2026 നവംബര്‍ 5 | വ്യാഴം
1202 തുലാം 19 | ഉത്രം
1448 ജ : അവ്വൽ 24
◾ അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേര്‍ത്തു. ഇവര്‍ക്കെതിരെ അതിക്രമിച്ചു കയറല്‍ വകുപ്പ് കൂടി കേസില്‍ ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫെന്നി നൈനാന്‍, നെസ്മല്‍, അബിന്‍ ശിവദാസ് എന്നിവരും കേസിലെ പ്രതികളാണ്.
◾ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കടത്തിലൂടെ സമ്പാദിച്ച 40 പേരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്ന് നോഡല്‍ ഓഫീസര്‍ ഐ.ജി. പുട്ട വിമലാദിത്യ. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2,500-ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഐ.ജി. പറഞ്ഞു.
◾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ ആവശ്യങ്ങള്‍ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ വിവരങ്ങള്‍ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു.
◾ സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടില്‍ മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍. ജിഎന്‍എ കരാറിലെ നഷ്ടം സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടുകള്‍ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകള്‍ അടങ്ങിയ ഫയലുകള്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോ എന്നും ഫെഡറേഷന്‍ ചോദിച്ചു.
◾ അടൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയകൃഷ്ണന്‍ പള്ളിക്കലിന് കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും സ്റ്റേഷനുള്ളിലെ സംഭവങ്ങളില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
◾ മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങള്‍ ആണെന്നും കോണ്‍?ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
◾ ചേരാനല്ലൂര്‍ ബെന്‍സ് അപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്കെതിരെ മൊഴി നല്‍കി . ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നല്‍കിയത്. കേസിലെ പ്രതിയായ 17 കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകള്‍ നശിപ്പിച്ചു എന്നാണ് ഭദ്രകീര്‍ത്തിയുടെ പരാതി. സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചുവെന്ന് ഭദ്രകീര്‍ത്തി പറഞ്ഞു.
◾ നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. വനം - വന്യ ജീവി സംരക്ഷണത്തെ കുറിച്ച് സര്‍ഗാത്മകവും സാംസ്‌കാരികവുമായ പ്രചരണത്തിനുവേണ്ടിയാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെ നിയോഗിക്കുന്നതെന്ന് വനം വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെ മന്ത്രി ഷിബു ബേബി ജോണ്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
◾ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഒരേകാര്യം ആവര്‍ത്തിക്കുകയാണെന്ന് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ സമര നേതാവായ വളര്‍മതി. 1 : 25 റേഷ്യോ അംഗീകരിക്കാനാവില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും അധ്യാപക-വിദ്യാര്‍ത്ഥി റേഷ്യോ കുറച്ച് നടപ്പിലാക്കണം. സര്‍ക്കാരിന്റെ കര്‍ത്തവ്യമാണതെന്നും വളര്‍മതി ആവശ്യപ്പെട്ടു.
◾ കോവളത്തെ സ്പായില്‍ ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയെ നിരവധി പേര്‍ പീഡിപ്പിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അഞ്ചാം പ്രതി അനുരൂപിനെ തെളിവെടുപ്പിനെത്തിച്ചു. കോര്‍പ്പറേഷന്റെ ഉള്ളൂര്‍ സോണലിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ബിനാമികളുടെ പേരില്‍ കോവളത്തെ 'ഡ്രീംസ്' സ്പായുടെ നടത്തിപ്പുകാരനുമായ് പൂവാര്‍ അരുമാനൂര്‍ സ്വദേശിയായ അനുരൂപിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെ തെളിവെടുപ്പിനെത്തിച്ചത്.
◾ വിവാദമായ പയ്യോളി പോക്സോ കേസിലെ പ്രതി അബ്ദുല്‍ റഫീഖിനെ കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റഫീഖിനെ പൊലീസ് പിടികൂടിയത്.
◾ സംസ്ഥാനത്തെ റോഡ് അപകട മരണങ്ങള്‍ കുറയ്ക്കാന്‍ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടന്‍ മമ്മൂട്ടിയെ പ്രഖ്യാപിച്ച് ഗതാഗതമന്ത്രി സി പി ജോണ്‍. സംസ്ഥാനത്തെ റോഡ് അപകട മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷന്റെ ലക്ഷ്യം.
