2026 | നവംബര്‍ 6 | വെള്ളി
1202 | തുലാം 20 | അത്തം
◾ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സീറാം സാംബശിവറാവുവിനെ മാറ്റി. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അതൃപ്തിക്ക് പിന്നാലെയാണ് മാറ്റം. മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. അഡീഷണല്‍ കമ്മീഷണര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കി. ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് സ്‌പെഷല്‍ സെക്രട്ടറിയായാണ് സാംബശിവ റാവുവിന്പുതിയ നിയമനം നല്‍കിയിട്ടുള്ളത്.
◾ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കെഎസ്ഇബിയുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി നേരിട്ട് വൈദ്യുതി കരാര്‍ ഒപ്പിട്ടതില്‍ അഴിമതിയുണ്ടെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
◾ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാകും അന്വേഷണ ചുമതല. അതേസമയം തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടു.
◾ വിദേശയാത്ര അനുമതി തേടിയുള്ള ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നാണ് റിപ്പോര്‍ട്ട്. ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും കോടതിയില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. കള്ളം പറഞ്ഞാല്‍ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്.
◾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പാര്‍ട്ടി ഫണ്ടില്‍ ക്രമക്കേട് നടന്നതായി കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി. പി പി ദിവ്യയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത പി കെ കൃഷ്ണദാസിന്റെ നിലപാടിനെ അദ്ദേഹം തള്ളി. തനിക്ക് ഗവര്‍ണറാകാന്‍ പ്രായമായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ കോണ്‍ഗ്രസിനെ നാണംകെടുത്തിയ ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പ്. രമ്യാ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളുമായുള്ള കയ്യാങ്കളിയാണ് ഒത്തുതീര്‍പ്പിലെത്തിയത്. പാളയം പ്രദീപിന്റെയും എസ് സജാദിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രാദേശിക നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് രമ്യ ഹരിദാസും പാര്‍ട്ടിക്ക് ഉറപ്പ് നല്‍കി. കെപിസിസി നേതൃത്വത്തിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണ് രമ്യ ഹരിദാസ് പാര്‍ട്ടിക്ക് വഴങ്ങിയത്.
◾ ഡിബിഎഫ്ഒഒ കരാറുകള്‍ റദ്ദാക്കിയതിലൂടെ സംസ്ഥാനത്തുണ്ടായ കോടികളുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സോളാര്‍ പവര്‍ പ്രൊസ്യൂമേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്‍ നിയമനത്തിലെ ക്രമക്കേടുകളും മേല്‍ക്കൂര സോളാര്‍ ഉല്‍പ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന നടപടികളും തിരുത്തണമെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
◾ യു എസ് തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും നിലപാടുകള്‍ക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
◾ ശിവഗിരി മഠം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറല്‍ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുന്ന രീതിയിലായിരിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി.
◾ ദയാവധം വിധിക്കപ്പെട്ട കോടനാട്ടെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വന്‍താരയിലേക്ക് മാറ്റുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ആനയെ കൊണ്ടുപോകുന്നത്. അനന്ത് അംബാനിയുടെ ഇടപെടലിലൂടെയാണ് ഈ കുട്ടിയാനയ്ക്ക് പുതിയ ജീവന്‍ ലഭിക്കുന്നത്.
◾ ദില്ലിയിലും കേരളത്തിലും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വ്യത്യസ്ത നിലപാടുകളാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് എന്നിവരുമായി സഖ്യമുണ്ടാക്കുന്ന കോണ്‍ഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ കൊച്ചിയില്‍ യുവ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ് പറയുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തര്‍ക്കത്തിന് കാരണം. ആറ് കോടി രൂപ നല്‍കിയില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സംഭവം ഹണി ട്രാപ്പാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം ബന്ധുവായ യുവതി ഡോക്ടര്‍ ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ ഫോണ്‍ യുവതി പോലീസിന് കൈമാറിയതായാണ് വിവരം.
◾ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ മുഖ്യപ്രതി സുഹൈല്‍ സജീവിന് ഉടന്‍ ജാമ്യമില്ല. ബോധപൂര്‍വമുള്ള അപകടം അല്ലെന്ന സുഹൈലിന്റെ വാദം കോടതി തള്ളി. സുഹൈല്‍ ഒഴികെയുള്ള മറ്റു മൂന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. നവംബര്‍ പതിനാറിന് മാത്രമേ സുഹൈല്‍ സജീവിനെ ജാമ്യത്തില്‍ വിടുകയുള്ളൂ എന്നാണ് കോടതി വ്യക്തമാക്കിയത്.
◾ പാങ്ങപ്പാറയിലെ 17-കാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അഭിറാമിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നുവെന്ന് കസ്റ്റഡിയിലുള്ള ഐശ്വര്യയുടെ മൊഴി. രണ്ടാം പ്രതിയായ ഉമറിന്റെ പെണ്‍സുഹൃത്താണ് കേസില്‍ നാലാം പ്രതിയായ ഐശ്വര്യ.
◾ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാര്‍ട്ടി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മദ്യപാനി എന്ന് രാഹുല്‍ ഗാന്ധി വിളിച്ചതിന് പിന്നാലെയാണ് രാഹുലിനെതിരെ 'പപ്പു' പോസ്റ്ററുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ സഖ്യത്തിലെ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുകയാണ്.
◾ കര്‍ണാടകയില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാര്‍ജും കൂട്ടിയതോടെ ജനരോഷത്തില്‍ എരിയുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന സര്‍ക്കാര്‍ അതേ വീടുകളിലെ പുരുഷന്മാരില്‍ നിന്ന് പലിശയടക്കം ഈടാക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
◾ തിര. കമ്മിഷന്‍ ഐ.ടി വിഭാഗത്തിന്റെ ചുമതലയില്‍നിന്ന് മനീഷ് ഗാര്‍ഗിനെ ഒഴിവാക്കി; വകുപ്പിന്റെ നിയന്ത്രണം പവന്‍ കുമാര്‍ ശര്‍മയ്ക്ക്. സീനിയര്‍ ഉദ്യോഗസ്ഥനായ ഡോ. പവന്‍ കുമാര്‍ ശര്‍മയുടെ നിയന്ത്രണത്തിലായിരിക്കും ഐ.ടി വിഭാഗമെന്നും പവന്‍ കുമാര്‍ വഴിയാണ് സീമ ഖന്ന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് ഫയലുകള്‍ സമര്‍പ്പിക്കേണ്ടതെന്നും നവംബര്‍ നാലിലെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
◾ ഇസ്രായേലില്‍ 67 അംഗങ്ങളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ഗാഡി ഐസെന്‍കോട്ട് അവകാശവാദം ഉന്നയിച്ചു. എന്നാല്‍ അറബ്, വലതുപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതകള്‍ കാരണം സഖ്യസര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാണ്. ഞായറാഴ്ചയോടെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അന്തിമ തീരുമാനമെടുക്കും.
◾ സൗദി അറേബ്യയിലെ മദീന ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഹൂതികള്‍. ഹൂതി ഭീകരര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമസേന വിജയകരമായി തകര്‍ത്തു.
Tags:
KERALA