നെപ്പോളിയന്‍ താമസിച്ചിരുന്നത് ഒരു ഡാന്‍സ്ബാര്‍ നടക്കുന്ന കെട്ടിടത്തിന് മുകളില്‍ ആയിരുന്നു. ജോലികഴിഞ്ഞ് വരുമ്പോള്‍ പലപ്പോഴും അതിന്റെ ഉടമ അയാളോട് അവിടെ വന്ന് ആനന്ദിക്കാന്‍ പറയുമായിരുന്നു. പക്ഷേ അയാളുടെ മനസ്സിനെ ഫ്രഞ്ച് വിപ്ലവം കാര്‍ന്നു തിന്നിരുന്നു. അയാളുടെ ലക്ഷ്യം ഫ്രഞ്ച് വിപ്ലവം മാത്രമായിരുന്നു. ആ ലക്ഷ്യത്തില്‍ നിന്നും അയാള്‍ ഒരിക്കലും പിന്മാറിയിരുന്നില്ല. യുദ്ധതന്ത്രങ്ങളിലുള്ള അപാരമായ കഴിവ്, കാര്യങ്ങള്‍ പെട്ടെന്ന് പിടിച്ചെടുക്കാനുള്ള കൂര്‍മ്മബുദ്ധി, ഫലപ്രദമായി തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ്, സേനയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യുവാനുള്ള സന്നദ്ധത. ഇതെല്ലാം സേനയിലെ ഉയര്‍ന്ന റാങ്കുകള്‍ അയാളെ തേടിയെത്താന്‍ കാരണമായി. അങ്ങനെ 1804 മുതല്‍ 1814 വരെ ഫ്രാന്‍സിന്റെ ചക്രവര്‍ത്തിപദം അലങ്കരിച്ചു നെപ്പോളിയന്‍ ബോണാപ്പാര്‍ട്ട്. ചുറ്റുപാടുനിന്നും പലതരം വിമര്‍ശനങ്ങള്‍ നേരിടുന്നവരായിരിക്കും നിങ്ങള്‍, പല പ്രശ്‌നങ്ങളും നിങ്ങള്‍ക്കഭിമുഖമായി നില്‍ക്കുന്നുണ്ടായിരിക്കാം, എന്നാല്‍ പതറാത്ത മനസ്സുണ്ടെങ്കില്‍ തീര്‍ച്ചയായും വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും - ശുഭദിനം
Tags:
KERALA