◾ റോഡുകളില്‍ അപകടമരണങ്ങള്‍ കൂടുന്നതില്‍ യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റോഡപകടങ്ങള്‍ തടയാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം കൊണ്ടുവരാനും ശക്തമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നുവെന്നും അന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തവരാണ് യുഡിഎഫ് എന്നും അദ്ദേഹം ആരോപിച്ചു.
◾ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലുംപ്പെട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുകയായിരുന്ന യുവാവ് മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പയ്യോളി കടപ്പുറത്താണ് സംഭവം. പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം എള്ളുവളപ്പില്‍ അനല്‍ (19) ആണ് മരിച്ചത്.
◾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതിയെ തട്ടികൊണ്ടുപോയി. അതേസമയം തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത് യുവതിയും ഭര്‍ത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരില്‍ സ്വര്‍ണവുമായി എത്തിയ പ്രിയങ്കയെ ബലമായി കയറ്റികൊണ്ടുപോയത് ഭര്‍ത്താവ് തന്നെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണം കവര്‍ച്ച ചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. പിന്തുടര്‍ന്ന പൊലീസ് സംഘം ഇവരെ പിടികൂടി. കണ്ണൂര്‍ സ്വദേശി പ്രിയങ്ക, ഭര്‍ത്താവ് റിനീഷ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.
◾ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുന്‍ സര്‍ക്കാരും എല്‍നിനോ പ്രതിസന്ധിയുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വൈദ്യുതി പ്രതിസന്ധി മുന്‍ സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടില്ലെന്നും ലോങ് ടേം എഗ്രിമെന്റ് വച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരുന്ന ആലുവ മാര്‍ത്താണ്ഡവര്‍മ്മ പഴയപാലം ഇന്ന് രാവിലെ ആറുമണി മുതല്‍ പാലം ഗതാഗതത്തിന് സജ്ജമാകുമെന്ന് അന്‍വര്‍ സാദത്ത് അന്‍വര്‍ സാദത്ത് എം.എല്‍.എ. 10 ദിവസത്തെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണ് പാലം അടച്ചിരുന്നത്.
◾ അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. നീരജ് എന്ന 15-കാരന്റെ ആത്മഹത്യയില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ച ദിവസം ആരോ ഫോണ്‍ വിളിച്ച് നീരജിനെ വീട്ടില്‍ നിന്ന് ഇറക്കിയിരുന്നെന്നും പിന്നീട് മടങ്ങി എത്തുമ്പോള്‍ വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നു സുഹൃത്ത് പറഞ്ഞതായും ബന്ധുക്കള്‍ വെളിപ്പെടുത്തി.
◾ ആറുമാസം പ്രായമുള്ള ആണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കട്ടപ്പന പോലീസ് മൂന്നു മറുനാടന്‍ തെഴിലാളികളേയും ഒരു ഇടനിലക്കാരനേയും അറസ്റ്റ് ചെയ്തു. പണത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ പ്രതികള്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതാണെന്നും അതിനാലാണ് താന്‍ ഇടനില നിന്നതെന്നും ഇടനിലക്കാരനായ ജാഡു ഗോഗി പോലീസിന് മൊഴി നല്‍കി. രണ്ടര ലക്ഷം രൂപക്കാണ് പ്രതികള്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്.
◾ കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി ബസ് നിരക്കുകള്‍ നവംബര്‍ 5 മുതല്‍ കുത്തനെ വര്‍ധിക്കും. ബെംഗളൂരുവില്‍ 35 ശതമാനവും മറ്റിടങ്ങളില്‍ 23 ശതമാനവുമാണ് നിരക്ക് ഉയരുന്നത്. സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കിലും സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര തുടരും.
◾ യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഗ്നിപഥ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. നാല് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന 75 ശതമാനം അഗ്നിവീറുകള്‍ക്കും രണ്ട് വര്‍ഷം കൂടി തുടരാന്‍ അനുമതി നല്‍കി. ഈ തീരുമാനത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പുകളാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
◾ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയില്‍ മറുപടിയുമായി ഹിമന്ത ബിശ്വ ശര്‍മ. ബിജെപിക്ക് പാര്‍ലമെന്റില്‍ സംവാദം നടക്കണം എന്നാണ് താല്‍പര്യം, എന്നാല്‍ തെരുവില്‍ വേണമെന്നാണ് രാഹുല്‍ പറയുന്നത്. ബോഫേഴ്സ് മുതല്‍ എല്ലാ വിഷയത്തിലും ചര്‍ച്ച നടക്കട്ടെ, മോദിയും ഷായും മറുപടി നല്‍കുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
◾ ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാതിരുന്ന എണ്‍പതിലധികം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്തു. നിര്‍ദേശം ലംഘിച്ച് റാലിയില്‍ നിന്ന് വിട്ടുനിന്ന വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ക്കെതിരെയാണ് നടപടി. വരും ദിവസങ്ങളില്‍ നടപടി നേരിടുന്നവരുടെ എണ്ണം 500 വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
◾ അമേരിക്കന്‍ ജനത യുദ്ധത്തെ തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ആ സന്ദേശത്തെ ഇറാന്‍ പിന്തുണയ്ക്കുന്നുവെന്നും ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. വിദേശ സാമ്പത്തിക ശക്തികള്‍ക്കുവേണ്ടി സ്വന്തം ജനതയുടെ ആഗ്രഹത്തിന് വിരുദ്ധമായി യു.എസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുപ്പമേറിയതും ഭീതിജനകവുമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഒക്ടോബര്‍ 27ന് നടന്ന ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി ഏറ്റുവാങ്ങി പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സെന്‍ട്രല്‍ ഇലക്ഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നോം സോള്‍ബെര്‍ഗില്‍ നിന്നാണ് ഇസ്രയേല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സ്വീകരിച്ചത്.
◾ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാനിയന്‍ പാര്‍ലമെന്റ് അംഗം. ഇന്ത്യയില്‍ നിന്നുള്ള മരുന്ന് വിതരണം സുഗമമാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
◾ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉണ്ടായ തിരിച്ചടി ഇന്ത്യയ്ക്ക് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷകള്‍. ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിലും വ്യാപാര കരാറില്‍ യുഎസ് ചെലുത്തിയ സമ്മര്‍ദ്ദത്തിലും ഇളവ് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ നയങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇടയാക്കിയേക്കും.പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ സൗഹൃദ രാജ്യങ്ങളോട് നീതിപുലര്‍ത്തുമെന്നാണ് ഇന്ത്യയുടെ വിശ്വാസം.
◾ ഇടക്കാല തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് എതിരെയുണ്ടായ സമാനമായ ഒരു തരംഗം ഇന്ത്യയിലും ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രതികരിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കാന്‍ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് അയക്കണമെന്നും അവര്‍ പരിഹസിച്ചു.
◾ മൊഹാലിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ എട്ട് ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. വ്യാഴാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും.
◾ മഴ കാരണം മത്സരം രണ്ടു തവണ തടസപ്പെട്ട ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറില്‍ 185 റണ്‍സിന് ഓള്‍ഔട്ടായി. മഴ കാരണം വിജയലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ 22.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.
◾ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി. ചേസിംഗില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത കോലി, അന്താരാഷ്ട്ര ഏകദിനത്തില്‍ മൂന്നാം നമ്പറില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി.
◾ കമ്മോഡിറ്റി വിപണിയില്‍ വന്‍ കുതിപ്പു നടത്തിയ വെള്ളിയില്‍ ഈയിടെയുണ്ടായ ഇടിവ് നിക്ഷേപകരെ കനത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 122 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍നിന്ന് 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. 2025-ല്‍ 170 ശതമാനവും 2026 ജനുവരിയില്‍ മാത്രം 71 ശതമാനവും നേട്ടമുണ്ടാക്കിയശേഷമാണ് ഈ അപ്രതീക്ഷിത വീഴ്ച. ഈ വര്‍ഷം തുടക്കത്തില്‍ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്ന വിപണി, പലിശ വര്‍ധിച്ചേക്കാം എന്ന നിഗമനത്തിലേക്ക് മാറി. ഉയര്‍ന്ന പലിശ വെള്ളിയെ ബാധിച്ചു.
◾ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (AICWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍, വെടിവെപ്പുകള്‍, ഭീഷണിപ്പെടുത്തി പണംതട്ടല്‍ ശ്രമങ്ങള്‍ എന്നിവയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാം ലാല്‍ ഗുപ്തയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
◾ അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി Deux' ട്രെയിലര്‍ പുറത്ത്. അതിഗംഭീര ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലര്‍ അടിവരയിടുന്നുണ്ട്.നവംബര്‍ 19 - നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ജെന്‍ - സി വൈബിലാണ്, 2012-ല്‍ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷന്‍ ചിത്രം 'ബാച്ച്‌ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്.
◾ നടന്‍ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മ ശോഭാ ചന്ദ്രശേഖറും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. വിജയ്യുടെ ബന്ധുവും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കീര്‍ത്തന സുന്ദര്‍ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങില്‍ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും.
◾ അമിതമായി സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും മാനസിക സമ്മര്‍ദം തോന്നുമ്പോഴും മനസറിയാതെ, വയററിയാതെ ഒരുപാട് ഭക്ഷണം ഇരുന്ന് കഴിക്കാന്‍ തോന്നുന്ന അവസ്ഥയാണ് ഇമോഷണല്‍ ഈറ്റിംഗ്. സമ്മര്‍ദം മാറ്റാന്‍ എന്തെങ്കിലും കൊറിക്കാനെടുക്കുന്നതിന് മുമ്പ് വെറുതെ ഒരു അഞ്ച് മിനിറ്റ് ഓഫിസിലോ പരിസരത്തോ സ്വന്തം മുറിയിലോ നടക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്നിട്ടും വിശപ്പ് തോന്നുന്നുവെങ്കില്‍ മാത്രം എന്തെങ്കിലും കഴിക്കാനെടുക്കുക.മനസറിയാതെ കഴിക്കുന്നതിന് പകരം സമയമെടുത്ത് ഓരോ സ്പൂണും ആസ്വദിച്ച് കഴിക്കുക. വയര്‍ മുഴുവനായി നിറയുന്നതിന് മുമ്പ് നിര്‍ത്താന്‍ ശ്രമിച്ചുനോക്കുക.ആവശ്യത്തിന് ഉറങ്ങാതെ, ആ ക്ഷീണം പരിഹരിക്കാന്‍ കോഫിയും മറ്റ് മധുരപലഹാരങ്ങളും കഴിക്കുക എന്നത് വലിയൊരു തെറ്റാണ്. സമയം കിട്ടുന്ന മുറയ്ക്ക് ക്ഷീണമകറ്റാന്‍ ഒരു പവര്‍ നാപ്പെങ്കിലും എടുക്കുക.
◾ വിറയല്‍, പേശികളുടെ മുറുക്കം, ചലനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന നാഡീവ്യൂഹ സംബന്ധിയായ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍, നമ്മുടെ കുടലില്‍ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് കേരളത്തിലെ തിരഞ്ഞെടുത്ത രോഗികളില്‍ നടത്തിയ പുതിയ പഠനം പറയുന്നു. ആഗോള തലത്തിലെ പ്രമുഖ സയന്റിഫിക് ജേര്‍ണലായ NJP പാര്‍ക്കിന്‍സണ്‍സ് ഡിസീസിലാണ് (ശാസ്ത്രത്തിലെ ഏറ്റവും വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നേച്ചര്‍ ഗ്രൂപ്പിന്റെ, പാര്‍ക്കിന്‍സണ്‍ രോഗവുമായി ബന്ധപ്പെട്ട ശാസ്ത്ര ജേര്‍ണല്‍ ) ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
വീടുകള്‍ തോറും കയറിയിറങ്ങി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വില്‍പനക്കാരന്റെ മകന്‍. 6 മക്കളെ വളര്‍ത്താന്‍ ഇവയൊന്നും തികയാത്തതുകൊണ്ട് അവന്റെ മാതാവ് ചോളപ്പാടങ്ങില്‍ ജോലി ചെയ്തു. കുറച്ച് വളര്‍ന്നപ്പോള്‍ കോഴികളെ വളര്‍ത്തി മാതാപിതാക്കള്‍ക്ക് ഒരു താങ്ങാവാന്‍ ഒരു ശ്രമവും അവന്‍ നടത്തി. ദാരിദ്രം, തനിക്ക് കിട്ടുന്ന ഓരോ നാണയത്തുട്ടുകളേയും സൂക്ഷിച്ച് വെയ്ക്കാന്‍ അവനെ പ്രേരിപ്പിച്ചു. അങ്ങനെ, ഉറുമ്പ് അരിമണി ശേഖരിക്കുന്നതുപോലെ ഓരോ നാണയത്തുട്ടും എടുത്ത് വെച്ച് അവന്‍ 50 ഡോളറിന് ഉടമയായി. 50 ഡോളര്‍ ചിലവഴിക്കാന്‍ ആ കൗമാരക്കാരന് ഏറെ പ്രലോഭനങ്ങള്‍ ഉണ്ടായിട്ടും അതിനെയെല്ലാം അവന്‍ അതിജീവിച്ചു. ഈ 50 ഡോളര്‍ എങ്ങിനെ ഇരട്ടിപ്പിക്കാം എന്നവന്‍ ചിന്തിച്ചു. ഒരു പലചരക്ക് കടയില്‍ ഈ തുക പലിശയ്ക്ക നല്‍കി കൂടുതല്‍ പണം നേടി. 16-ാം വയസ്സില്‍ ഒരു ബുക്ക് കീപ്പറായി ജോലി ലഭിച്ച അയാള്‍ക്ക് രണ്ട് ആഗ്രഹങ്ങള്‍ ഉണ്ടായി. തനിക്ക് നൂറായിരം ഡോളര്‍ സമ്പാദിക്കണം, പിന്നെ നൂറ് വയസ്സ് വരെ ജീവിക്കണം. മണ്ണെണ്ണ വിളക്കിന്റെഓ, 0pപ്രകാശത്തിനപ്പുറം വരാന്‍ പോകുന്ന വലിയൊരു സാധ്യത അയാളുടെ മനസ്സില്‍ മിന്നി. അങ്ങനെ 1970 ല്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം സ്റ്റാന്റേര്‍ഡ് ഓയില്‍ എന്ന കമ്പനി സ്ഥാപിച്ചു. അമേരിക്ക ഉയരങ്ങളിലേക്ക് കുതിക്കുകയും, നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെ സ്റ്റാന്റേര്‍ഡും സ്വയം വളര്‍ന്നു. ഒടുവില്‍ അമേരിക്കയുടെ 90% ഓയില്‍ വ്യവസായവും സ്റ്റാന്റേര്‍ഡിന്റെ ഉടമസ്ഥതയിലായി. ആ സമയത്ത് ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയും അവരുടേതായിരുന്നു. അങ്ങനെ 29-ാം വയസ്സില്‍ അമേരിക്കയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി റോക്ക്‌ഫെല്ലര്‍. നൂറായിരം ഡോളര്‍ സ്വപ്നം കണ്ട ആ മനുഷ്യന്‍ ഒരു മില്ല്യണ്‍ ഡോളറിനപ്പുറം സമ്പാദിച്ചു. നേട്ടങ്ങള്‍ കൈവരിക്കാന്‍ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി. 1. കത്തിജ്വലിക്കുന്ന ആഗ്രഹം 2. തീരുമാനമെടുക്കുവാനുള്ള കഴിവ് 3. തീരുമാനം നടപ്പിലാക്കുവാനുള്ള നിശ്ചയദാര്‍ഢ്യം 4. കാര്യക്ഷമമായി അച്ചടക്കത്തോടെ ഇവ പ്രാവര്‍ത്തികമാക്കല്‍ - ശുഭദിനം.
Tags:
KERALA